ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതോടെ സമരം ചെയ്തിരുന്ന കര്‍ഷക യൂണിയനുകളില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്മാറാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായി ഒരു വിഭാഗത്തെ വീണ്ടും സമരമുഖത്ത് തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് രാകേഷ് ടികായത്ത് സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പഞ്ചാബിലെ കര്‍ഷക യൂണിയനുകളില്‍ ഒരു വിഭാഗം സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ജാഠ് സിഖ് സമൂദായത്തിലുള്ളവര്‍ അംഗങ്ങളായുള്ള യൂണിയനുകളാണ് സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ബന്ധമുള്ള സംഘടനകളാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. കേന്ദ്രം എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സ്ഥിതിക്ക് സമരം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഈ യൂണിയനുകള്‍ ഉയര്‍ത്തുന്നത്. കര്‍ഷകരില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്മാറിയതായി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംയുക്ത കിസാന്‍ യൂണിയന്റെ യോഗം റദ്ദാക്കിയതായി ഒരു വിഭാഗം അറിയിച്ചിരുന്നു.
എന്നാല്‍ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സമരം തുടരുമെന്ന് അറിയിച്ചിരിക്കുകയാണ്.മിനിമം വില എന്ന ഗ്യാരണ്ടി പ്രഖ്യാപിക്കണമെന്നും മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ക്ക് ട്രാക്ടറുകള്‍ നല്‍കണമെന്നുമുള്ള ഒരു നീണ്ട ലിസ്റ്റുള്ള ഡിമാന്റാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരിയ്ക്കലും സര്‍ക്കാരിന് അംഗീകരിച്ചുകൊടുക്കാന്‍ കഴിയാത്ത അത്രയും ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സമരത്തില്‍ കടിച്ചുതൂങ്ങാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കത്തിന്റെ ഭാഗമാണ് രാകേഷ് ടികായത്തിന്റെ ഈ നിലപാട്. മാത്രമല്ല, തൊട്ടുപിന്നാലെ പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. സമരത്തില്‍ കര്‍ഷകര്‍ മരിച്ചിട്ടില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
‘അടുത്ത സംയുകത കിസാന്‍ മോര്‍ച്ച യോഗം ഡിസംബര്‍ നാലിനാണ്. 32 കര്ഷകയൂണിയനുകളാണ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കായി പോകുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗമുണ്ടെന്ന് തെറ്റായി പ്രഖ്യാപിച്ചതാണ്.’- മറ്റൊരു കര്‍ഷക യൂണിയന് നേതാവ് പറഞ്ഞു.
കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ബില്‍ 2021 പാസാക്കിയതോടെ സമരം പിന്‍വലിക്കുമെന്നാണ് ഒരു വിഭാഗം യൂണിയനുകളുടെ തീരുമാനം. ദല്‍ഹി അതിര്‍ത്തിയില്‍ നിന്നും സമരം എടുത്തുമാറ്റുന്നത് സംബന്ധിച്ച് പഞാബിലെ 32 കര്‍ഷക യൂണിനുകള്‍ സിംഘു അതിര്‍ത്തിയില്‍ യോഗം ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: