ഡോ.സുകുമാര്‍ കാനഡ
രാജ്ഞിയെ കാണാനെത്തിയ മന്ത്രി, രാജ്യത്തെ സംബന്ധിച്ച ഒരു തന്ത്രപ്രധാന കാര്യംചര്ച്ച ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. അത്തരം കാര്യങ്ങള്‍ രാജാവിനോടാണ് സംസാരിക്കേണ്ടതെന്ന് പറഞ്ഞ് രാജ്ഞി മന്ത്രിയെ ഒഴിവാക്കാന്‍ ശ്രമിച്ചു.
എന്നാല്‍ രാജാവിന്റെ വിവേചനബുദ്ധിക്കപ്പുറമാണ് കാര്യങ്ങളെന്നും തനിക്കു പറയാനുള്ളത് കേള്‍ക്കണമെന്നും മന്ത്രി നിര്‍ബ്ബന്ധം പിടിച്ചു.’രാജാവ് മണികണ്ഠനോടുള്ള അന്ധമായ സ്നേഹംകൊണ്ട് മാത്രമാണ് രാജ്യഭാരം കുമാരനെ ഏല്പിക്കുന്നത്. കൊട്ടാരത്തില്‍ യഥാര്‍ത്ഥ അവകാശിയായ ഒരു രാജകുമാരന്, അവിടുന്ന് പ്രസവിച്ച രാജരാജനുള്ളപ്പോള് കാട്ടില്‍ നിന്നുകിട്ടിയ പയ്യനെ രാജാവാക്കുന്നത് എങ്ങനെ ന്യായീകരിക്കും? രാജ്യത്തിന്റെ ഭാവിയും ശ്രേയസ്സും കാക്കാന്‍ അവിടുന്നു വിചാരിച്ചാലേ സാധിക്കൂ’ എന്നായി മന്ത്രി. ‘അയല്‍ രാജാക്കന്മാര് നമ്മെ പരിഹസിക്കും. ഒരുപക്ഷേ അവര്‍ നമ്മെ ആക്രമിക്കാനും മതി. ഇവിടെ കൊട്ടാരത്തില്‍ തികഞ്ഞ യോഗ്യതയോടെ ഒരു കുമാരനുള്ളപ്പോള് അവിടുന്ന് ഈ അനീതി സമ്മതിക്കരുത്.’
രാജ്ഞി ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് മന്ത്രിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ദത്തെടുത്ത പുത്രനേക്കാള്‍ തന്റെ സ്വന്തം പുത്രന് രാജാവാകുന്നത് കൂടുതല്‍ ഉത്തമമെന്ന് രാജ്ഞിക്ക് ബോധ്യപ്പെട്ടു. പക്ഷേ രാജാവിനോട് പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തിന് അയ്യപ്പനെ അത്രകണ്ട് പ്രിയമാണ്. അദ്ദേഹത്തിന് മന്ത്രിയുടെ വാദമൊന്നും സമ്മതിക്കാനാവില്ല. മന്ത്രിയും രാജ്ഞിയും കൂടി മണികണ്ഠനെ രാജ്യത്തു നിന്നുതന്നെ അകറ്റി രാജരാജനെ രാജാവാക്കാനുള്ള സൂത്രം കണ്ടെത്തി.
വൈകാതെ, രാജ്ഞിക്ക് കഠിനമായ വയറുവേദനയാണെന്ന് രാജാവിന് അറിയിപ്പുകിട്ടി. കൊട്ടാരവൈദ്യന്‍ നോക്കിയിട്ട് പരിഹാരം കാണാനായില്ല. വിചിത്രമായ ഈ അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ആര്‍ക്കും പറ്റുന്നില്ല. ഒടുവില്‍ മന്ത്രി കൊണ്ടുവന്ന, വിദഗ്ദ്ധനെന്ന് പേരുകേട്ട ഒരു നാടോടി വൈദ്യന്റെ അഭിപ്രായം തേടി. അദ്ദേഹവും കൈമലര്‍ത്തി. ‘അസാധാരണമായ ഈ അസുഖം മാറ്റാന്‍ മരുന്നുണ്ട്, പക്ഷേ ആ മരുന്ന് കിട്ടുക തികച്ചും അസാദ്ധ്യമാണ്. അതിനു ശ്രമിക്കുന്നതു തന്നെ അപകടമാണ്. ഏറെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:’പ്രസവിച്ച് അധികമാവാത്ത ഒരു പുലിയുടെ പാല് ചൂടോടെ കറന്നെടുത്ത് മരുന്നുണ്ടാക്കി സേവിച്ചാലേ രാജ്ഞിയുടെ ദീനംമാറൂ.’ നിസ്സഹായനായ രാജാവ് വിഷാദചിത്തനായി മൗനംപൂണ്ടു. പാലൂട്ടുന്ന പുലിയെ മെരുക്കി കൊണ്ടുവന്ന് പാല്കറക്കാന് ചുണയുള്ള ആരും ഒരു നാട്ടിലുമുണ്ടാവില്ലല്ലോ.’
രാജ്ഞിയുടെ അസുഖവിവരമറിഞ്ഞ മണികണ്ഠന് കൊട്ടാരത്തില്‍ ഓടിയെത്തി. അമ്മ മഹാറാണിയെ കണ്ട്, ഒരു മകനെന്ന നിലയില്‍ തന്റെ കടമ നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന് രാജാവിനോട് അഭ്യര്‍ത്ഥിച്ചു. രാജാവ് കൂടുതല്‍ വ്യസനത്തിലായി. പുലികളും മറ്റു വന്യജീവികളും നിറഞ്ഞ ഉള്‍ക്കാട്ടിലേക്ക് മകനെ പറഞ്ഞുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു. ഒടുവില്‍ മണികണ്ഠന്റെ വാശിക്കുമുന്നില്‍ അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. അയ്യപ്പന് ഒരു സാധാരണ ബാലനല്ല എന്ന് ഗുരുനാഥന് പറഞ്ഞിരുന്നത് രാജാവിന് ഓര്‍മ്മവന്നു. മണികണ്ഠന്റെയൊപ്പം തന്റെ സൈന്യത്തെക്കൂടി കൊണ്ടുപോവാന്‍ രാജാവ് പറഞ്ഞെങ്കിലും കുമാരന്, താന്‍ തനിച്ചുപൊയ്ക്കൊള്ളാം എന്ന് ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: