കെ.എസ്. നാരായണന്
ഭഗവത് ഗീതാ പ്രചാരണത്തിനായി സമര്‍പ്പിതമായിരുന്നു വേദാനന്ദ സരസ്വതി സ്വാമികളുടെ ജീവിതം. നന്നേ ചെറുപ്പത്തില്‍ തന്നെ ചിന്മയാനന്ദ സ്വാമിജിയില്‍ നിന്നും ബ്രഹ്മചര്യം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. ചിന്മയ മിഷനില്‍ നിന്നും വേദാന്തവും -ശാസ്ത്രങ്ങളും – ഭഗവത്ഗീതയും ഹൃദിസ്ഥമാക്കിയ ശേഷം ഭഗവത് ഗീതയുടെ പ്രചാരണാര്‍ത്ഥം നിരന്തരം കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്തു.
കേരളത്തില്‍ 250ല്‍പരം ഗീതാജ്ഞാന യജ്ഞങ്ങള്‍ക്ക് സ്വാമിജി ആചാര്യനായി. ചിന്മയാനന്ദ സ്വാമിജിക്ക് ശേഷം കേരളത്തില്‍ വ്യാപകമായി ഗീതാജ്ഞാന യജ്ഞങ്ങള്‍ നടത്തിയത് വേദാനന്ദ സ്വാമികളായിരുന്നു. കൂടാതെ അനേകം ഗീതാ പഠന ക്ലാസ്സുകള്‍ ആരംഭിച്ച് കുട്ടികളിലും മുതിര്‍ന്നവരിലും ഗീതാ സന്ദേശം എത്തിച്ചു. ഹിന്ദു സമാജത്തിന്റെ ഐക്യവും സനാതന ധര്‍മ്മ പ്രചരണവും ലക്ഷ്യമിട്ടായിരുന്നു സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളും യാത്രകളും.
എവിടെയാണോ ഹിന്ദുത്വവും ക്ഷേത്രങ്ങളും ആധ്യാത്മിക കേന്ദ്രങ്ങളും വെല്ലുവിളി നേരിടുന്നത് അവിടെയെല്ലാം സ്വാമിജി ഓടിയെത്തി സാന്ത്വനം നല്കി. നിലയ്ക്കല്‍ അടക്കമുള്ള ഹൈന്ദവ പ്രക്ഷോഭങ്ങളില്‍ അദ്ദേഹം മുന്‍പന്തിയില്‍ നിന്ന് മാര്‍ഗദര്‍ശനവും നേതൃത്വവും നല്കി. കോട്ടയം കൂരോപ്പടയിലെ മാതൃമല ക്ഷേത്ര നിര്‍മാണമടക്കമുള്ള അനേകം ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി.
കേരളത്തിലെ ആധ്യാത്മിക മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ വേദാനന്ദ സ്വാമിജിയുടെ സാന്നിധ്യവും പ്രഭാഷണങ്ങളും എല്ലാം പ്രേരണാദായകമായിരുന്നു.
(കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: