തിരുവനന്തപുരം : വിഴിഞ്ഞം കാരക്കാട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട്. സ്റ്റേറ്റ് എക്സൈസ് സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഇക്കാര്യം കണ്ടെത്തിയത്. നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ആര്യനാട് സ്വദേളി അക്ഷയ് മോഹനാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഡിജെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 50 ഓളം പേര് പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാന്തുറ സ്വദേശി പിറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.
ഒരാളില്‍ നിന്നും 1000 രൂപ വീതം വാങ്ങിയാണ് ആളുകള്‍ക്ക് പ്രവേശനം നല്‍കിയത്. ഇത് കൂടാതെ മദ്യത്തിനായി പിന്നെയും റിസോര്‍ട്ട് അധികൃതര്‍ പണം വാങ്ങിയെന്നും പരാതി പറയുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത 20 പേര് ഇപ്പോഴും റിസോര്‍ട്ടിനകത്താണ്. ഇവരെ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
പൂവാര്‍ ഐലന്‍ഡിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടില്‍ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ. പാര്‍ട്ടിക്ക് വരുന്നവര്‍ക്കായി പ്രത്യേകം ബോട്ടുകള്‍ അടക്കം സജ്ജമാക്കിയിരുന്നു. അക്ഷയ് മോഹന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി വാട്സാപ്പ് സന്ദേശങ്ങിലൂടെയാണ് ലഹരിപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് വസ്തുക്കള്‍ പാര്‍ട്ടിയില്‍ ലഭ്യമാക്കിയിരുന്നു.
റിസോര്‍ട്ട് ഉടമയുടെ അനുവാദത്തോടെയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതെന്നും സംശയിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇവരെ കൂടി അന്വേഷണം ചെയ്യും. കൊച്ചിയിലേതിന് സമാനമായി വിഴിഞ്ഞം കോവളം മേഖലകളില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: