പൂജനീയ ശ്രീമദ് ചിന്മയാനന്ദ സ്വാമിജി ഗീതാജ്ഞാന യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രചരണത്തിനും വേണ്ടി 1975 ല്‍ കേരളത്തിലേക്ക് നിയോഗിച്ച ശിഷ്യരില്‍ പ്രമുഖനായിരുന്ന സമാധിയായ ശ്രീമദ് വേദാനന്ദസരസ്വതി സ്വാമികള്‍.
ലൗകിക ജീവിതത്തിലുള്ള വിരക്തിമൂലം വീടും നാടും വിട്ട് ബോംബെയില്‍ ചിന്മയാനന്ദജിയുടെ അടുത്തെത്തി തന്റെ ജീവിതദൗത്യം വ്യക്തമാക്കി. ഒട്ടും താമസിച്ചില്ല, ഭഗവദ്ഗീതയുടെ പ്രചാരകനാകാനുള്ള അടങ്ങാത്ത ആഗ്രഹം ഫലം കണ്ടു. അഞ്ചു വര്‍ഷക്കാലം പൂജ്യ ചിന്മയാനന്ദസ്വാമിയുടെ ശിക്ഷണത്തില്‍ ശാസ്ത്രവിഷയങ്ങളും ഭഗവദ്ഗീതയും ബ്രഹ്മവിദ്യാ പാഠങ്ങളും പഠിച്ചു. വേദചൈതന്യ എന്ന പേരില്‍ ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചുകൊണ്ട് ബോംബെ സാന്ദീപനി സാധനാലയത്തില്‍ നിന്നും 1974 ല്‍ ബ്രഹ്മവിദ്യാ പഠനം പൂര്‍ത്തിയാക്കി ഇറങ്ങി.
കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യം നിയോഗിച്ചത്. താമസിക്കാന്‍ ഒരു സ്ഥലമോ പരിചയപ്പെടുത്താന്‍ ഒരാളോ ഇല്ലാതെ കോട്ടയം പട്ടണത്തില്‍ കാലുകുത്തിയ സ്വാമിജിക്ക് കുറഞ്ഞ കാലംകൊണ്ട് വലിയൊരു ബന്ധുവലയം ഉണ്ടായി. വാക്വൈഭവവും സത്യസന്ധതയും ആത്മാര്‍ത്ഥതയും മൂലം തന്നിലേക്ക് നിരവധി പേരെ ആകര്‍ഷിക്കാന്‍ അധികകാലം വേണ്ടിവന്നില്ല.
ഗീതാജ്ഞാന യജ്ഞങ്ങള്‍ സംഘടിപ്പിക്കാന്‍ നിരന്തര യാത്രയും സമ്പര്‍ക്കവും നടത്തി. അത് സമൂഹത്തില്‍ സമഗ്ര പരിവര്‍ത്തനത്തിന് ഇടയാക്കി. ഒട്ടും വിശ്രമിക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന് ഗീതാതത്വങ്ങള്‍ വളരെ ലളിതമായി വിശദീകരിച്ചു. വീടുകള്‍ സമ്പര്‍ക്കം ചെയ്ത് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. കുടിലുകളില്‍ താമസിച്ച് പാവങ്ങളുടെ പ്രയാസങ്ങള്‍ നേരിട്ട് മനസിലാക്കാനും അവിടെ അന്തിയുറങ്ങാനും അദ്ദേഹം മടികാണിച്ചില്ല. പ്രകടനാത്മകത ഒട്ടും ഇല്ലാതെ ലളിത ജീവിതത്തിലൂടെ മഹത്തായ സന്ദേശം പകര്‍ന്നുകൊടുത്തു. പാണ്ഡിത്യത്തിന്റെ അഹന്തയോ സംന്യാസത്തിന്റെ അകല്‍ച്ചയോ തെല്ലും കാട്ടാതെ ജനങ്ങളില്‍ ഒരുവനായി ജീവിച്ചു. പരിചയപ്പെടുന്നവരിലെല്ലാം ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്കി.
ബ്രഹ്മചര്യ കാലത്തെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൂജ്യ ചിന്മയാനന്ദജിയില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് വേദാനന്ദ സരസ്വതിയായി. കോട്ടയത്ത് ചിന്മയാ വിദ്യാലയം ആരംഭിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മിക്ക ക്ഷേത്രങ്ങളിലും സ്ഥലങ്ങളിലും സ്വാമിജി ഗീതാജ്ഞാന യജ്ഞങ്ങള്‍ നടത്തി. 10 വര്‍ഷംകൊണ്ട് 200 യജ്ഞങ്ങള്‍ നടത്തിയെന്ന ഖ്യാതി സ്വാമിജിയെ കൂടുതല്‍ ജനപ്രിയനാക്കി. പിറവം, തൊടുപുഴ, കോട്ടയം, ആറന്മുള, മാലക്കര തുടങ്ങി പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് ആശ്രമങ്ങള്‍ സ്ഥാപിക്കുകയും ധര്‍മ്മപ്രചാര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
1980 ല്‍ ചിന്മയാനന്ദസ്വാമിജി, കോട്ടയത്ത് നടത്തിയ ഗീതാജ്ഞാനയജ്ഞത്തിന്റെ മുഖ്യ സംഘാടകന്‍ വേദാനന്ദ സ്വാമിജിയായിരുന്നു. കോട്ടയത്ത് ചേര്‍ന്ന സ്വാഗതസംഘം യോഗം വിപുലമായ സ്വീകരണ പരിപാടികള്‍ക്ക് രൂപം നല്കി. നാഗമ്പടം ക്ഷേത്രം, സമൂഹമഠം, എന്‍എസ്എസ് യൂണിയന് മന്ദിരം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്വീകരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചു. യജ്ഞത്തിന് എത്തിയ ദിവസം രാത്രിയില്‍ ചിങ്ങവനം പെട്രോകെമിക്കല്‍സിന്റെ ഗസ്റ്റ്ഹൗസില്‍ വെച്ച് യജ്ഞപരിപാടികള്‍ വിശദമായി ചിന്മയാനന്ദസ്വാമിജിയെ ധരിപ്പിച്ചു. ഒരു സ്വീകരണത്തിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം അസന്ദിഗ്ധമായി അറിയിച്ചു. വേദാനന്ദസ്വാമിജി ആകെ വിഷമത്തിലായി. ഹിന്ദുക്കള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു സ്വീകരണം സംഘടിപ്പിച്ചാല്‍ പങ്കെടുക്കാമെന്ന നിലപാടില്‍ ചിന്മയാനന്ദജി ഉറച്ചുനിന്നു. തുടര്‍ന്ന് രാത്രി വിശ്രമത്തിന് അദ്ദേഹം പോവുകയും ചെയ്തു.
എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും മനോധൈര്യം കൈവിടാതെ വേദാനന്ദ സ്വാമി പിറ്റേ ദിവസം വെളുപ്പിന് 3 മണിക്ക് ചിന്മയാനന്ദ സ്വാമിയുടെ മുറിയുടെ വാതില്ക്കല് ഉപവിഷ്ടനായി. ഉറക്കമെണീറ്റ് വാതില്‍ തുറന്നപ്പോള്‍ ചിന്മയാനന്ദ സ്വാമിജി കണ്ടത് വിഷണ്ണനായി ഇരിക്കുന്ന വേദാനന്ദ സ്വാമിജിയെയാണ്. എല്ലാ ജാതി വിഭാഗങ്ങളും വളരെ സന്തോഷത്തോടെ നല്കുന്ന സ്വീകരണം തിരസ്കരിക്കരുതെന്ന അഭ്യര്‍ത്ഥനയുടെ മുന്നില്‍ ചിന്മയാനന്ദസ്വാമി അവസാനം വഴങ്ങി. വേദാനന്ദസ്വാമിജിയുടെ നയതന്ത്രജ്ഞതയുടെയും സൗമ്യമായ ഇടപെടലിന്റെയും വിജയമായിരുന്നു ഈ സംഭവം. ചിന്മയാനന്ദസ്വാമിജിയുടെ ഉറച്ച തീരുമാനം മാറ്റിമറിക്കാന്‍ കഴിയുന്ന സ്നേഹസാന്ദ്രമായ സമീപനമായിരുന്നു അതിന് കാരണം.
എല്ലാ വിഭാഗം ഹിന്ദുക്കളെയും സംഘടിപ്പിക്കുന്നതില്‍ സംന്യാസിശ്രേഷ്ഠന്മാര്‍ക്ക് വ്യക്തവും ശക്തവുമായ പങ്ക് വഹിക്കാനുണ്ടെന്ന് എപ്പോഴും ഊന്നിപ്പറയുമായിരുന്നു. അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും പ്രശ്നപരിഹാരത്തിന് വേണ്ടി ഏതറ്റം വരെ പോകാനും ഒരു മടിയും കാണിച്ചില്ല. 1983 ല്‍ നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കയ്യേറ്റം ഉണ്ടായപ്പോള്‍ സംന്യാസിമാരുമായി സംഭവസ്ഥലം സന്ദര്‍ശിച്ചു. ജൂണ്‍ 20 ന് കോട്ടയത്ത് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് കളക്ടറേറ്റ് പടിക്കല്‍ നടത്തിയ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്തു. അറസ്റ്റ് വരിച്ച് 250 ല്‍ പരം പ്രവര്‍ത്തകരോടൊപ്പം ജയില്‍വാസം അനുഷ്ഠിച്ചു. ജാമ്യത്തിലിറക്കാന്‍ പലരും വന്നു. നിര്‍ബന്ധിച്ചു. പക്ഷേ വഴങ്ങിയില്ല. എല്ലാവരോടും ഒപ്പം ജയിലില്‍ തന്നെ കഴിച്ചുകൂട്ടി. വിമോചിതനായ സ്വാമിജിക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ഏക സംന്യാസിശ്രേഷ്ഠനാണ് ഇദ്ദേഹം.
അയോധ്യാ പ്രക്ഷോഭത്തിലും സ്വാമിജി പങ്കെടുത്തു. ഉടുപ്പി, പ്രയാഗ, ദല്‍ഹി, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ധര്‍മാചാര്യ സമ്മേളനങ്ങളില്‍ പങ്കെടുത്തു. വിശ്വഹിന്ദുപരിഷത്തിന്റെ മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ കണ്‍വീനറായി ചുമതലയേറ്റശേഷം കേരളത്തില്‍ നടന്ന സംന്യാസിസമ്മേളനങ്ങളില്‍ സ്വാമിജിയുടെ നേതൃത്വവും സാന്നിധ്യവും ഹൈന്ദവ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു.
സൗമ്യഭാവമായിരുന്നു സ്വാമിജിയുടെ മുഖമുദ്ര. ആരോടും പരിഭവമോ പരാതിയോ വിദ്വേഷമോ ഇല്ലാതെ ഏവരോടും സന്തോഷഭാവത്തില്‍ മാത്രം ഇടപഴകിയ ജനകീയനായ ഒരു ധര്‍മ്മഗുരുവിനെയാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ഗീതാവചസ്സുകള്‍ ശ്രവിക്കാത്തവര്‍ നന്നേ കുറവ്. കാല്പാദങ്ങള് സ്പര്‍ശിക്കാത്ത ഗ്രാമങ്ങള്‍ ചുരുക്കം. ഒരു കാലഘട്ടത്തെ മുഴുവന്‍ ഉണര്‍ത്തിയ ഗീതാവൈഖരി ഓര്‍മ്മയായി. ആ ധന്യസ്മരണക്ക് മുന്നില്‍ സ്നേഹപ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: