ന്യൂദല്‍ഹി: നാഗാലന്‍ഡില്‍ സൈന്യത്തിന്റെ വെടിയേറ്റ് 14 ഗ്രാമീണര്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വെടിവയ്പിനെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അദേഹം പറഞ്ഞു.
സംഭവത്തില്‍ സൈന്യം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സംഭവം അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറേയും താന്‍ ബന്ധപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയെന്നൂം അമിത് ഷാ അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടാനിടയായതില് സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
മോണ്‍ ജില്ലയിലെ ഓട്ടിംഗില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 21 പാരാമിലിറ്ററി കമാന്‍ഡോകള്‍ സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഒരു വാഹനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ചുപോയി. ആ വാഹനത്തില്‍ തീവ്രവാദികളുണ്ടെന്ന സംശയത്തിലാണ് വെടിവയ്പ് നടത്തിയതെന്ന് അമിത് ഷാ ലോക്സഭയില്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു.
വാഹനത്തിലുണ്ടായിരുന്ന എട്ടില്‍ ആറു പേരും കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സൈന്യം തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കൊല്ലപ്പെട്ടത് ഗ്രാമീണരാണെന്ന് പിന്നീടാണ് സൈന്യം തിരിച്ചറിഞ്ഞത്. ഈ വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആര്‍മി യൂണിറ്റ് വളയുകയും രണ്ട് വാഹനങ്ങള്‍ തീയിടുകയും അവരെ ആക്രമിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: