അതെ, 2024-ലേക്കെത്താന്‍ ഇനിയും ദൂരമേറെയുണ്ട്; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത് ആ വര്‍ഷമാണല്ലോ. കാലമേറെയുണ്ടെങ്കിലും ആ ചിന്ത അനവധി പേരെ ഇപ്പോഴേ വേട്ടയാടുകയാണ്. അവര്‍ക്ക് ഉറക്കമില്ലാതായിരിക്കുന്നു. ചിലര്‍ക്ക് അധികാരമാണ് പ്രധാനം; മറ്റു ചിലര്‍ക്ക് രക്ഷപ്പെടാന്‍ ഇന്നുകാണുന്ന ഏകമാര്‍ഗം 2024-ല്‍ എങ്ങനെയും വിജയിക്കുക, അധികാരത്തിലേറുക എന്ന വിചാരമാണ്. ഏറ്റവും രസകരമായി തോന്നിയത്, 2024 ന് മുമ്പ് ഒരു പ്രധാന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്; പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്. അതിനെക്കുറിച്ച് ഇക്കൂട്ടര്‍ ഒന്നുംതന്നെ പറയുന്നില്ല. പക്ഷെ, ആരാവണം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് ചിന്തിച്ചു പരക്കം പായുകയാണ്. സൂചിപ്പിച്ചത് മമത ബാനര്‍ജി നടത്തുന്ന നീക്കങ്ങളും പരസ്യ പ്രസ്താവനകളും സോണിയ-രാഹുല്‍ പരിവാറിന്റെ ബേജാറുകളുമാണ്. രാഹുല്‍ ഗാന്ധിയെ ഇകഴ്ത്താവുന്നതിന്റെ പരമാവധി മമത ചെയ്തുകഴിഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയുടെ അസ്തിത്വത്തെപ്പോലും അവര്‍ ചോദ്യം ചെയ്തിരിക്കുന്നു. ഇടയ്ക്കിടെ വിദേശത്തുപോയി കഴിയുന്ന ഒരാള്‍ക്ക് എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാനാവുമെന്ന ചോദ്യവും ബംഗാള്‍ മുഖ്യമന്ത്രി പരസ്യമായി ഉന്നയിച്ചിരിക്കുന്നു. ‘രാഹുല്‍ ഗാന്ധി ഈ പണിക്ക് പറ്റിയയാളല്ല’ എന്നതാണ് അവര്‍ ഇതിലൂടെ രാജ്യത്തോട് പറഞ്ഞത്. അക്ഷരാര്‍ഥത്തില്‍ നരേന്ദ്ര മോദി (ബിജെപി) വിരുദ്ധ ശക്തികള്‍ ഇരുട്ടില്‍ തപ്പുകയാണ്. കോണ്‍ഗ്രസാവട്ടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട അവസ്ഥയിലും.
മമത ബാനര്‍ജിയെക്കുറിച്ച് രാജ്യത്തിനൊരു ധാരണയുണ്ടല്ലോ. സ്വന്തം താല്പര്യ സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യുക; തന്റെ കാര്യസാധ്യത്തിനായി ആരുടെ കൂടെയും ചേരും; അതുകഴിഞ്ഞാല്‍ കയ്യൊഴിയും. ഏതൊരാളെയും വകവെയ്ക്കാത്ത വ്യക്തിത്വം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാം ഇത്തരക്കാരെ ചുരുക്കമേ കണ്ടിരിക്കൂ. എന്ത് വൃത്തികേടും ചെയ്യാം എന്നവര്‍ പലതവണ കാണിച്ചുതന്നിട്ടുണ്ടല്ലോ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായുടെ വിമാനമിറങ്ങുന്നത് പോലും തടസപ്പെടുത്തി. അതിനോട് അതേ നാണയത്തില്‍ മറുപടി പറയാന്‍ കഴിയാത്തവരല്ല രാജ്യം ഭരിക്കുന്ന കക്ഷി; എന്നാല്‍ ആ നിലവാരത്തിലേക്ക് താഴരുതെന്ന് കരുതുന്നത് കൊണ്ടുമാത്രം.! ബിജെപി മേല്‍ക്കൈ നേടുമെന്ന ഭയം കൊണ്ടാണ് അതിനൊക്കെ അവര്‍ തയ്യാറായത്. അന്ന് കൂടെനിന്ന് കയ്യടിച്ച സിപിഎമ്മിന് പിന്നീട് വയറുനിറയെ കിട്ടി. ഇന്നിപ്പോള്‍ അമ്മയും മകനും മകളും അവരുടെ കക്ഷിയുമാണ് ആ ആക്രമണം നേരിടുന്നത്. അതുതന്നെയാണ് രാഷ്ട്രീയ പ്രാധാന്യം നേടിക്കൊടുക്കുന്നതും.
മമതയുടെ നെട്ടോട്ടവും കോണ്‍ഗ്രസും
യഥാര്‍ത്ഥത്തില്‍ മമത വലിയ പ്രതീക്ഷയിലാണ്. 2024-ല്‍ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുക എന്നതാണ് അവരുടെ ലക്ഷ്യം. ഏറെക്കുറെ അവര്‍ അതിപ്പൊഴേ പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 -ല്‍ നരേന്ദ്ര മോദിയുടെ മുന്നില്‍ വിജയിക്കില്ലെന്നറിഞ്ഞു കൊണ്ടുതന്നെയാണ് അവര്‍ ഇറങ്ങിത്തിരിക്കുന്നത് എന്നാര്‍ക്കാണ് അറിയാത്തത്; അത് പ്രതിപക്ഷ കക്ഷികള്‍ക്കുമറിയാം. ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ നായകവേഷമണിയുക എന്നതുമാത്രമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യം. പ്രശാന്ത് കിഷോറിനെപ്പോലുള്ള ഉപദേഷ്ടാക്കള്‍ അതൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു. അങ്ങനെയാണ് അവര്‍ ബംഗാളില്‍ നിന്ന് പുറത്തുകടന്നു ചില സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമമാരംഭിച്ചത്. ത്രിപുരയില്‍ അവര്‍ കോണ്‍ഗ്രസുകാരെ സ്വന്തം പാര്‍ട്ടിയിലേക്കെത്തിക്കാന്‍ ശ്രമിച്ചു; അതിനായി അസമില്‍ നിന്നുള്ള ഒരു മുന്‍ കോണ്‍ഗ്രസ് എംപിയെ സ്വന്തം തട്ടകത്തിലെത്തിച്ചു; ത്രിപുരയുടെ ചുമതല നല്കി. മേഘാലയയിലെ രാഷ്ട്രീയക്കളിയാണ് ഏറെ രസകരമായത്; അവിടത്തെ പ്രതിപക്ഷ നേതാവടക്കമുള്ള മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും അവര്‍ ‘മതം മാറ്റി’ തൃണമൂലിലെത്തിച്ചു. ഗോവയിലെത്തിയ മമതക്കൊപ്പം അണിനിരന്നതും ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോണ്‍ഗ്രസുകാരാണ്. പിന്നെ കോണ്‍ഗ്രസിനൊപ്പം നടന്നിരുന്ന, ഇനി സ്വന്തമായി ഒന്നും ചെയ്യാനില്ലെന്ന് ഉറപ്പുള്ള ഒരു കുറേ ‘വയസന് ഗാങ്ങും’. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹയുമുണ്ട് അക്കൂട്ടത്തില്‍. ഇത്തരത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ മുന്കൂട്ടിക്കാണാന് കോണ്‍ഗ്രസ് ഹൈക്കമാന്റിനായില്ല. ഇതിനിടയില്‍ ത്രിപുരയില്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ കക്ഷി വലിയ സന്നാഹത്തോടെ രംഗത്തുവന്നെങ്കിലും എട്ടുനിലയില്‍ പൊട്ടി.
ഇവിടെ രണ്ടാണ് പ്രശ്നം; ഒന്ന്, കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവരെ അണികള്‍ക്ക്, സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ക്ക് പോലും, വിശ്വാസമില്ലാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്ക അവരെയൊക്കെ വേട്ടയാടുന്നു. രാഷ്ട്രീയമല്ലേ, കോണ്‍ഗ്രസുകാര്‍ക്ക് നിലനില്‍പ്പ് സ്വയം നോക്കിയല്ലേ തീരൂ. ദേശീയ കക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ ഭേദമാകും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നുവരെ ചിന്തിക്കുന്നു. കേരളത്തിലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തലമാര്‍ പോലും ഹൈക്കമാന്‍ഡിനെ പരസ്യമായി വെല്ലുവിളിക്കുന്നത് കണ്ടതാണല്ലോ. റായ് ബറേലിയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയാണ് അദിതി സിങ്. സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിലെ ഏക കോണ്‍ഗ്രസ് പ്രതിനിധി. അവരുപോലും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് ആരെങ്കിലും പറയുന്നുണ്ടോ ഇന്ന്? ഇല്ല. ആരും അങ്ങനെ ചിന്തിക്കുന്നുപോലുമില്ല. പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്നിപ്പോള്‍ ഹൈക്കമാന്‍ഡിനെ പരസ്യമായി വെല്ലുവിളിക്കുന്നു എന്ന് മാത്രമല്ല ഒരു ബദല്‍ കക്ഷിയുമുണ്ടാക്കുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. 2024-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ വേണ്ടെന്ന് പരസ്യമായി പറഞ്ഞത് മറ്റൊരു മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദാണ്. ആസാദിന് പോലും കാര്യങ്ങള്‍ തിരിച്ചറിയാനായിരിക്കുന്നു; അത് പരസ്യമായി പറയേണ്ട സമയമായെന്ന് തോന്നുകയും ചെയ്തു. എന്താണിത് നല്കുന്ന സന്ദേശം എന്നത് പറയേണ്ടതില്ലല്ലോ. ആരും വിശ്വാസമര്‍പ്പിക്കാത്ത നേതൃത്വമാണ് ഇന്നിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങളുള്ള ചിലര്‍ അമ്മയെയും മകളെയും മകനെയുമൊക്കെ പാടിപ്പുകഴ്ത്തി നടക്കുന്നുണ്ടാവും. അതിനപ്പുറം ആര്‍ക്കും വിശ്വാസമില്ലാതായി.
ചരിത്രം പറയുന്നത്
അത്തരമൊരു വേളയില്‍ ബദലാവാന്‍ വേണ്ടി പലരും രംഗത്തുവരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതാദ്യമായല്ല. മുമ്പും അതൊക്കെ കണ്ടിട്ടുണ്ട്. 1977-80 കാലഘട്ടത്തില്‍ ആണല്ലോ രാജ്യത്ത് കോണ്‍ഗ്രസിന് ശക്തമായ ഒരു ബദലുണ്ടാവുന്നത്; ജനതാ പാര്‍ട്ടി. അന്ന് ജനതാപാര്‍ട്ടിയെ തകര്‍ത്തുകൊണ്ട് ഭരണത്തിലെത്താന്‍ ആഗ്രഹിച്ചവരില്‍ ചരണ്‍ സിങ്, ജഗ്ജീവന് റാം തുടങ്ങിയവരുണ്ടായിരുന്നു. ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരാണ് അവരെ ഓര്‍ക്കുന്നത് ? 1984-നു ശേഷം, കോണ്‍ഗ്രസ് വലിയ ശക്തിയായി വാഴുന്ന കാലഘട്ടത്തില്‍, സിപിഎമ്മിലെ ഇഎംഎസ് നമ്പൂതിരിപ്പാടിനെ ഇതുപോലെ ബദല്‍ നേതാവായി കൊണ്ടുവരാന്‍ ശ്രമിച്ചത് നാം കണ്ടതാണ്. അന്ന് ബിജെപിക്ക് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത് രണ്ട് എംപിമാരാണല്ലോ. നമ്പൂതിരിപ്പാട് അന്തരിച്ചു; സിപിഎം ഇന്നെവിടെയെത്തി നില്ക്കുന്നു? ലോക്സഭയില്‍ ആ കക്ഷിക്ക് ഇന്നുള്ളത് വെറും മൂന്ന് എംപിമാരാണല്ലോ. അതേ കാലഘട്ടത്തില്‍ തന്നെയാണ് കര്‍ണാടകത്തില്‍ രാമകൃഷ്ണ ഹെഗ്ഡെ, ആന്ധ്രയില്‍ എന്‍.ടി. രാമറാവു, ഹരിയാനയിലെ ദേവി ലാല്‍, പഞ്ചാബിലെ സെയില്‍ സിങ് തുടങ്ങിയവര്‍ വലിയ മോഹങ്ങള്‍ മനസിലേറ്റി നടന്നത്. രാഷ്ട്രപതിയായിരിക്കെയാണ് സെയില്‍ സിങ് അതിനൊക്കെയുള്ള മോഹം സൂക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞത് എന്നതുമോര്‍ക്കണം. ഇവരും ഇന്ന് ഈ രാജ്യത്ത് സ്മരിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ?
പിന്നീട് ഇതുപോലെ വേഷമണിഞ്ഞ ഒരാളാണ് ബീഹാറിലെ ലാലു പ്രസാദ് യാദവ്. ലാലുവിന് പിന്നാലെ, അത്രക്കൊന്നുമില്ലെങ്കിലും, മുലായം സിങ് യാദവും മോഹങ്ങള്‍ക്ക് ചിറകേകാന്‍ ശ്രമിച്ചിരുന്നു. അവരുടെ ഇന്നത്തെ അവസ്ഥയും വിശദീകരിക്കേണ്ടതില്ല. ശരദ് പവാറാണ് മറ്റൊരാള്‍. വയസിപ്പോള്‍ 81-ലെത്തി. അദ്ദേഹം എത്രയോ കാലമായി പ്രധാനമന്ത്രി പദം മോഹിക്കുന്നു. സോണിയ ഗാന്ധി കോണ്‍ഗ്രസ് പിടിച്ചടക്കിയപ്പോള്‍ വിദേശിയെന്ന് ആക്ഷേപിച്ചുകൊണ്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമുണ്ടാക്കി. പക്ഷെ ഒരിക്കലും അദ്ദേഹത്തിന് ആ പദവി നേടാനായില്ല എന്ന് മാത്രമല്ല അതിലേക്ക് ആ പേര് ഉയര്‍ന്നുവന്നതുപോലുമില്ല. അഴിമതി ആരോപണങ്ങളില്‍ പെട്ട് സ്വന്തം പാര്‍ട്ടിയും ബന്ധുക്കളും ഉഴലുമ്പോഴും ഉന്നത കസേരയുടെ ഒരു ഭൈമീ കാമുകനായി അദ്ദേഹം ഇപ്പോഴും കഴിയുന്നുണ്ട്. വേറൊരാളെക്കൂടി പരാമര്‍ശിക്കാതെ ഈ പട്ടിക പൂര്‍ത്തിയാവില്ല; ചന്ദ്രബാബു നായിഡു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞുനടന്നത്? അദ്ദേഹമിന്ന് രാഷ്ട്രീയ ഗോദയില്‍, സ്വന്തം തട്ടകത്തില്‍, രണ്ടു കാലുമിട്ടടിക്കുകയാണ്. ആന്ധ്ര നിയമസഭയില്‍ പരസ്യമായി കരയുന്നതുപോലും അടുത്തിടെ ലോകം കണ്ടു. ഇവരുടെ നിരയിലേക്കാണ് മമത നടന്നുവരുന്നത്. അതിന് കുറച്ചു സമയം കൂടിയെടുക്കുമെന്ന് മാത്രം.
ഇവിടെ യാഥാര്‍ഥ്യമെന്താണ്? 2024-ല്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നരേന്ദ്ര മോദി രംഗത്തുണ്ടാവും; കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ബിജെപിയെ അധികാരത്തിലേറ്റാന്‍ മോദിക്കാവും എന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും തുറന്നുപറയുന്ന വസ്തുതയാണ്. അതിനിടയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ രാഷ്ട്രീയമായ അന്ത്യവും കാണുന്നുണ്ടാവും. അതൊക്കെ കൂടുതല്‍ വ്യക്തമാവാന്‍ നമുക്ക് അടുത്ത് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ കാത്തിരുന്നാല്‍ മതി. 2024 വളരെ അകലെയാണ്; അതിനുമുമ്പ് ഗംഗയിലൂടെ ജലം ഏറെ ഒഴുകിപ്പോവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: