കൊച്ചി: തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ കയ്യാങ്കളിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. ഇടത് കൗണ്‍സിലര്‍മാരായ ഡികd്സണ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി. സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റേയും ഇടത് കൗണ്‍സിലര്‍മാരുടെയും പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെയര്‍പേഴ്സന്റെ മുറിയുടെ പൂട്ടു നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടായത്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അജിത തങ്കപ്പന്, കൗണ്‍സിലര്‍മാരായ ലാലി ജോഫിന്‍, ഉണ്ണി കാക്കനാട്, പ്രതിപക്ഷത്തെ മുന്‍ ചെയര്‍പേഴ്സണ്‍ ഉഷ പ്രവീണ്‍, അജുന ഹാഷിം, സുമ മോഹന്‍ എന്നിവര്‍ കാക്കനാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്.
ഇതോടെ കൂട്ടത്തല്ലിനെച്ചൊല്ലി ഇരുവിഭാഗവും പരാതി നല്‍കിയതോടെയാണ് രണ്ട് പേര് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസില്‍ പരാതി നല്‍കിയത്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഇടപെടലില്‍ നഗരസഭയില്‍ ഭരണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. തുടര്‍ച്ചയായി തനിക്ക് നേരെ ജാതീയമായ അധിക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. ഡയസിലേക്ക് കയറിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത്തരം നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പറഞ്ഞു.
അതേസമയം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ഏകാധിപത്യപരമായാണ് ഭരണം നടത്തുന്നത്. കൃത്യമായി കൗണ്‍സിലുകള്‍ കൂടുകയോ ചര്‍ച്ചകള്‍ ചെയ്യുകയോ ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം 76 അജന്‍ഡകളാണ് പാസാക്കിയത്. ചര്‍ച്ചകള്‍ നടത്താതെയാണ് ഇത്രയും അജന്‍ഡകള്‍ പാസാക്കിയത്. ഇത് ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പി.സി. മനൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: