കൊല്ലം: പിണറായി-കോടിയേരി അച്ചുതണ്ട് കാര്യങ്ങള്‍ ഏകപക്ഷീയമായി നിശ്ചയിക്കുന്നതിനെതിരെ സിപിഎമ്മില്‍ പുതിയ ധ്രുവീകരണം. എല്ലാ ജില്ലകളിലെയും അതൃപ്തര്‍ ഒന്നിക്കുന്നതിന്റെ സൂചനകളാണ് ലോക്കല്‍, ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വ്യക്തമാവുന്നത്. എം.എ. ബേബിയും എ. വിജയരാഘവനും ഈ നീക്കത്തിന്റെ ചുക്കാന്‍ പിടിക്കുന്നു എന്നാണ് സിപിഎമ്മിനുള്ളില്‍ നിന്നു ലഭിക്കുന്ന വിവരം. ജി. സുധാകരനും തോമസ് ഐസക്കുമടക്കം അതൃപ്തരെ ഒപ്പം നിര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.
മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും മന്ത്രി കെ.എന്‍. ബാലഗോപാലും ഈ നീക്കത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതായാണ് വിവരം. കണ്ണൂര്‍ ലോബിയില്‍ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, പി. ജയരാജന്‍ എന്നിവര്‍ക്ക് പിണറായി-കോടിയേരി സംഘത്തോട് അത്ര താത്പര്യമില്ല. ഇ.പി. ജയരാജനും ശ്രീമതിയും ഒരുമിച്ചാണ് നീങ്ങുന്നത്. പുതിയ ചേരിക്കൊപ്പം നില്‍ക്കുന്ന കാര്യത്തില്‍ പി.ജയരാജന്‍ മനസുതുറന്നിട്ടില്ല.
എ. വിജയരാഘവന്‍ ആക്ടിങ് സെക്രട്ടറിയാണെങ്കിലും സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക തീരുമാനങ്ങളെല്ലാം പിണറായിയും കോടിയേരിയും ചേര്‍ന്നാണ് എടുക്കുന്നതെന്നാണ് ആരോപണം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള ചുമതലക്കാരെപ്പോലും നിശ്ചയിച്ച ശേഷമാണ് വിജയരാഘവനും കേന്ദ്രകമ്മിറ്റി അംഗങ്ങളും അറിയുന്നത്. ഘടകകക്ഷികളുമായുള്ള ചര്‍ച്ചനടത്തിയതും കോടിയേരി നേരിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: