ലേഖ കാക്കനാട്ട്
ഒരു കാലത്ത് ഇങ്ങനെയൊരു വൃശ്ചികപ്പുലരി നമുക്കുണ്ടായിരുന്നു.
മഴയുടെ ആരവമെല്ലാം നിലച്ച അന്തരീക്ഷത്തില്‍ മഞ്ഞിന്‍കണങ്ങള്‍ ആധിപത്യം സ്ഥാപിച്ചിരിക്കും.
ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വ്രതമനുഷ്ഠിക്കുന്നവരുടെ ഗൃഹങ്ങള്‍ വിശുദ്ധിയുടെ പ്രതീകമാകും. ക്ഷേത്രങ്ങളെല്ലാം ശരണംവിളികളുടെ ഉച്ചസ്ഥായിയിലുള്ള ധ്വനികളാല്‍ ഭക്തിയുടെ പരമപീഠമായി മാറും. അതേ, മണ്ഡലക്കാലമെന്നാല്‍ മതാതീതമായ ഒരാത്മീയതയുടെ മഹത്ത്വം പേറിയിരുന്ന നാളുകള്‍.
ഒരു തലമുറയില്‍പെട്ടവര്‍ക്ക് പലപ്പോഴും അവരുടെ ബാല്യകാലത്തിന്റെ ഏടുകളിലെങ്ങോ കുളിരോര്‍മ്മയായി പതിഞ്ഞുപോയ ഒരു മണ്ഡലക്കാലത്തിന്റെ കഥകള്‍ പങ്കുവയ്ക്കാനുണ്ടാകാം.
പുലര്‍കാല കുളിരില്‍ പുതപ്പ് ഒന്നുകൂടി ദേഹത്തേക്കു വലിച്ചിടുമ്പോഴാകും വീട്ടിലെ, മുതിര്‍ന്ന ആരുടെയെങ്കിലും തട്ടിയുണര്‍ത്തല്‍. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് മരംകോച്ചുന്ന തണുപ്പില്‍ മടിച്ചു മടിച്ചു അടുത്തുള്ള കുളത്തിലോ പുഴയിലോ പോയി മുങ്ങിനിവരുമ്പോള്‍ പഴമക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പല്ലിയെപ്പോലെ വിറക്കുന്നുണ്ടാകും. ഇരുനേരവും വിളക്കു കൊളുത്തി ശരണം വിളിക്കുമ്പോള്‍ വീണ്ടും കാരണവന്മാര് ഓര്‍മ്മിപ്പിക്കും. ഉറക്കെ ശരണം വിളിക്കണം. എന്നാലേ മാലയിട്ടവര്‍ക്ക് കുഴപ്പമൊന്നും വരാതെ മലയാത്ര ചെയ്യാനാവൂ.
മണ്ഡലക്കാലം അന്ന് വിദ്യാലയങ്ങളില്‍ പോലും ഭക്തിയുടെ അന്തരീക്ഷമുണ്ടാക്കിയിരുന്നു. കൂട്ടത്തില്‍ മാലയിട്ട കൂട്ടുകാരനോ കൂട്ടുകാരിയോ ആരെങ്കിലുമുണ്ടെങ്കില്‍ ശബരിമല യാത്ര കഴിഞ്ഞു വരുന്നതുവരെ തോളില്‍ കൈയിടാതെ ഇത്തിരി അകലം പാലിച്ചിരുന്ന നാളുകള്‍. ഉച്ചയൂണിന്റെ സമയത്ത് സാധാരണ അടുത്തുള്ളവന്റെ പാത്രത്തിലേക്ക് കൊതിയോടെ നോക്കാറുള്ളവര്‍ കന്നി അയ്യപ്പനാകുന്നതോടെ ആ ശീലത്തിന് മാറ്റം വരുത്തും. മറ്റാരില്‍നിന്നും ഒന്നും വാങ്ങില്ല. വീട്ടിലുണ്ടാക്കിയ വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം മാത്രം. കൂട്ടലും കിഴിക്കലും തെറ്റായാലും അടുത്തുള്ളവന്റെ സ്ലേറ്റിലേക്ക് കണ്ണ് പായില്ല. കുട്ടിയും കോലും കളിയിലും സാറ്റ് കളിയിലുമൊക്കെ ജയിക്കാന്‍ വേണ്ടി കുഞ്ഞു കുഞ്ഞു കളവുകളുടെ പതിനെട്ടു പടികള്‍ വരെ കയറുന്നവര്‍ മാലയിട്ടാല്‍ പിന്നെ അയ്യപ്പസ്വാമിയുടെ ലോക്കറ്റില്‍ പിടിച്ച് സത്യം ചെയ്യും. ജയിച്ചില്ലേലും വേണ്ടീലാ, കള്ളത്തരമൊന്നും ചെയ്യില്ല.
പാടവരമ്പില്‍കൂടി സ്കൂളിലേക്ക് പോകുമ്പോള്‍ നെല്ലോലകളിലെ മഞ്ഞുതുള്ളിയുടെ നനവ് പറ്റാതെ പാവാട ചേര്‍ത്തുപിടിച്ച് കരുതലോടെ നടന്ന ചെറുപ്പകാലം.
വൈകുന്നേരങ്ങളില്‍ അമ്പലത്തിലേക്ക് ദീപാരാധന തൊഴാനുള്ള പതിവായുള്ള യാത്രകളില്‍ ഉത്സാഹം തോന്നിയിരുന്നതിന് എല്ലാദിവസവും മാറി മാറി ഭക്തര്‍ നേര്‍ച്ചയായി കഴിക്കുന്ന പായസവും മറ്റു നേദ്യവിഭവങ്ങളും അവിടെ ഉണ്ടാകും എന്നതും ഒരു കാരണമായിരുന്നു.
വീട്ടിലെ സ്ത്രീകള്‍ക്കും വിശ്രമമില്ലാത്ത നാളുകളായിരുന്നു മണ്ഡലക്കാലം. കുളിച്ച് ശുദ്ധിയായി വേണം ഭക്ഷണമുണ്ടാക്കാന്‍. മൂന്ന് നേരവും അയ്യപ്പന്മാര്ക്ക് ചൂടുള്ള ഭക്ഷണം നിര്‍ബന്ധം. കെട്ടുനിറയ്ക്കുള്ള സാധന സാമഗ്രികള്‍ കഴിയുന്നതും വീട്ടില്‍ തന്നെയുണ്ടാക്കും. കെട്ടുനിറയ്ക്ക് പരിസരത്തുള്ള എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ എത്തും. അവര്‍ക്കുള്ള ഭക്ഷണത്തിന്റെ ഒരുക്കങ്ങളും മുന്നേ തുടങ്ങും. നാല്പത്തിയൊന്ന് ദിവസക്കാലമെങ്കിലും താനേ കൈവരുന്ന സ്വയംപര്യാപ്തതയുടെ ചില നേര്‍ക്കാഴ്ചകളായി ഓരോ ഭവനവും മാറും.
വ്രതമനുഷ്ഠിക്കുന്നവരുടെ വീടുകള്‍ക്കുണ്ടായിരുന്നു ഒരു പ്രത്യേകഗന്ധം. ഇരുനേരവും കത്തിക്കുന്ന സാമ്പ്രാണിയുടെ, അഭിഷേകത്തിനായി തയ്യാറാക്കുന്ന നാടന്‍ പശുവിന് നെയ്യിന്റെ, അതിലുപരി ചാണകം മെഴുകി വെടിപ്പാക്കിയ മുറ്റത്തിന്റെ… അങ്ങനെ അങ്ങനെ ഒരു മണ്ഡലക്കാലത്തു മാത്രം അനുഭവിച്ചറിയാന്‍ കഴിയുന്ന തനിമയുള്ള നാട്ടുഗന്ധങ്ങള്‍! ക്ഷേത്രങ്ങളിലെ കാടും പടലുമെല്ലാം മാറ്റി വൃത്തിയാക്കി കുരുത്തോലകള്‍ ചാര്‍ത്തി അണിയിച്ചൊരുക്കാന്‍ തുടങ്ങുമ്പോഴേ അറിയാം മറ്റൊരു മണ്ഡലക്കാലം കൂടി വരവായി.
വൃശ്ചികപുലരി പിറക്കുമ്പോള്‍ അന്നൊക്കെ ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊന്നാണ് പുതിയതായി ഇറക്കിയ അയ്യപ്പ ഭക്തിഗാന കാസറ്റുകള്‍. പ്രത്യേകിച്ചും ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില്‍ താനേ കൈവരുന്ന ഭക്തിഭാവത്തിന്റെ ചൈതന്യം ഹൃദയത്തിലേക്ക് ആവാഹിച്ചിരുന്ന നാളുകള്‍.
ആ ദിവ്യനാമം അയ്യപ്പാ ഞങ്ങള്‍ക്കാനന്ദദായകനാമം…, ഗംഗയാറു പിറക്കുന്നു ശബരിമലയില്‍…, സ്വാമി സംഗീത മാലപിക്കും…, നീലനീല മലയുടെ മുകളില്‍…, മകരസംക്രമ സൂര്യോദയം…, ശരണമയ്യപ്പാ സ്വാമി…, ഹരിവരാസനം… അങ്ങനെ എത്ര എത്ര ഗാനങ്ങള്‍. ശബരിമലയില്‍ പോകാത്തവര്‍ക്കുപോലും മതാതീതമായ ആത്മീയതയുടെ ഉള്‍വിളിയായി മാറിയ ശ്രുതി പിഴയ്ക്കാത്ത ശരണമന്ത്രങ്ങളായിരുന്നു ഉച്ചഭാഷിണിയില്‍കൂടി പ്രഭാതങ്ങളിലും സന്ധ്യാനേരത്തും ക്ഷേത്രങ്ങളില്‍ നിന്നു കേട്ടിരുന്ന ആ ഗാനങ്ങള്‍.
വ്രതാനുഷ്ഠാനകാലത്ത് പ്രാധാന്യമുള്ള ദിനങ്ങളായി ആചരിച്ചിരുന്ന അയ്യപ്പന് വിളക്കും അഖണ്ഡനാമജപവും പാനകപൂജയും. പ്രാദേശികമായി ഇത്തരം പല പേരുകളില്‍ അവ അറിയപ്പെട്ടിരുന്നു എങ്കിലും ദേശത്തിന്റെ തന്നെ ആത്മീയ ചൈതന്യത്തെ തൊട്ടുണര്‍ത്തിയവ ആയിരുന്നു ആ ആചാരങ്ങള്‍. വാഴപ്പോളകൊണ്ട് നിര്‍മ്മിച്ച അമ്പലത്തിന്റെ ചെറിയ മാതൃക ഇത്തരം ചടങ്ങുകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. നാട്ടിലെ അറിയപ്പെടാതെ പോയ കരകൗശലവിദഗ്ദ്ധര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ വല്ലപ്പോഴുമൊരിക്കല്‍ വന്നുചേരുന്ന അവസരം.
വീടുകളിലെ പാനകപൂജ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളുടെ മാത്രം അവസരമായി മാറിയപ്പോള്‍ നാട്ടിലെ ഉടുക്കുകൊട്ട് പാട്ടിന്റെ ആശാന്മാര്ക്ക് അതൊരു അരങ്ങായിരുന്നു. ആണ്ടിലൊരിക്കല്‍ അയ്യപ്പ ചരിതം അവരുടെ മാന്ത്രികവിരല്‍തുമ്പിനാല്‍ ഉയര്‍ന്ന ഉടുക്കിന്റെ നാദത്തില്‍ അലിഞ്ഞു വേറിട്ട ഈണത്തില്‍ മുഴങ്ങികേട്ട കുളിരുള്ള രാവുകള്‍.
മറ്റൊരു പ്രത്യേകത ഏഴുകാതത്തിനപ്പുറം മണം പരത്തി പൂവിട്ടു നില്ക്കുന്ന ഏഴിലംപാലയുടെ വശ്യഗന്ധം അനുഭവിച്ചറിഞ്ഞിരുന്നതും അന്നത്തെ കുളിരുകോരുന്ന വൃശ്ചികസന്ധ്യകളിലായിരുന്നു എന്നതാണ്.
വീട്ടുമുറ്റത്തിട്ട ചെറിയ പന്തലില്‍ വച്ച് ഗുരു സ്വാമിയുടെ സാന്നിധ്യത്തില്‍ കെട്ടുനിറയ്ക്കുന്നതാണ് ഏറ്റവും വലിയ ഐശ്വര്യമെന്ന് ഒരു തലമുറ വിശ്വസിച്ചിരുന്ന കാലം. അഭിഷേകത്തിനുള്ള നെയ്തേങ്ങയില്‍ പലയാവര്‍ത്തി നെയ്യൊഴിക്കുമ്പോള്‍ നാട്ടില്‍ മുഴങ്ങികേട്ട കൂട്ടം ശരണം വിളികള്‍. തേങ്ങയുടെ മുകളില്‍ ചെറിയ ദ്വാരമുണ്ടാക്കി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതും നെയ്യ് നിറക്കുന്നതും പ്രതീകാത്മകമാണ്. മനസില്‍ ലൗകിക ചിന്തകള്‍ വെടിഞ്ഞ് ആത്മീയ ചിന്ത നിറയുന്നു എന്ന് സങ്കല്പം. തേങ്ങയുടയ്ക്കാന് തയ്യാറാക്കിയ കല്ലിനെ പവിത്രമായി കണ്ട് മറ്റൊന്നിന്റേയും സ്പര്ശനമേല്ക്കാതെ അയ്യപ്പന്മാര് മല യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ സംരക്ഷിക്കും. യാത്രാരംഭത്തിലും യാത്രാവസാനത്തിലും നടത്തുന്ന ഈ നാളികേരമുടയ്ക്കല്‍ ചടങ്ങും വിഘ്നങ്ങള്‍ ഒഴിവാക്കി ജീവിത യാത്ര പൂര്‍ത്തീകരിക്കാനുള്ള ഒരു പ്രതീകാത്മക ചടങ്ങുപോ
ലെ. വാഹനസൗകര്യമില്ലാതിരുന്ന കാലഘട്ടത്തിലെ മല യാത്ര ഒരു പരീക്ഷണമായിരുന്നു. പിന്നീടും ദിവസങ്ങള്‍ ഏറെ കഴിഞ്ഞുള്ള തിരിച്ചുവരവ് ദൂരെ നിന്നുള്ള പ്രിയപ്പെട്ടവരുടെ ശരണം വിളികളാലാണ് അറിയാന്‍ കഴിയുന്നത്. വിളക്കു കൊളുത്തി അവരെ സ്വീകരിച്ച് മാലയൂരല്‍ ചടങ്ങിനു ശേഷം മഞ്ഞള്‍പ്പൊടി തൂകിയ അവലും മലരും അപ്പവും അരവണയുമെല്ലാം അയല്പക്കക്കാര്ക്കും ബന്ധുക്കള്‍ക്കും വീതം വച്ച് എത്തിച്ചു കൊടുക്കുന്നു. കേവലം ഒരനുഷ്ഠാനം എന്നതിനപ്പുറം എല്ലാ അര്‍ത്ഥത്തിലും പരസ്പരസ്നേഹത്തിന് പ്രാധാന്യം കൊടുത്ത് അകവും പുറവും ശുദ്ധീകരിക്കപ്പെട്ട മണ്ഡലക്കാലം.
ഇന്ദ്രിയങ്ങളുടെ പരീക്ഷണമാണ് ശബരിമല തീര്‍ത്ഥാടനം. നാല്പത്തിയൊന്ന് ദിവസം വ്രതമെടുത്ത് ഇരുമുടിക്കെട്ടേന്തി എത്തുന്നവര്‍ക്കു മാത്രമേ പതിനെട്ടാംപടി ചവിട്ടാന്‍ അവകാശമുള്ളൂ എന്ന് വിശ്വാസം. എന്നാല്‍ കാലമേറെയായി അവരവരുടെ സൗകര്യമനുസരിച്ച് മണ്ഡലക്കാലത്തിന്റെ കാലയളവ് തീരുമാനിക്കുന്നു. ഇരുമുടിയുടെ ആദ്യഅറ നെയ്തേങ്ങയും പൂജാദ്രവ്യവും നിക്ഷേപിച്ച് ചരടുകൊണ്ടു കെട്ടിമുറുക്കുന്നു. ഈ അറ ആത്മീയ ശക്തി നിറഞ്ഞതെന്ന് ഗുരുക്കന്മാര്. വിവിധ പവിത്ര സ്ഥാനങ്ങളില്‍ അടിക്കാനുള്ള തേങ്ങകളാണ് മറ്റേ അറയില്‍.
ശരണം വിളിക്കാനും അതു കേള്‍ക്കാനും ഒരാള്‍ വേണമെന്നത് മനുഷ്യ ജന്മത്തിലെ ഒരനിവാര്യതയാകാം. നിര്‍ഭാഗ്യവശാല്‍ എല്ലാം തികഞ്ഞെന്ന് നടിക്കുന്ന നമുക്ക് ഇന്നില്ലാതെ പോയതും അതാണ്. കല്ലും മുള്ളും താണ്ടി ലക്ഷ്യത്തിലേക്ക് എത്താന്‍ പതിനെട്ട് പടി കയറുമ്പോള്‍ അവിടെ കാണാം..
അദൈ്വതദര്‍ശനത്തിന്റെ അവസാനവാക്കെന്നോണം തത്വമസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: