തിരുവല്ല: ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിയായ വിഷ്ണുകുമാറിന്റേതെന്നു സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. കൊലപാതകം നടത്തിയ ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിഷ്ണുകുമാര്‍ സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. സന്ദീപുമായി ജിഷ്ണുവിന് മുമ്പ് പ്രശ്‌നം ഉണ്ടായിരുന്നുവെന്നും കഴുത്തില്‍ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
ജിഷ്ണുവും സന്ദീപുമായി മുന്‍പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തുവെന്നും വിഷ്ണു സംഭാഷണത്തില്‍ പറയുന്നു. സന്ദീപ് മരിക്കുമെന്ന കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാര്‍ പറയുന്നുണ്ട്. സംഭാഷണത്തിന്റെ ആധികാരിത പരിശോധിക്കുമെന്നാണ് പോലീസ് പറയുന്നത്.
കൃത്യം നടത്തിയ ശേഷം അഞ്ചംഗ സംഘം മൂന്നായി തിരിഞ്ഞു. ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസല്‍ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാര്‍ സ്വന്തം വീട്ടിലേക്കുമാണ് പോയത്. സന്ദീപ് കൊല്ലപ്പെട്ടുവെന്നറിഞ്ഞിട്ടും അതിന്റെ ഒരു ഭയവും പ്രതികള്‍ക്കുണ്ടായിരുന്നില്ലെന്നതിന് തെളിവ് കൂടിയാണ് സംഭാഷണം. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ പോലീസില്‍ കീഴടങ്ങുമെന്നും എന്നാല്‍ താന്‍ കയറേണ്ടതില്ലെന്നാണ് നിര്‍ദേശമെന്നും വിഷ്ണു പറയുന്നു.
ആക്രമണം നടത്തിയ ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള സുഹൃത്തിനെയാണ് വിളിച്ചത്. കോണ്‍ഫറന്‍സ് കോളില്‍ തിരുവല്ലയിലുള്ള ഒരു സുഹൃത്തിനേയും ഉള്‍പ്പെടുത്തുകയായിരുന്നു. പെരിങ്ങര എട്ടാം വാര്‍ഡിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് വിഷ്ണുകുമാര്‍. ഇയാളുടെ സഹോദരന്‍ നന്ദുവും കേസില്‍ പ്രതിയാണ്. ഇവര്‍ രണ്ടുപേരും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: