ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ വാങ്ങുന്നതിന് ധാരണപത്രം ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍. ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായകതീരുമാനങ്ങളുണ്ടായത്. കലാഷ്നിക്കോവ് സീരിസിലെ തോക്കുകള്‍ കൈമാറാനുള്ള കരാറില്‍ ഭേദഗതി വരുത്താനും തീരുമാനമായി. റഷ്യന്‍ പ്രതിരോധമന്ത്രി സര്‍ജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങള്‍ മധ്യേഷയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍, സമുദ്രസുരക്ഷ, തീവ്രവാദ ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇതിനു പുറമെ വ്യാപാര, ഊര്‍ജ്ജ, സാങ്കേതികവിദ്യ മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. റഷ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ ഇരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് കൈമാറും. പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
ഇന്ത്യയും റഷ്യയും തമ്മില്‍ 5000 കോടിയുടെ പദ്ധതിക്കാണ് ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ഏറ്റവും സുപ്രധാനമായ തൂണുകളാണ് പ്രതിരോധന മേഖലയിലെ സഹകരണമെന്നും അതില്‍ റഷ്യ നല്കുന്ന ശക്തമായ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു. എകെ 47 തോക്കിന്റെ മറ്റൊരു പതിപ്പാണ് കലാഷ്നികോവിന്റെ എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ കൈയിലുള്ള ഇന്‍സാസ് തോക്കുകള്‍ക്ക് പകരം ആയിട്ടായിരിക്കും എകെ203 ഉപയോഗിക്കുന്നത്. ഒരു മിനിറ്റില്‍ 600 വെടിയുണ്ടകളെ ഉതിര്‍ക്കാനുള്ള ശേഷി എകെ 203നുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും ഒളിച്ചിരുന്ന് സുരക്ഷാസേനയെ ആക്രമിക്കുന്ന ഭീകരരെ നേരിടാന്‍ എകെ 203 തോക്കുള് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: