ന്യൂദല്‍ഹി : ഒമിക്രോണ്‍ ദല്‍ഹിയിലും സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 11 പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ നിന്നാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് അറിയിച്ചു.
രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണ് ഞായറാഴ്ച രാവിലെ സ്ഥീരികരിച്ചത്. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരികയാണ്. രാജ്യത്ത് ആദ്യമായി രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ ആയിരുന്നു. മൂന്നാമത്തെ കേസ് ഗുജറാത്തിലെ ജാംനഗറിലും നാലാമത്തേത് മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിദേശത്തുനിന്ന് ദല്‍ഹിയിലെത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദല്‍ഹിയില്‍നിന്ന് അയച്ച 60 സാമ്പിളുകളുടെ പരിശോധനാഫലവും ഞായറാഴ്ച വരും. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകത്ത് കോവിഡ് നാലാംതരംഗം ആരംഭിച്ചത്. വൈറസില്‍ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വകഭേദം അപകടകാരിയാണെങ്കില്‍ മാത്രമാണ് ആശങ്കപ്പെടേണ്ടതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
നിലവിലെ കോവിഡ് വാക്സിന് ഒമിക്രോണിനും പര്യാപ്തമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് വാക്സിനെടുത്തവര്‍ക്ക് രണ്ടുഡോസ് വാക്സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യുകെ അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അവകാശപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: