കൊവിഡ് മഹാമാരി വീണ്ടും ലോകജനതയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്ന ഒമിക്രോണ്‍ എന്ന വകഭേദമാണ് ലോക രാഷ്ട്രങ്ങള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നത്. പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും സൗദിഅറേബ്യയിലുമായി നാല്പതിലേറെ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ പല രാഷ്ട്രങ്ങളും വിദേശവിമാന യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി തുടങ്ങിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. വ്യാപനശേഷിയും അപകട സ്വഭാവവും ഇതുവരെ കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആഗോളതലത്തില്‍ ഒമിക്രോണ്‍ വലിയ ഭീഷണിയാകുമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ഇതു വഴി മറ്റൊരു കൊവിഡ് തരംഗം കൂടി ഉണ്ടാവുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകം മുഴുവന്‍ വ്യാപിച്ച ഡല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളെപ്പോലെ ഒമിക്രോണിനെയും പ്രശ്നങ്ങളുണ്ടാക്കുന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി പല രാഷ്ട്രങ്ങളും വളരെ തിടുക്കത്തില്‍ വിദേശ വിമാനയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണ്. ഒമിക്രോണിന്റെ വരവോടെ ഓഹരി വിപണി ഇടിയുകയും എണ്ണവില ഉയരുകയും ചെയ്തു. ഒരുവിധം കരകയറി വരികയായിരുന്ന ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഇത് തിരിച്ചടിയായി. കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ വിദേശ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഭാരതവും തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആ തീരുമാനം റദ്ദാക്കിയിരിക്കുകയാണ്.
അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ പുതിയ സംഭവവികാസത്തെ അത്ര ഗൗരവത്തിലല്ല എടുത്തിട്ടുള്ളത്. ഒമിക്രോണ്‍ വകഭേദത്തിന്റെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം വലിയ വിമര്‍ശനമുന്നയിക്കുകയുണ്ടായി. പുതിയ കൊവിഡ് വകഭേദത്തിന് ചൈനീസ് പ്രധാനമന്ത്രിയുടെ പേരിനോട് സാമ്യം വരാതിരിക്കാനാണ് ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന പേര് കണ്ടെത്തിയതെന്ന വിമര്‍ശനവും ശക്തമാണ്. ഒമിക്രോണിന്റെ അപകടശേഷി എത്രയാണെന്നോ, എങ്ങനെയൊക്കെയാണ് ഈ വൈറസ് മനുഷ്യനെ ബാധിക്കുകയെന്നോ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നതായാണ് ലോകാരോഗ്യസംഘടന പോലും പറയുന്നത്. വിദഗ്ധര്‍ ഇക്കാര്യത്തില്‍ പല അഭിപ്രായക്കാരാണ്. ഭയവിഹ്വലരാവേണ്ട ആവശ്യമില്ലെന്നും, വ്യാപനശേഷി കൂടുതലാണെങ്കിലും വാക്സിനിലൂടെ പ്രതിരോധശേഷിയാര്‍ജിച്ചവരെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ കരുതുന്നത്. രോഗബാധിതരില്‍ കൂടുതല്‍ യുവാക്കളാണെന്നും, നേരിയ തോതിലുള്ള അണുബാധയാണ് ഇവര്‍ക്കുള്ളതെന്നുമാണ് ദക്ഷിണഫ്രിക്കയില്‍ നിന്നുള്ള വിവരങ്ങള്‍. അതേസമയം ഇത് ലഭ്യമായ ആദ്യ സൂചനകളാണെന്നും കരുതുന്നവരുണ്ട്. ജാഗ്രതയാണ് ആവശ്യം. രാജ്യാതിര്‍ത്തികളിലെ നിരീക്ഷണം ശക്തിപ്പെടുത്തുകയും വേണം. കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ നിന്ന് പിന്നോട്ടുപോവാന്‍ പാടില്ല. ഒമിക്രോണിനെ ചെറുക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്നത് രണ്ട് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തവര്‍ക്കും ബൂസ്റ്റര്‍ഡോസ് നല്‍കാനാണ്. എന്നാല്‍പ്പോലും താല്‍ക്കാലികമായേ ഗുണം ചെയ്യൂ. ഓരോ ആറുമാസത്തിലും ബൂസ്റ്റര്‍ ഡോസ് എടുക്കുകയെന്നത് പ്രായോഗികവുമല്ല.
ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരിക്കുന്നു എന്ന വിവരം ലഭിച്ചയുടന്‍ പ്രധാനമന്ത്രി നരന്ദ്ര മോദി ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്കുകയുണ്ടായി. രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് 150 കോടി ഡോസിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഭാരതമെന്നും, കൊവിഡിന്റെ പുതിയ വകഭേദത്തെ കരുതിയിരിക്കണമെന്നുമാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ ഓരോ പാര്‍ലമെന്റംഗങ്ങളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും മോദി അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഭാരതത്തില്‍ ഇതുവരെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടില്ല. ആഫ്രിക്കയില്‍ നിന്ന് ബെംഗളൂരുവില്‍ വിമാനമിറങ്ങിയ ഒരാള്‍ നിരീക്ഷണത്തിലാണ്. കൊവിഡ് വ്യാപനത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ആപത്ത് ഏതു നിമിഷവും നമ്മെ തേടിയെത്താം. അതുകൊണ്ട് ഒരുവിധത്തിലും അലസത പാടില്ല. അതേസമയം പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. വകഭേദം ഏതായാലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് കൊവിഡിനെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന് തെളിഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കുന്നതിലൂടെ കൊവിഡ് പകരുന്നത് 53 ശതമാനം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റൊന്ന് പ്രതിരോധ കുത്തിവയ്പ്പാണ്. വികസ്വര രാജ്യങ്ങളില്‍ ആറ് ശതമാനം പേര്‍ക്കാണ് വാക്സിനേഷന് എടുക്കാന്‍ കഴിഞ്ഞിട്ടുള്ളതെങ്കിലും ഭാരതം ഇക്കാര്യത്തില്‍ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. ഈ നേട്ടം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ വാക്സിനേഷന് പരിധി വര്‍ധിപ്പിക്കുകയും, ജനങ്ങള്‍ ഇനിയും ജാഗ്രതയോടെ പെരുമാറുകയും വേണം. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ അതിജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: