ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്, തീവ്രവാദം, ഏഷ്യാപസഫിക് വിഷയങ്ങളില്‍ ഇന്ത്യ-റഷ്യ 2+2 മന്ത്രിതല ചര്‍ച്ച തുടങ്ങി. ഇരുരാജ്യങ്ങള്‍ക്കും താല്പര്യമുള്ള രാഷ്ട്രീയ, പ്രതിരോധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കൂട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍, തീവ്രവാദം എന്നീ വിഷയങ്ങള്‍ പ്രത്യേകം ചര്‍ച്ചാവിഷയമായി. ലഷ്കര്‍ ഇ ത്വയിബ, ജെയ്ഷ് എ മുഹമ്മദ് എന്നീ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുള്ള തീവ്രവാദവും ചര്‍ച്ച ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി വിദേശകാര്യമന്ത്രി ജയശങ്കറും പ്രതിരോധമന്തി രാജ്നാഥ് സിങും പങ്കെടുത്തപ്പോള്‍ റഷ്യയ്ക്ക് വേണ്ടി വിദേശകാര്യമന്ത്രി സെര്‍ഗി ലവ്റോവും പ്രതിരോധമന്ത്രി സെര്‍ഗി ഷോയ്ഗുവും പങ്കെടുത്തു. ‘റഷ്യയുമായി സവിശേഷമായ തന്ത്രപരപങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നു. റഷ്യയിലെ പ്രതിരോധമന്ത്രി ജനറല്‍ സെര്‍ഗി ഷൊയ്ഗുവുമായി ദല്‍ഹിയില്‍ പ്രതിരോധസഹകരണത്തെക്കുറിച്ച് ഫലപ്രദമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു,’ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
‘റഷ്യയുടെ ഉറച്ച പിന്തുണ ഇന്ത്യ അങ്ങേയറ്റം വിലമതിക്കുന്നു. ഞങ്ങളുടെ സഹകരണം ഈ മേഖലയ്ക്കാകെ സമാധാനവും പുരോഗതിയും സുസ്ഥിരതയും കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലഘു ആയുധങ്ങളിലും സൈനിക സഹകരണത്തിലും ഒരു പിടി കരാറുകളും സഹകരണവും ഒപ്പുവെച്ചതില്‍ സന്തോഷം’ -പ്രതിരോധമന്ത്രിയുടെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.
‘വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്ത് റഷ്യ ഇന്ത്യയുടെ പ്രധാനപങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈയിടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വലിയ തോതില്‍ പുരോഗമിച്ചു,’- രാജ്നാഥ് സിങ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
‘അമിതമായി കേന്ദ്രീകരണസ്വാഭാവമുള്ള ആഗോളവല്ക്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. പുതിയ വെല്ലുവിളികളുടെ കൂട്ടത്തില്‍ ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം എന്നിവ ഉള്‍പ്പെടുന്നു,’ – വിദേശകാര്യമന്ത്രി ജയശങ്കര്‍ പറയുന്നു.
ഉഭയകക്ഷി സഹകരണത്തിലും ആഗോള സാഹചര്യത്തിലും നല്ല ചര്‍ച്ച ഭാവിയില്‍ പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രി ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: