കൊച്ചി: എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പാലക്കാട് നിന്നെത്തുന്ന കള്ളില്‍ വ്യാപക കൃത്രിമം. വ്യാജമായി കള്ള് നിര്‍മിക്കുന്നതിനൊപ്പം വീര്യം കൂട്ടാന്‍ കള്ളില്‍ പാരസെറ്റാമോള്‍ അടക്കമുള്ള ഗുളികകളും പാലക്കാട് വെച്ചുചേര്ക്കുന്നുണ്ടെന്നാണ് വിവരം. വീര്യം കൂട്ടാന്‍ വേദന സംഹാരികളും, വിഷാദ രോഗത്തിനുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
കള്ള് ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന മരുന്നുകളാണ് ചേര്‍ക്കുന്നതെന്ന് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. കള്ളില്‍ രണ്ട് ശതമാനത്തോളം മാത്രമാണ് ലഹരിയുടെ അളവ് ഉണ്ടാകുന്നത്. വേദന സംഹാരികളുടെ ഐവി ഫഌഡുകളും, ഇന്ജക്ഷന് ആംപ്യൂളും, ഗുളികകളുമാണ് കള്ളില്‍ ലഹരികൂട്ടുന്നതിനായി ഉപയോഗിക്കുന്നതെന്നാണ് വിവരം. ഡയസപാം, കീറ്റമിന്‍, പെന്റാസൊസോയ്ന്, അല്പ്രെസോളം എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും വിവരമുണ്ട്. ഇതിന് പുറമെ, ക്ളോറല് ഹൈഡ്രൈറ്റ് കലര്‍ത്തിയ കാല്‍സ്യം പൗഡറുകളും കള്ളില്‍ ചേര്‍ത്തതായി മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
ദിവസവും ഷാപ്പുകളില്‍ നിന്ന് വില്‍പ്പനയ്ക്ക് മുമ്പായി കള്ളുകളുടെ സാമ്പിളുകള്‍ ശേഖരിക്കണമെന്നും, പ്രാഥമിക പരിശോധനാ ഫലം കിട്ടിയ ശേഷമെ വില്‍പ്പന നടത്താവൂ എന്നുമാണ് ചട്ടം. എന്നാല്‍, കള്ളിന്റെ പരിശോധനാ ഫലം വൈകുന്നതും ഇവര്‍ക്ക് ഗുണമാകുന്നുണ്ട്. വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് ചേര്‍ക്കല്‍ പതിവാകുന്നു. കഞ്ചാവിന്റെ ഇലകള്‍ അരച്ച് കള്ളില്‍ ചേര്‍ക്കുകയോ, കഞ്ചാവ് കിഴികെട്ടി കള്ളില്‍ നിക്ഷേപിക്കുകയോ ആണ് ചെയ്യുന്നത്്. വീര്യം കുറവായതിനാല്‍ കള്ളില്‍ നിന്നും പലരും മുഖം തിരിക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് കള്ളില്‍ കഞ്ചാവ് ചേര്‍ക്കുന്നത്.
നൂറ് ലിറ്റര്‍ കള്ളില്‍ ഇത്തരത്തില്‍ കഞ്ചാവും അതിനൊപ്പം വെള്ളവും ചേര്‍ക്കുമ്പോള്‍ 2500 ലിറ്ററിലേറെ ലഭിക്കും. ഇതിലൂടെ രണ്ടിരട്ടിയിലേറെ ലാഭം ഷാപ്പ് ഉടമകളുടെ പോക്കറ്റിലേക്ക് എത്തും. വ്യാജ കള്ളും ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഡയസെപ്പാം എന്ന പേസ്റ്റാണ് വ്യാജ കള്ള് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് ചേര്‍ത്ത ലായനിയില്‍ കള്ളിനൊപ്പം വെള്ളവും ചേര്‍ത്ത് കലക്കിവയ്ക്കും. ഷാമ്പു, പഞ്ചസാര എന്നിവയും ആവശ്യത്തിന് ചേര്‍ക്കും. കൊഴുപ്പു കൂടാന്‍ സ്റ്റാര്‍ച്ചും. ഇതിന്റെ വീര്യം കൂട്ടാന്‍ കഞ്ചാവോ, സ്പിപിറ്റോ കൂടി ചേര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: