കൊച്ചി: കാക്കനാട്ടെ നമ്പര്‍ 18 ഹോട്ടലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ വനിതാ ഡോക്ടറും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തല്‍. ഇതോടൊപ്പം ലഹരിപ്പാര്ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായ നിരവധി പേരെ അറസ്റ്റിലായ സൈജു എം തങ്കച്ചനെ ചോദ്യം ചെയ്തതില്‍ പൊലീസ് തിരിച്ചറിഞ്ഞു.
ജെകെ എന്ന വിളിപ്പേരിലറിയപ്പെടുന്ന വ്യക്തി , അനു ഗോമസ് എന്നിവര്‍ ഇതില്‍ ചിലരാണ്. ഇവരെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കും. ഇവര്‍ ഇത്തരം നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തതായി പൊലീസിന് സൈജുവിന്റെ മൊഴിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
2020 സപ്തംബര്‍ ഏഴിന് ചിലവന്നൂരിലെ ഫ്ളാറ്റില്‍ സൈജു നടത്തിയ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത റസ്റ്റൊറന്റ് ഉടമ അമല്‍ പപ്പടവട, നസ്ലിന്, സലാഹുദ്ദീന് മൊയ്തീന്, ഷിനു, മിനു പൗളിന് എന്നിവരെ പൊലീസ് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പൊലീസിന്റെ റിമാന്റ് ലിസ്റ്റില്‍ ഇവരുടെ പേരുകളുണ്ട്.
അതുപോലെ സൈജുവിന്റെ സമൂഹമാധ്യമചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവുകളായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. 2021 ജൂലൈ 26ന് സൈറ ബാനു എന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താന്‍ കാട്ടില്‍ പോയതിനെക്കുറിച്ച് പറയുന്നുണ്ട്. ‘സാധനങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു. നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തില്‍ കറിവെച്ചത്…’ എന്നിങ്ങനെപ്പോകുന്നു ചാറ്റ്.
വനത്തില്‍ കാട്ടുപോത്തിനെ വെടിവെച്ചുകറിവെച്ചു തിന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരിപാര്‍ട്ടികള്‍ നടത്തിയതിന്റെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
മോഡലുകളെ പിന്തുടരാന് സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെയും പൊലീസ് ചോദ്യം ചെയ്യും. ഫെബിയുടെ സുഹൃത്തുക്കള്‍ക്കായിട്ടാണ് സൈജു പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതെന്നുമാണ് സൂചന. സൈജുവിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയ വീഡിയോകളില്‍ രാസലഹരി ഉപയോഗിത്തിന്റെയും പ്രകൃതിവിരുദ്ധലൈംഗികപീഢനത്തിന്റെയും 50ല്‍പ്പരം വീഡിയോകളാണ് ഫോണില്‍ നിന്നും കണ്ടെടുത്തത്.
നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് വയലാട്ടിലും സംശയത്തിന്റെ നിഴലിലാണ്. മോഡലുകള്‍ പങ്കെടുത്ത ലഹരിപ്പാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റെക്കോഡ് ചെയ്ത ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോ കാണാതായതിന് പിന്നില്‍ ഉടമ റോയ് വലയാട്ടാണെന്ന് ഇതിനകം ഹോട്ടല്‍ ജീവനക്കാര്‍ തന്നെ വെളിപ്പടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: