ന്യൂദല്‍ഹി : ഇന്ത്യന്‍ നാവികസേന മേധാവിയായി ആദ്യമായി ഒരു മലയാളി ചുമതലയേറ്റു. വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്തു. സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിങ്ങില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ ഏറ്റെടുത്തു.
ദല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വെച്ചാണ് ചുമതല ഏറ്റെടുക്കല്‍ ചടങ്ങ് നടന്നത്. അമ്മയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയശേഷമാണ് അദ്ദേഹം ചുമതലയേറ്റത്. നാവിക സേനാ മേധാവിയായി ചുമതലയേറ്റതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഹരികുമാര്‍ പ്രതികരിച്ചു. ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ആര്. ഹരികുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഏറെ നിര്‍ണായകമായ സമയത്താണ് താന്‍ നാവികസേനാ മേധാവിയായി ചുമതലയേറ്റതെന്നും ഇപ്പോള്‍ സ്ഥാനം ഒഴിയുന്നത് ഏറെ അഭിമാനത്തോടെ തന്നെയാണെന്നും അഡ്മിറല്‍ കരംബീര്‍ സിങ്ങും പറഞ്ഞു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായിരുന്നു ഹരികുമാര്‍. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹത്തിന് 2024 ഏപ്രില്‍ മാസം വരെയാണ് കലാവധി.
തിരുവനന്തപുരം നീറമണ്‍കര മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലും തിരുവനന്തപുരം ആര്‍ട്സ് കോളേജിലും പഠിച്ച അദ്ദേഹം 1979-ലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരുന്നത്. 1983 ജനുവരി ഒന്നിനാണ് നാവികസേനയില്‍ നിയമിതനാകുന്നത്. എഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര് തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റെടുത്തത്.
39 വര്‍ഷത്തെ അനുഭവപരിചയുമായാണ് അദ്ദേഹം ഇപ്പോള്‍ നാവികസേനയുടെ തലപ്പത്തേക്ക് എത്തിയത്. സ്ത്യുത്യര്‍ഹ സേവനത്തിന് വിശിഷ്ടസേവാ മെഡല്‍ (2010), അതിവിശിഷ്ട സേവാ മെഡല്‍ (2016), പരമവിശിഷ്ട സേവാ മെഡല്‍ (2021) എന്നീ ബഹുമതികള്‍ രാജ്യം നല്കി ആദരിച്ചിട്ടുണ്ട്. ഭാര്യ: കല നായര്‍. മകള്‍: അഞ്ജന നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: