മലകയറി ശബരീശന്റെ അനുഗ്രഹത്തിനായി എത്തുന്ന ഒരോ അയ്യപ്പഭക്തര്‍ക്കും പാപം കഴുകി കളയുന്ന പുണ്യമായ കാനനതീര്ത്ഥമാണ് ഉരല്‍ക്കുഴി. ഇവിടെയെത്തി ഒന്നു കുളിക്കുക. സ്വാമി ഭക്തരുടെ മലകയറ്റത്തിന്റെ ക്ഷീണമെല്ലാം അലിയിച്ചു കളയുന്ന പച്ചപ്പിനുള്ളിലെ പനിനീരാണ് ഉരല്‍ക്കുഴി തീര്‍ത്ഥം.
എന്നാല്‍ ഇത്തവണത്തെ മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് ഉരല്‍ക്കുഴിയിലെ സ്നാനം അന്യമായിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇവിടേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നില്ല. ഇത് തീര്‍ത്ഥാടകര്‍ക്ക് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്. കാടിനു മധ്യത്തിലുള്ള ചെറിയ വെള്ളച്ചാട്ടമാണിത്. പണ്ട് ക്ഷേത്രത്തിലെ പൂജകള്‍ക്കുള്ള വെള്ളം ഇവിടെ നിന്നു സംഭരിച്ചിരുന്നതായും പറയപ്പെടുന്നു.എട്ട് മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. മുകളില്‍നിന്ന് വെള്ളം വീണ് പാറ ഉരല്‍പോലെ കുഴിഞ്ഞതിനാലാണ് ഉരല്ക്കുഴിയെന്നു പേരുവന്നത്. സന്നിധാനത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ പാണ്ടിത്താവളത്തിന് സമീപമാണ് ഉരല്‍ക്കുഴി. പമ്പയുടെ കൈവഴിയായ കുമ്പളാംതോട്ടിലെ വെള്ളമാണ് ഉരല്‍ക്കുഴിയില്‍ സ്നാനഘട്ടമായി രൂപം പ്രാപിക്കുന്നത്. പാണ്ടിത്താവളത്തില്‍ നിന്നും മുന്നൂറ് മീറ്ററോളം ദൂരെയാണ് ഉരല്ക്കുഴിസ്ഥിതിചെയ്യുന്നത്. പരമ്പരാഗത പാതയായ പുല്ലുമേടുവഴി നടന്നുവരുന്ന തീര്‍ത്ഥാടകര്‍ ഇവിടെ കുളികഴിഞ്ഞാണ് സന്നിധാനത്തെത്തുന്നത്. മഹിഷീ നിഗ്രഹത്തിന് ശേഷം അയ്യപ്പന് ഇവിടെ മുങ്ങിക്കുളിച്ചു എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: