ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ സംഘര്‍ഷം സൃഷ്ടിച്ച 12 എംപിമാര്‍ മാപ്പു പറയാതെ സഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി.
സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ തങ്ങള്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും സഭയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും പാര്‍ലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാനുള്ള അപ്പീല്‍ രാജ്യസഭാ ചെയര്മാന് എം വെങ്കയ്യ നായിഡു തള്ളിയതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുള്ള വാക്കുതര്‍ക്കമുണ്ടായി. കഴിഞ്ഞ സമ്മേളനത്തിലെ പ്രശ്നങ്ങളുടെ പേരില്‍ നടപ്പു സമ്മേളനത്തില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. എംപിമാര്‍ക്കെതിരെ നടപടിയെടുത്തതു സഭാധ്യക്ഷനല്ലെന്നും സഭയാണെന്നും വെങ്കയ്യ ചൂണ്ടിക്കാട്ടി. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷന്റെ അനുമതിയോടെയാണു സസ്പെന്ഷന് പ്രമേയം പാസാക്കിയതെന്നും അത് സഭയുടെ മാത്രം നടപടിയായി ചിത്രീകരിക്കേണ്ടെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.
കഴിഞ്ഞ സമ്മേളനകാലത്തു സഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ എംപിമാര്‍ക്ക് പശ്ചാത്താപം പോലുമില്ലെന്നും സസ്പെന്ഷന് പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കിയതോടെ, പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടം വിട്ടിറങ്ങി. പിന്നാലെ സഭ ബഹിഷ്കരിക്കുകയാണെന്നറിയിച്ച് ഇറങ്ങിപ്പോയി.
രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം കൈയേറ്റം ചെയ്തതിനാണ് 12 പ്രതിപക്ഷ എം.പി.മാര്‍ക്ക് സസ്പെന്ഷന് ലഭിച്ചത്. സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം, സി.പി.ഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കോണ്‍ഗ്രസില്‍നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസിലും ശിവസേനയില്‍ നിന്ന് രണ്ടുപേര്‍ വീതവും സസ്പെന്‍ഷനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: