ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കണം. പതിമൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും ആറ് നഗര്‍ പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ 112 സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ സീറ്റിന്റെ 34 ശതമാനം വരും ഇത്. അവശേഷിച്ച 222 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ 217 സീറ്റും ബിജെപി നേടിയപ്പോള്‍ സിപിഎമ്മിന് വെറും മൂന്നു സീറ്റുകൊണ്ടും, തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റുകൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു. ഇടതുപക്ഷത്തിനും തൃണമൂലിനുമെതിരെ കടുത്ത പോരാട്ടം നടത്തിയ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍ ഒന്നൊഴിയാതെ ബിജെപി പിടിച്ചടക്കിയത് എതിരാളികളെ ഞെട്ടിച്ചു. ഒരിടത്തുനിന്നും ജയിക്കാനാവാതെ പോയ കോണ്‍ഗ്രസ്സ് പൂര്‍ണമായി ഒറ്റപ്പെട്ടു. കാല്‍നൂറ്റാണ്ടിലേറെക്കാലം ഇടതുപക്ഷം ഭരിച്ച, ചുവപ്പുകോട്ട എന്നറിയപ്പെട്ട ത്രിപുര 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത ബിജെപി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സമ്പൂര്‍ണ വിജയം നേടി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരുവര്‍ഷം നീട്ടിവച്ച തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ ബിജെപി വിജയം ആവര്‍ത്തിച്ചിരിക്കുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ത്രിപുര ഗോത്രവര്‍ഗ സ്വയംഭരണ ജില്ലാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇതുതന്നെയായിരിക്കും സ്ഥിതിയെന്ന് ഉറപ്പാണ്.
ബിജെപിയില്‍നിന്ന് ത്രിപുരയുടെ അധികാരം തിരിച്ചുപിടിക്കുന്നതിന്റെ മുന്നോടിയാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പെന്ന അവകാശവാദവുമായാണ് തൃണമൂലും ഇടതുപാര്‍ട്ടികളും മത്സരത്തിനിറങ്ങിയത്. ബംഗാളിലെ വിജയം ത്രിപുരയിലും ആവര്‍ത്തിക്കാമെന്ന വ്യാമോഹമായിരുന്നു തൃണമൂലിന്. നേതാക്കളുടെ ഒരു പടയെ അണിനിരത്തിയും വന്‍തോതില്‍ പണമിറക്കിയും, അക്രമം എന്ന് മുറവിളി കൂട്ടി സുപ്രീംകോടതിയില്‍ പരാതിപ്പെട്ടുമൊക്കെ തൃണമൂല്‍ നേതൃത്വം വലിയ കോലാഹലമുണ്ടാക്കിയെങ്കിലും അവരെ വേണ്ടെന്ന് ത്രിപുരയിലെ ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു. പരാജയത്തിനുമുണ്ട് ഒരു അന്തസ്സ്. വെറും ഒരു സീറ്റ് അതിനുതകുന്നതല്ല. മാനക്കേട് ഒഴിവാക്കാന്‍ കൂടിയാണ് ഇടതുപക്ഷം മത്സരത്തിനിറങ്ങിയത്. പക്ഷേ വോട്ടെടുപ്പിന് മുന്‍പു തന്നെ ജനപിന്തുണയില്ലെന്നു കണ്ട് നാല് സിപിഎം സ്ഥാനാര്‍ത്ഥികളും ഒരു ഫോര്‍വേര്‍ഡ് ബ്ലോക്കുകാരനും നാമനിര്‍ദേശം പിന്‍വലിച്ചിരുന്നു. 46 സീറ്റില്‍ മത്സരിച്ചിട്ടാണ് മൂന്നു സീറ്റില്‍ കഷ്ടിച്ച് ജയിക്കാനായത്. സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകളെല്ലാം പ്രചാരണത്തിനിറങ്ങുകയും, വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്തു. ഒന്നും ഫലം കണ്ടില്ല. ത്രിപുരയില്‍ ഇടതുപക്ഷത്തിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു. ഈ സത്യം അറിയുന്നതുകൊണ്ടാണ് അഗര്‍ത്തലയിലെ പ്രചാരണത്തില്‍നിന്ന് സിപിഎം നേതാവും പലതവണ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ വിട്ടുനിന്നത്. വെറുതെയല്ല പരാജയത്തോട് പ്രതികരിക്കുകപോലും ചെയ്യാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പിന്‍വലിഞ്ഞിരിക്കുന്നത്.
ത്രിപുരയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ താഴെത്തട്ടിലെ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ നടത്തിയ വികസനത്തിന്റെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും അംഗീകാരമാണ് ബിജെപി വിജയത്തില്‍ പ്രതിഫലിക്കുന്നത്. മുഖ്യമന്ത്രി ബിപ്ലവ് ദേവും, ത്രിപുരയില്‍നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയായ പ്രതിമ ഭൗമിക്കും നേതൃത്വം നല്കിയ ബിജെപിയുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇടതുപക്ഷ ഭരണമെന്ന പേക്കിനാവ് ഇനി തിരിച്ചു വരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷക സമരം, ഇന്ധനവില വര്‍ധന എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍ രാജ്യമാസകലം നരേന്ദ്ര മോദിക്കെതിരായ വികാരം അലയടിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ്സും തൃണമൂലും മത്സരത്തിനിറങ്ങിയത്. ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയുമുണ്ടായിരുന്നു. ബംഗാളില്‍ വിജയത്തിന്റെ ആവേശത്തില്‍ നരേന്ദ്ര മോദിക്ക് ബദലായി ഉയര്‍ന്നുവരാനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജി. ത്രിപുരയില്‍ വലിയ വിജയം നേടി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാമെന്ന മമതയുടെ മോഹം തുടക്കത്തിലേ തല്ലിക്കൊഴിക്കുന്നതാണ് ത്രിപുരയിലെ തൃണമൂലിന്റെ പരാജയം. ഭരണപക്ഷം പോയിട്ട് പ്രതിപക്ഷമായിപ്പോലും ഇടതുപാര്‍ട്ടികളും തൃണമൂലും വേണ്ടെന്നാണ് ജനങ്ങളുടെ തീരുമാനം. ഇത് പ്രതിപക്ഷ നിരയില്‍ പുതിയ വിള്ളലുകള്‍ സൃഷ്ടിക്കും. ത്രിപുരയില്‍ ഒരുതരത്തിലുള്ള ഭരണവിരുദ്ധ വികാരവുമില്ലെന്നാണ് ബിജെപി വിജയം കാണിക്കുന്നത്. ഇടതുപക്ഷ ഭരണത്തില്‍ ഏറെ പിന്നാക്കം പോയ ത്രിപുരയ്ക്കു വേണ്ട എല്ലാ സഹായവും നല്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനുള്ള അംഗീകാരം കൂടിയാണ് ബിജെപിയുടെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: