തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിനു പോലും വേണ്ട പരിഗണന നല്‍കാതെ തമിഴ്നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തരുതെന്ന് കേരളം പല തവണ വാക്കാല്‍ ആവര്‍ത്തിച്ച ശേഷമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചത്. എന്നാല്‍, ഇന്നു പുലര്‍ച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായതോടെ ഒരറിയിപ്പും ഇല്ലാതെ ഷട്ടറുകള്‍ തുറന്നു. 141.95 ആയിരുന്ന ജലനിരപ്പ് ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് 142 അടിയായി ഉയര്‍ന്നത്. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 5668 .16 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 9 ഷട്ടറുകള്‍ തുറന്നാണ് ജലം പുറത്ത് വിടുന്നത്. ആദ്യം നാല് ഷട്ടറുകളായിരുന്നു തുറന്നത്. പിന്നീട് അത് ഒമ്പതാക്കി ഉയര്ത്തുകായിരുന്നു. ഡാമിലേക്ക് എത്തുന്ന നീരൊഴുക്ക് കുറയാതിരുന്നാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്ന നിലയാണ് ഉള്ളത്.
അതേസമയം, ഇത്തവണയും മുന്നറിയിപ്പ് ഇല്ലാതെയാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന തമിഴ്നാടിന്റെ നടപടിക്ക് എതിരെ പ്രദേശവാസികളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജലം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണം എന്ന ആവശ്യവുമായി തമിഴ്നാട് കര്‍ഷക യൂണിയന് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധം ഉള്‍പ്പെടെ വ്യാപകമാക്കുകയാണ് സംഘടനകള്‍. പൊങ്കാല നടത്തിയാണ് തമിഴ്നാട് കര്‍ഷകരുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: