റോയിവര്‍ഗീസ് ഇലവുങ്കല്‍
(തിരുവല്ല സി.എസ്.എ ബധിരവിദ്യാലയം, അദ്ധ്യാപകനാണ് ലേഖകന്‍)
എല്ലാവര്‍ഷവും ഡിസംബര്‍ മൂന്ന് ലോകഭിന്നശേഷിദിനമായി ആചരിക്കുന്നു. ഭിന്നശേഷിക്കരുടെ വിഭിന്ന കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിലെ ഉത്തമ പൗരന്മാരാക്കി, ഉന്നതഭാവി ഉറപ്പാക്കുന്നതിനും ആവശ്യമായ പ്രചോദനവും കരുതലും നല്‍കുന്നതിന് ദൃഢപ്രതിജ്ഞയെടുക്കേണ്ട ദിനം. ഇവര്‍ക്ക് ആവശ്യം സഹതാപമല്ല, മറിച്ച് കരുതലും സ്നേഹവും തൊഴിലുമാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിെലത്തിക്കുന്നതിനുള്ള ആര്‍ജ്ജവം കാണിക്കേണ്ട ദിവസമാണിത്.
കൊറോണ വൈറസ് ലോകം മുഴുവന്‍ നിശ്ചലമാക്കിയപ്പോള്‍ ഭരണകര്‍ത്താക്കളും ജനങ്ങളും എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. തൊഴില്‍ശാലകളും വാണിജ്യ വ്യവസായസ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും എല്ലാം നിശ്ചലമായി. പ്രധാന വരുമാന സ്രോതസ്സുകളെല്ലാം പ്രതിസന്ധിയിലായി. തൊഴിലില്ലാതെ ജനം വലഞ്ഞു. എങ്ങും സാമ്പത്തിക പ്രതിസന്ധി. എല്ലാം ഭദ്രമെന്ന് കരുതിയ ഭരണകര്‍ത്താക്കളും ജനങ്ങളും നിസ്സഹായരായി. ഇനിയൊരു തിരിച്ചുവരവ് അസാദ്ധ്യമെന്ന് മനസ്സിലായപ്പോള്‍ ഘട്ടഘട്ടമായി എല്ലാം തുറന്നുകൊടുത്തു. ‘കൊറോണ വൈറസിനൊപ്പം ജിവിതവും’ എന്ന സന്ദേശമുയര്‍ത്തി ഭരണകൂടങ്ങളും ജനങ്ങളും സാധാരണ ജീവിതത്തിലേക്ക് മടങ്ങികൊണ്ടിരിക്കുന്നു.
ഇത്തരമൊരു സാഹചാര്യത്തിലാണ് ലോകം നാളെ ഭിന്നശേഷി ദിനമായി ആചരിക്കുന്നത്. ശാരീരിക-മാനസിക-കാഴ്ച-ശ്രവണ വെല്ലുവിളികള്‍ നേരിടുന്നവരെയാണ് പൊതുവെ ഭിന്നശേഷിക്കാരെന്ന് വിശേഷിപ്പിക്കാറുള്ളത്. ഇതു കൂടാതെ സെറിബ്രല്‍ പാള്‍സി, പഠനവൈകല്യങ്ങള്‍, മറവി രോഗം തുടങ്ങിയവ ബാധിച്ചവരേയും ഭിന്നശേഷിക്കാരായി പരിഗണിക്കുന്നു.
കൊവിഡ് വ്യാപനം ഭിന്നശേഷിക്കാരുടെയും ജീവിതം ദുഷ്ക്കരമാക്കി. സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പലര്‍ക്കും തൊഴില്‍ ചെയ്യാനാവാതെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. തൊഴില്‍ശാലകള്‍ അടഞ്ഞുകിടന്നതിനാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കൊവിഡ് ബാധിച്ച് ചികിത്സ തേടിയവരും നിരവധി. ചിലര്‍ക്ക് ജീവന് നഷ്ടമായി.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സവിശേഷ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഇവര്‍ക്ക് ഭക്ഷണ അലവന്‍സോ, മറ്റ് ഗ്രാന്റുകളോ ലഭ്യമല്ല. ഇത് അവരുടെ ജീവിതം ഏറെ ദുഷ്ക്കരമാക്കി. കലാലയാന്തരീക്ഷത്തിലൂടെയുള്ള പഠനങ്ങളും ഒത്തുചേരലുകളും, കലാ-കായിക-ശാസ്ത്രീയ പ്രവൃത്തിപരിചയ മേളകളിലും പൊതുപരിപാടികളിലുമുള്ള പങ്കാളിത്തവുമാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസവും മാനസിക വളര്‍ച്ചയും സാധ്യമാകുന്നത്. മറ്റുള്ളവരുമായി ഇടപഴകുന്നതിലൂടെയും സമാനതയുള്ളവരുമായി ഒത്തുചേരുന്നതിലൂടെയും ഭിന്നശേഷിക്കാര്‍ക്ക് ആശയവിനിമയവും വിജ്ഞാന സമ്പാദനവും സാധ്യമാകുന്നു. വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലും അധ്യാപകരുടെ നിരന്തര സാമിപ്യവുമാണ് ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം പരിപൂര്ണ്ണതയിലെത്തിക്കുന്നത്.
സംസ്ഥാനത്ത് സവിശേഷ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഇതിനുള്ള സാഹചര്യം ഇപ്പോഴില്ല. ഭിന്നശേഷിക്കാരുടെ വ്യക്തിത്വവികാസത്തെയും പഠനത്തെയും ഇന്നത്തെ സ്ഥിതിവിശേഷം സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാത്തതും പൊതുസമൂഹവുമായി ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങളിലും സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ കഴിയാത്തതും ഇവരില്‍ ദുഷ്ചിന്തകളും ദുഷ്സ്വഭാവങ്ങളും രൂപപ്പെടാനും ഇടയാക്കിയേക്കാം. ചുരുക്കത്തില്‍ ഭിന്നശേഷിക്കാര്‍ വീടുകളില്‍ ഒതുങ്ങിക്കൂടികഴിയേണ്ടിവരുന്നത് കുട്ടിയുടെ വ്യക്തിത്വവികാസത്തെയും സാമൂഹിക പ്രതിബദ്ധതയേയും ബാധിക്കും.
സാധാരണ സ്കൂളുകളിലെ കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാര്‍ക്ക് അത് ലഭ്യമല്ല. എങ്കിലും ഭിന്നശേഷിക്കാരുടെ പഠനത്തിന് സഹായകമായത് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ്. ഇതുമൂലം പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടാനുമായി. അദ്ധ്യാപകര്‍ നിരന്തരമായി രക്ഷിതാക്കളുടെ സഹകരണത്തോടെ ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് ഇതിന് സഹായിച്ചത്. ഈ അദ്ധ്യയന വര്‍ഷമാകട്ടെ നവംബര്‍ ഒന്നിന് സ്പെഷല്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും ഹോസ്റ്റല്‍ തുറക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ഇവരുടെ പഠനം വഴിമുട്ടുന്നു. ഹോസ്റ്റല്‍ തുറക്കാത്തതിനാല്‍ വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന ഇവര്‍ക്ക് ദിവസവും സ്കൂളിലെത്താല് കഴിയാത്തതാണ് തടസം. അതിനാല്‍ ഓണ്‍ലൈന്‍ പഠനമാണ് ഏകാശ്രയം.
ഡിസംബര്‍ മൂന്നിന് സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാര്‍ക്ക് ഒത്തുചേരലിനും പരസ്പരം ആശയവിനിമയത്തിനും മാനസികോല്ലാസത്തിനും കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് അവര്‍ക്ക് പ്രോത്സാഹനമായി സമ്മാനങ്ങള്‍ നല്കി ആദരിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ലോകഭിന്നശേഷിദിനത്തില്‍ ഓണ്‍ലൈനായി മത്സരം നടത്താനാണ് സംഘാടകരുടെ തീരുമാനം. ഇത്തരത്തില്‍ ഭിന്നശേഷിക്കാരുടെ ഒത്തുചേരലുകളും ആശയവിനിമയങ്ങളുമെല്ലാം ഓണ്‍ലൈനില്‍ ഒതുങ്ങും. ഇക്കാലയളവില്‍ എയ്ഡഡ് സ്കൂള്‍ നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയെന്നതാണ് ഏക പ്രതീക്ഷ. എന്നിരുന്നാലും ഭിന്നശേഷിക്കാര്‍ പ്രതിസന്ധികളെ മറികടന്ന് വിജയത്തിന്റെ പടവുകള്‍ ഓരോന്നായി കയറി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാശിക്കാം. അതിനുള്ള പ്രചോദനവും കരുത്തുമേകാനും സാന്ത്വനവും കരുതലും നല്‍കാനും നമ്മുക്ക് ദൃഢപ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: