പയ്യന്നൂര്‍: കേരളത്തിന്റെ തനത് കലാരൂപമായ കഥകളിപോലുള്ള കലാരൂപങ്ങളോട് കേരള സമൂഹം പൊതുവെ വിമുഖത കാട്ടുമ്പോള്‍ അതിനെ സംരക്ഷിക്കാനും ജനകീയ കലയാക്കി വളര്‍ത്താനും തനിമ കെടാതെ സൂക്ഷിക്കുവാനുമുള്ള കഠിനശ്രമത്തിലാണ് ഡോ. അനില്‍ പുത്തലത്ത് എന്ന അനുഗ്രഹീത കലാകാരന്.
പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പുത്തലത്ത് അനിലിന്റെ ഒരേയൊരാഗ്രഹം കഥകളി നടനാവുക എന്നത് മാത്രമായിരുന്നു. സഹപാഠികളും സുഹൃത്തുക്കളുമെല്ലാം മറ്റ് പലവിധ ആഗ്രഹങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പിറകെ പോയപ്പോഴും കഷ്ടപ്പാടുകള്‍ നിറഞ്ഞ വഴികളിലൂടെ കളിവിളക്കിന്റെ വെട്ടം ലക്ഷ്യമാക്കി നടക്കുകയായിരുന്നു അനില്‍. കളിയരങ്ങില്‍ നിറഞ്ഞാടിയ കഥകളിവേഷം കാണാന്‍ ഉത്സവപ്പറമ്പുകള്‍ തോറും അലഞ്ഞ ബാല്യവും ജീവിക്കാന്‍ പല ജോലികളും ചെയ്തകാലവും പിന്നിട്ട് ഈ യുവാവ് അറിയപ്പെടുന്ന കഥകളി വേഷക്കാരനായി മാറി.
ചുവന്ന താടി, കരി, പച്ച, കത്തി തുടങ്ങിയ വേഷങ്ങളെല്ലാം ചെയ്തു. ബകന്, ദുശ്ശാസനന്, ഭീമന്, രൗദ്ര ഭീമന്, രാവണന്, അര്ജുനന്, ബാലി, കാട്ടാളന് തുടങ്ങി അനില്‍ കെട്ടിയ വേഷങ്ങളും ആടിയ അരങ്ങുകളുമേറെയാണ്. ചുവന്ന താടിയില്‍ പ്രധാനമായ ബകന്റെ വേഷം മാത്രം മുന്നൂറിലധികം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ കൂടാതെ ലക്ഷദ്വീപിലടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഡോ. അനില്‍ പുത്തലത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
2008-ല്‍ ഏഷ്യയില്‍ ആദ്യമായി നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വേദിയില്‍ കഥകളി അവതരിപ്പിച്ചത് അനിലിന്റ നേതൃത്വത്തിലുള്ള സംഘമാണ്. അതുപോലെ റിപ്പബ്ലിക് ദിന പരേഡിനും ഏഷ്യന്‍ രാജ്യങ്ങളിലെ ബാങ്ക് ഗവര്‍ണേസ് യോഗത്തില്‍ കഥകളി അവതരിപ്പിച്ചത് അനിലും സംഘവുമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ദല്‍ഹിയില്‍ നടന്നപ്പോള്‍ അവിടെയും കഥകളി, തിരുവാതിരക്കളി, ഒപ്പന, തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിച്ചത് അനിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
വി.കെ. കുഞ്ഞമ്പു പൊതുവാളിന്റെയും പുത്തലത്ത് കാര്‍ത്ത്യായനിയമ്മയുടെയും മകനായി പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് അനില്‍ ജനിച്ചത്. കൂലിപ്പണിക്കാരനായ കുഞ്ഞമ്പു പൊതുവാള് നാട്ടില്‍ കൂലിപ്പണി ഇല്ലാതായപ്പോള്‍ കഥകളിക്കോപ്പുകളുമായി കഥകളിക്ക് പോവുമായിരുന്നു. ഒരു തവണ അനിലിനെയും ഒപ്പം കൂട്ടി. അന്നു മുതലാണ് കഥകളി വേഷങ്ങളോട് ഭ്രമം തോന്നിയതെന്ന് അനില്‍ പറഞ്ഞു. എന്നാല്‍ 18-ാം വയസ്സിലാണ് അനില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങുന്നത്.
സ്കൂള്‍ പഠനകാലത്ത് യുവജനോത്സവത്തില്‍ നാടകം അഭിനയിച്ച് സംസ്ഥാന തലത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അക്കാലത്ത് പ്രസിദ്ധമായിരുന്ന കലോദയം കളരി കഥകളിയോഗം ആശാനായിരുന്ന ഗുരുചന്തുപണിക്കരുടെ പ്രഥമ ശിഷ്യനായിരുന്ന സ്വാമി കണ്ണമാരാര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന പി.വി. കുഞ്ഞിക്കണ്ണമാരാര്‍ ആശാന്റെ കീഴില്‍ മൂന്നു വര്‍ഷം ചിട്ടയായ കഥകളി പഠനം. തുടര്‍ന്ന് ലവണാസുരവധം കഥയിലെ ഹനുമാനായി അരങ്ങേറ്റം കുറിച്ചു.
ആശാന്റെ നിര്‍ദ്ദേശപ്രകാരം ആശാ ന് തന്നെ പറശ്ശിനി ശ്രീ മുത്തപ്പന് കഥകളിയോഗത്തില്‍ ചേര്‍ത്തു. അവിടെ നാട്യാചാര്യന് കാനാ കണ്ണന് നായരാശാന്റെയും ഗുരു സദനം രാമന്‍കുട്ടി നായര്‍ ആശാന്റെയും കീഴില്‍ 10 വര്‍ഷം കഥകളി അഭ്യസിച്ചു. പഠിക്കുന്ന കാലത്ത് രാമന്‍കുട്ടി ആശാന്റെ നിര്‍ദ്ദേശപ്രകാരം താടി വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒന്നാംതരം താടി വേഷക്കാരനായി മാറുകയും ചെയ്തു. കഥകളിക്കുള്ള കേന്ദ്ര സീനിയര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് 2019 ല്‍ ലഭിച്ചു. 2020-ല്‍ യൂണിവേഴ്സിറ്റി ഓഫ് ന്യൂ ജെറുസിലൈം മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റല്‍ വെല്ലൂര്‍ ചെന്നെയില്‍ നിന്നും കഥകളി ആര്‍ട്ടിസ്റ്റ് ഡോക്ടറേറ്റ് നേടി. ഇന്ത്യയിലും വിദേശങ്ങിളിലും കഥകളി അവതരിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് സോണുകള്‍ക്ക് വേണ്ടി നിരവധി തവണ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഉദയ്പൂര്‍ മല്‍ഹാര്‍ ക്ലാസ്സിക് നൃത്തോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ ഗവര്‍ണര്‍ പ്രത്യേകം പ്രശംസിച്ച് പൊന്നാടയണിയിച്ച് ആദരിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവനിലും പ്രധാനമന്തി മന്ദിരത്തിലും കഥകളി അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയ ഇദ്ദേഹം ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വന്നപ്പോഴും കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
പത്മശ്രീ തിക്കുറുശ്ശി പുരസ്കാരം, കിറ്റൂര്‍ റാണി പുരസ്കാരം-ബല്‍ഗാം, തഞ്ചാവൂര്‍ പെരിയ കോവില്‍ പുരസ്കാരം, കേന്ദ്ര ഗവണ്മെന്റിന്റെ പ്രൊഡക്ഷന്‍ ഗ്രാന്റ് അവാര്‍ഡ്, ആഫ്ത പരിഷത്തിന്റെ കാലാപരിഷത്ത് കലാ-പുരസ്കാരം നാഷണല്‍ അവാര്‍ഡ് ന്യൂദല്‍ഹി തുടങ്ങി ചെറുതും വലുതുമായി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ഈ അനുഗ്രഹീത കലാകാരന്.
കഥകളി രംഗം കൂടാതെ ചെണ്ടമേളം, പയ്യന്നൂര്‍ കോല്‍ക്കളി, നാടകരംഗങ്ങളില്‍ വളരെ സജീവമായ ഇദ്ദേഹം ഡോക്യുമെന്റ് സംവിധായകനും നല്ലൊരു കോറിയോഗ്രാഫറുമാണ്. ഇന്ത്യയിലും വിദേശങ്ങളിലും കഥകളി അവതരിപ്പിച്ച് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അനില്‍ പുത്തലത്ത് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ബാഗ്ലൂര് ഗസ്റ്റലക്ചര് പദവി വഹിക്കുന്നു. കൂടാതെ, ഭാരത സര്‍ക്കാറിന്റെ കീഴിലുള്ള സോങ്ങ് ആന്റ് ഡ്രാമ ഡിവിഷന് എം പാനല്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ്, ഓള് ഇന്ത്യാ ക്ലാസിക്കല്‍, ഫോക് ആന്റ് ട്രൈബല്‍ ആര്‍ട്ട് കലാ പരിഷത്തിന്റെ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍, ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ഗ്രാമം പ്രതിഭ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ കെ.എ. രാധ അനില്‍, മക്കളായ അക്ഷയ് കുമാര്‍, കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍ താമസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: