തിരുവനന്തപുരം: സിബിഐ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായമില്ലെന്ന് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. സിബിഐയെ അന്ധമായി എതിര്‍ക്കുന്നില്ല, കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലീസ് നന്നായി അന്വേഷിക്കുന്നുണ്ട്. എല്ലാ കേസും സിബിഐയ്ക്ക് വിടണമെന്ന് പറയുന്നത് അനാവശ്യ പിടിവാശിയാണെന്നും പി ജയരാജന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സിബിഐ ഒരു കേസിലും നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് പറഞ്ഞിട്ടില്ല. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ എല്ലാവരും കുറ്റവാളികളാണെന്ന് കരുതുന്നുണ്ടോയെന്നും ജയരാജന് ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമനെയടക്കം പ്രതി ചേര്‍ത്ത് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടെയാണ് ജയരാജന്റെ നിര്‍ണായക പ്രതികരണം. കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് കുഞ്ഞിരാമനെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ കുഞ്ഞിരാമനെ നേരത്തെ ചോദ്യം ചെയ്തിരുന്നു അതിനു പിന്നാലെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലെ മുന്‍ സിപിഎം എംഎല്‍എയാണ് കെ.വി. കുഞ്ഞിരാമന്. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന് ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. 2019 ഫെബ്രുവരി 18ന് രാത്രി പ്രതിയായ സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന െ്രെകംബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു.
ഇയാളെ കൂടാതെ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പെരിയ കേസില്‍ ബുധനാഴ്ച ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇന്ന് പ്രതി പട്ടികയില്‍ ചേര്‍ത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്..
സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, പ്രവര്‍ത്തകരായ സുരന്ദ്രന്, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കേസില്‍ സിബിഐ നടത്തിയ ആദ്യ അറസ്റ്റാണ് ഇത്. കാസര്‍കോഡ് ഗസ്റ്റ് ഹൗസിലെ ക്യാമ്പില്‍ ഇവരെ സിബിഐ ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: