തിരുവനന്തപുരം: സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്കിന്റെ പത്രപരസ്യത്തില്‍ സംസ്ഥാന സഹകരണ വകുപ്പിലും ആശയക്കുഴപ്പം. ബിആര്‍ ആക്ട് അനുസരിച്ച് സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക്, ബാങ്കിംഗ് അഥവാ ബാങ്കര്‍ എന്ന പദം കൂടി ഉപയോഗിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമെ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശമാണ് പത്രപരസ്യത്തിലൂടെ നല്‍കിയത്.
നിയമം അനുശാസിക്കാത്തവര്‍ക്ക് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പരിരക്ഷ ഇല്ലെന്നും പരസ്യത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം സഹകരണസംഘങ്ങള്‍ക്ക് ബാധകമല്ലെന്നാണ് മന്ത്രി വി.എന്‍. വാസവന് വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പരസ്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി കോപ്പറേറ്റീവ് രജിസ്ട്രാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്കി.
മന്ത്രിയെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കത്ത് നല്കി. നിലവില്‍ റിസര്‍വ് ബാങ്ക് ഇറക്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് ബാധകമല്ലെന്നും കമ്പനി നിയമത്തിലാണ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നതും. കമ്പനി നിയമത്തിന്റെ പരിധിയിലാണെങ്കില്‍ ആദായനികുതി വകുപ്പിന്റെ പരിധിയില്‍ ഉറപ്പായും വരും. സഹകരണ ബാങ്കില്‍ നിക്ഷേപത്തിന് നികുതി നല്കണ്ടാ എന്നും എന്നാല്‍ സംഘങ്ങള്‍ കമ്പനി ആക്ടിലാണെന്നുമുള്ള പ്രസ്താവന നിക്ഷേപകരെയാകെ ആശയക്കുഴപ്പത്തിലാക്കുന്നു.
പണം പിന്‍വലിക്കുന്നതിന് ചെക്ക് ഉപയോഗിക്കുകയാണെങ്കില്‍ ബാങ്ക് എന്ന നിര്‍വചനത്തില്‍ വരിക മാത്രമല്ല ആദായ നികുതിയുടെ പരിധിയില്‍ വരുമെന്നും ആര്‍ബിഐ ഇതിനു മുമ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അപ്പോഴും വ്യക്തമായ തീരുമാനം ഉണ്ടാകാതെ സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള പദ്ധതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
സഹകരണ സംഘങ്ങളില്‍ ചെക്ക് ഉപയോഗിക്കുന്നില്ല എന്ന് സഹകരണ വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒട്ടു മിക്ക സംഘങ്ങളിലും ചെക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരിനൊപ്പം ബാങ്ക് എന്ന ബോര്‍ഡ് വച്ച് നിക്ഷേപം സ്വീകരിക്കുകയും തുടര്‍ന്ന് നിരവധി തട്ടിപ്പുകളും സംസ്ഥാനത്ത് നടന്നുവരുന്നു. ഇതോടെ ആര്‍ബിഐയെ കുറ്റപ്പെടുത്തി നിരവധി പ്രസ്താവനകളും വരുന്നു. അതിനാലാണ് ആര്‍ബിഐ പത്രപരസ്യവുമായി രംഗത്ത് വന്നത്. പത്രപരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാലിന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ കത്ത് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: