ന്യൂദല്‍ഹി: മണ്‍സൂണ്‍ കാലത്ത് ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കാതെ പ്രതിപക്ഷബഹളം മൂലം വിലപ്പെട്ട മണിക്കൂറുകള്‍ നഷ്ടപ്പെട്ട സംഭവം ഈ ശീതകാലസമ്മേളനത്തിലും ആവര്‍ത്തിക്കുന്നു. രാജ്യസഭയില്‍ ഏകദേശം 52.30 ശതമാനം സിറ്റിംഗ് സമയമാണ് ശീതകാല സമ്മേളനം തുടങ്ങി ഒരാഴ്ചയ്ക്കകം പ്രതിപക്ഷബഹളം മൂലം നഷ്ടപ്പെട്ടത്.
ദിവസേനയെന്നോണം പ്രതിപക്ഷം ഒന്നടങ്കം സഭവിട്ട് ഇറങ്ങിപ്പോയി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷത്തിനെതിരെ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി കാര്യങ്ങളില്‍ അല്പം മാറ്റമുണ്ട്.
ശീതകാലസമ്മേളനം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. അന്നുമുതല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധപ്രകടനവും ഇറങ്ങിപ്പോക്കും കാരണം പാര്‍ലമെന്റിന്റെ ഇരുസഭകളിലും മണിക്കൂറുകള്‍ പാഴാവുകയാണ്. തിങ്കളാഴ്ച തന്നെ പാര്‍ലമെന്റില്‍ പ്രതിപക്ഷപ്പാര്‍ട്ടികളുടെ 12 എംപിമാരെ സസ്പെന്റ് ചെയ്തതോടെ പ്രതിപക്ഷം കൂടുതല്‍ അസ്വസ്ഥരായി. കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് നടുത്തളത്തില്‍ ഇറങ്ങി ബഹളം കൂട്ടിയതിന്റെ പേരില്‍ 12 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്തത്. എളമരം കരീം (സിപിഎം), ബിനോയി വിശ്വം (സിപിഐ), ഫുലോ ദേവി നേതം, ഛായ വര്‍മ, റിപുന്‍ ബോറ, രാജമണി പട്ടേല്‍, സഈദ് നസീര്‍ ഹുസൈന്, അഖിലേഷ് പ്രസാദ് സിംഗ് (കോണ്‍ഗ്രസ്), ദോള സെന്‍, ശാന്ത ഛേത്രി (തൃണമൂല്‍), പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി (ശിവസേന) എന്നിവരെയാണ് രാജ്യസഭയില്‍ നിന്നും അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഡു ചെയ്തത്. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. ഇവരുടെ സസ്പെന്ഷന് പിന്‍വലിച്ച് ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും.
ആഗസ്ത് 11ന് മാര്‍ഷല്‍മാര്‍ പ്രതിപക്ഷത്തെ വനിതാ എംപിമാരെ കയ്യേറ്റം ചെയ്തു എന്നായിരുന്നു ആരോപണം. അന്ന് നീലവസ്ത്രങ്ങള്‍ ധരിച്ച മാര്‍ഷര്‍മാര്‍ പ്രതിപക്ഷഅംഗങ്ങളെ നടുത്തളത്തിലേക്ക് ഇറങ്ങാനാവാത്ത വിധം തടയുന്നതിന്റെ വീഡിയോ റിപ്പബ്ലിക് ടിവി പുറത്തുവിട്ടിരുന്നു. അന്ന് വൈകീട്ട് തൃണമൂല്‍ എംപി ഡോള സെന്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്ന പീയുഷ് ഗോയലിനെയും പ്രല്‍ഹാദ് ജോഷിയെയും തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഛായാ വര്‍മ്മയും ഫുലോ ദേവി നേതവും ഒരു വനിതാ മാര്‍ഷലിന്റെ തലയ്ക്കടിച്ചത്. ഇതിന്റെ വ്യക്തമായ വീഡിയോ റിപ്പബ്ലിക്ക് ടിവി പുറത്തു വിട്ടിരുന്നു. മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി, പാര്‍ലമെന്റ് പേപ്പറുകള്‍ വലിച്ചെറിഞ്ഞ്, ബെഞ്ചുകളില്‍ കയറി നിന്ന് മാര്‍ഷലുകളെ കൈകാര്യം ചെയ്ത് നീങ്ങുന്ന രംഗങ്ങളുടെ വീഡിയോയും ലഭ്യമാണ്. എന്നിട്ടും പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ലെന്ന വിശദീകരണമാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നടത്തുന്നത്. ചെയ്തുപോയ തെറ്റില്‍ യാതൊരു പശ്ചാത്താപവുമില്ലാതെയാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്. എന്നാല്‍ വെങ്കയ്യനായിഡുവും മന്ത്രിമാരായ പീയൂഷ് ഗോയലും പ്രള്‍ഹാദ് ജോഷിയും കടുകിട വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറില്ല. തെറ്റു ചെയ്ത രാജ്യസഭാ എംപിമാര്‍ മാപ്പുപറഞ്ഞാല്‍ മാത്രമേ തിരിച്ചെടുക്കൂ എന്ന നിര്‍ബന്ധബുദ്ധിയാണ് വെങ്കയ്യ നായിഡുവിനും പീയൂഷ് ഗോയലിനും പ്രള്‍ഹാദ് ജോഷിയ്ക്കും.
വെള്ളിയാഴ്ച ചില പ്രതിപക്ഷനേതാക്കളുമായും മന്ത്രിമാരുമായും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. 12 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിന്റെ കാരണം വിശദമായി പഠിക്കാന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് വെങ്കയ്യ നായിഡു. വര്‍ഷത്തില്‍ കുറഞ്ഞത് 100 സിറ്റിംഗെങ്കിലും പാര്‍ലമെന്റിന്റെ ഇരുസഭകളും നടത്തിയിരിക്കണമെന്നും സംസ്ഥാന നിയമസഭകളും ഇതിനനുസൃതമായ രീതിയില്‍ സിറ്റിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് വെങ്കയ്യ നായിഡു. എങ്കില്‍ മാത്രമേ വിവിധ വിഷയങ്ങളെക്കുറിച്ച് ഫലപ്രദമായ രീതിയില്‍ ചര്‍ച്ച നടത്താന്‍ സാധിക്കൂ എന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഭരണത്തിലിരിക്കുമ്പോള്‍ ഒന്നും പ്രതിപക്ഷത്തിരിക്കുമ്പോള്‍ അതിനെതിരെയും സംസാരിക്കാതെ പ്രശ്നങ്ങളോട് സുസ്ഥിരമായ നിലപാട് കൈക്കൊള്ളാനും അദ്ദേഹം പ്രതിപക്ഷത്തെ ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: