സി.എ. സജീവന് ബത്തേരി
ശ്രീ പോര്‍ക്കലീ കനിഞ്ഞേകിയ ചൈതന്യ-
ഖഡ്ഗ്ഗവും തങ്കപ്പരിചയും കച്ചയും.
വീരപഞ്ചാസ്യ മുഖവുമാ, നക്ഷത്ര-
ദീപനയനവും ചന്ദ്രതിലകവും
സ്വര്ണമണികളണിഞ്ഞ രുദ്രാക്ഷവും
വര്‍ണം വിതറുന്ന വജ്രാംഗുലീയവും
ആ രക്തചന്ദനച്ചാര്‍ത്തിനാല്‍ സന്ധ്യാഭ
ചേരുന്ന ദിവ്യ പരിവേഷ കാന്തിയും
ക്ഷാത്രമാം പൊന്നുടലൊന്നതാം കേരള-
സംസ്കാര വീരചൈതന്യ പ്രഭാവവും
ഒട്ടും മറന്നില്ല, ഞങ്ങളിന്നും നെടും
കോട്ടയം നാട്ടിലെ പഞ്ചാസ്യ വീരനെ…
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധികാരമേധ, അതിന്റെ ബുദ്ധിയുക്തി പ്രഭാവങ്ങളോടെ ലോകത്തിന്റെ നെറുകയിലും ഭാരതത്തിന്റെ പുണ്യപുരാതന സംസ്ക്യതീ ചൈതന്യത്തിന്റെ ത്രിശിരസ്സിലും വിജയ പതാക പാറിച്ച നാളുകളില്‍, വര്‍ണ വര്‍ഗ്ഗ വൈജാത്യങ്ങളാല്‍ വൈരുദ്ധ്യ പൂര്‍ണ്ണമായ കേരളത്തിന്റെ മണ്ണില്‍ മാപ്പിളയേയും നായരേയും കുറിച്യ കുറുമന്‍മാരെയും ഏകോപിപ്പിച്ച്, ഇംഗഌഷുകാര്ക്കെതിരെയുള്ള ധര്മ്മയുദ്ധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ആദ്യപാദത്തില്‍ തന്നെ കൊല്ലപ്പെട്ട വീരകേരളവര്‍മ്മ പഴശ്ശിരാജാവിനെ പറ്റി മഹാകവി പി. കുഞ്ഞിരാമന് നായര്‍ എഴുതിയ വരികളാണിത്.
ശിഥില രൂപത്തില്‍ പോലും വിസ്മയ വിഷയമാവുന്ന ചരിത്രത്തിന്റെ വിശുദ്ധ സൂക്ഷിപ്പുകള്‍ പോലെ പഴശ്ശിരാജാവിന്റെ ജീവിതവും ആ ജീവിതത്തിലെ വേറിട്ട ഏടെന്നു പറയുന്ന സാമ്രാജ്യത്വ വിരുദ്ധ സമര മുഹൂര്‍ത്തങ്ങളും നമ്മുടെ പ്രജ്ഞയില്‍ ദേശാഭിമാനത്തിന്റേതായ ഉല്ക്കര്ഷങ്ങള് വിരിയിക്കുന്നു. ‘ഇംഗഌഷുകാരന്റെ അധികാര സ്രോതസ്സ് എത്ര മാത്രം യുദ്ധ പ്രമത്തവും വംശനികൃഷ്ടമാണെങ്കില് പോലും ഞാന്‍ പതറുകയില്ല. എന്റെ കഴിവിന്റെ പരമാവധി അവര്‍ക്കെതിരെ പോരാടും. മണത്തണയിലെ പുണ്യക്ഷേത്രത്തിലെ ദൈവങ്ങളെ നിന്ദിച്ച വൈദേശികന് ഞാന്‍ മറുപടി കൊടുക്കും. ജനങ്ങള്‍ ധര്‍മ്മത്തിന്റെ പക്ഷത്തു നിലകൊളളും’. ഒരു വേള, ഇംഗഌഷ് നൃശംസത നമ്മുടെ ദേശത്തിന്റെ പാവനമായ ആത്മാവിലെവിടെയോ കുത്തി മുറിവേല്പ്പിച്ചപ്പോള് പഴശ്ശിരാജാവ് ജനപക്ഷത്തു നിന്നു പറഞ്ഞ വാക്കുകള്‍. വെളളക്കാരന്റെ സാമ്രാജ്യസംസ്ഥാപനദുര അതിന്റെ കൃത്യവും കൃതഹസ്തവുമായ ശൈലീ വിലാസങ്ങളാല്‍, തദ്ദേശ ജനതയുടെ മൗലിക ജീവിത ധാരയേയും വിശ്വാസ സ്തംഭങ്ങളേയും ധ്വംസിക്കുന്നതില്‍, ധര്‍മ്മരോഷം പൂണ്ട കേരള വര്‍മ്മയെക്കുറിച്ച് ചരിത്രസാക്ഷ്യങ്ങള്‍ ഏറെ.
പശ്ചിമഘട്ടമലനിരകളുടെ ചരിത്രാഖ്യായികകള്ക്കുമപ്പുറത്ത് വേറിട്ടൊരു പരിസ്ഥിതി വിസ്മയമായ് പരിലസിക്കുന്ന പുരളിമല, വീര പഴശ്ശി തന്റെ ഒളിപ്പോര് യുദ്ധത്തിന്റെ പല സന്ദര്‍ഭങ്ങളിലും താമസിപ്പിച്ചിട്ടുള്ളൊരു സ്ഥലമാണ്. മുഴക്കുന്ന്, പുരളിമല, കണ്ണവം, മണത്തണ, ആറളം, താമരശ്ശേരി, വയനാട്ടിലെ പേരിയ, തലപ്പുഴ, മാനന്തവാടി, പനമരം, പുല്‍പ്പളളി, കമ്പളക്കാട്, തൊണ്ടൂര്നാട്, കുങ്കിച്ചിറ എന്നീ സ്ഥലങ്ങളിലൊക്കെ ഒളിപ്പോര് സംഘങ്ങള്‍ ഉണ്ടാക്കിയും സങ്കേതങ്ങള്‍ നിര്‍മ്മിച്ചും അദ്ദേഹം വിശ്രമമില്ലാതെ സഞ്ചരിച്ചു. ബ്രിട്ടീഷുകാരുടെ ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന് ഡങ്കന്റെ വിവരണങ്ങളില്‍ പഴശ്ശിയുടെ ഒരു നാടന്‍ രൂപമുണ്ട്. തലമുടി നീട്ടിവളര്‍ത്തി, ഒരു കുറിയ തഴച്ച താടിവെച്ച്, ഒരു ചെറിയ മനുഷ്യനായിരുന്നു പഴശ്ശി. ചിലപ്പോള്‍ ചുവന്ന ഒരു തൊപ്പി ധരിച്ചിരുന്നു. രേഖകളില്‍ ‘പൈച്ചി രാജ’യെന്നും ‘കൊട്ട്യോട്ട് രാജ’-യെന്നും കാണുന്നു. തലശ്ശേരിയില്‍ നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ കിഴക്കോട്ട് മാറി പഴശ്ശിയിലാണ് 1753ല്‍ കേരളവര്‍മ്മ ജനിച്ചത്.
തൃണവത്കരിക്കപ്പെട്ട ചരിത്രം
ഇന്ത്യന്‍ ഉപഭൂഖണ്ഡം 1853ല്‍ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ പൂര്‍ണമായി അമരുന്നതിന് മുമ്പ് അപൂര്‍ണമെങ്കിലും സ്വത്വപൂര്ണമായ ചില ആഭ്യന്തര കലാപങ്ങള്‍ ബംഗാളിലും ഇന്ത്യയുടെ പലഭാഗത്തും ഉയര്‍ന്നു വന്നു. കര്‍ഷകര്‍, കൂലിവേലക്കാര്‍ ഗോത്രവിഭാഗങ്ങള്‍ എല്ലാം സ്വതന്ത്ര സുഷുപ്തമായ ആ കാലം ബ്രിട്ടീഷ് തമോശക്തിയുടെ കുതിരപ്പട്ടാളം കണ്ട് ഉണര്‍ന്ന് ചില നാട്ടുശൈലികളിലൂടെ അവരെ പ്രതിരോധിച്ചു. ഏകമുഖവും വിരളം ചില ഉണര്‍ച്ചകളാല്‍ ബഹുമുഖവും ആയി മാറിയ ഈ എതിര്‍പ്പുകളെ ‘പരിത്യാഗികളുടെ വിപഌവം’ എന്ന് പറഞ്ഞ് ചിലര്‍ അടിച്ചമര്‍ത്തി.
എന്നാല്‍ ഈ ചൂഴിയും മലരികളും അടി പ്രവാഹങ്ങളും ഒരേ ഒരു ശബ്ദകേന്ദ്രവും സമരരൂപവുമായി 1857ലെ മഹാസഞ്ചലനമായിത്തീര്‍ന്നു. അതിന് കളമൊരുക്കിയ ആദ്യപാദ വിസ്ഫോടനങ്ങളിലെ മൗലികവും ലക്ഷണയുക്തവും പമാദവുമായ കലാപങ്ങളില്‍ പ്രമുഖം വയനാട്ടില്‍ കേരളവര്‍മ്മ നടത്തിയ കലാപമായിരുന്നു. കേരളവര്‍മ്മയുടെ ജ്വാജ്വല്യമാനമായ പോരാട്ട കഥ, ബ്രിട്ടീഷ് അധികൃതരെ ഭയന്ന് ചരിത്രകാരന്മാര് തൃണവത്കരിച്ചത് മറ്റൊരു വിപര്യയം.
തിരുവിതാംകൂര്‍ ദളവയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കൊടുത്ത പ്രാധാന്യം ആര്ഷസംസ്കാരസന്ദേശം പോലെ ആഢ്യ പുരസ്കൃതമായി നടന്ന പഴശ്ശി കലാപത്തിനു കൊടുക്കാതെ പോയി. മൈസൂര്‍ സുല്‍ത്താനായിരുന്നു ഹൈദരലിയുടെ അധികാരാശ്വമേധങ്ങള്ക്കു മുന്പില് വിറങ്ങലിച്ച കോട്ടയം രാജ്യത്ത്, അതിനെതിരെ യുവസഹജമായ വീര്യ പ്രതിരോധം സൃഷ്ടിച്ചു കൊണ്ടാണ് കേരളവര്‍മ്മ ധര്‍മ്മസംസ്ഥാപനത്തിന്റെ സുവര്ണവാതായനങ്ങള് തുറന്ന് ചരിത്രത്തിലേക്ക് കടന്നു വന്നത്.
ഹൈദരലിയുടെ പടയോട്ട നാളുകളില്‍ രാജ്യംവിട്ടോടിപ്പോയ മലബാറിലെ ഭീരുക്കളായ രാജാക്കന്മാര്ക്കപവാദമായി പഴശ്ശി ഹൈദരലിക്കെതിരേ നിലകൊണ്ടു. എന്നാല്‍ ഹൈദരലി- പഴശ്ശിയങ്കം ‘രാഷ്ട്രീയം’ എന്ന മുദ്ര കുത്തി ഇംഗഌഷുകാര്‍ ഒതുങ്ങി മാറി. പക്ഷെ ഹൈദര്‍ ഇംഗഌഷുകാരുടെ തലശ്ശേരി ക്യാമ്പ് ആക്രമിച്ചപ്പോള്‍ അവര്‍ യുദ്ധതന്ത്രം എന്ന നിലയില്‍ പഴശ്ശിയുമായി കൈകോര്‍ത്തു. പഴശ്ശി ഹൈദരുടെ പിടിയില്‍ നിന്ന് കോട്ടയം രാജ്യത്തിന്റെ സ്വാതന്ത്ര്യം സഫലീകരിച്ചു. ഇതോടെ പലായനം ചെയ്ത രവിവര്‍മ്മ തിരികെ വന്ന് രാജ്യാധികാരം ഏറ്റെടുത്തു.
1787 ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന് ടിപ്പുസുല്‍ത്താന്‍ ഭരണമേറ്റു. ഇംഗഌഷ് കമ്പനിയുമായി സന്ധിയിലേര്‍പ്പെട്ടു. ഇതു പ്രകാരം ഈസ്റ്റിന്ത്യാക്കമ്പനി, മലബാര്‍ ടിപ്പുവിനു തിരികെ നല്കി. എന്നാല്‍ കോട്ടയം രാജാവും പഴശ്ശിയുടെ അമ്മാവനുമായ രവിവര്‍മ്മ, സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന കൃഷിക്കാര്‍ക്ക് താങ്ങാനാവാത്ത ഒരു തുക ടിപ്പുവിന് കപ്പമായി കൊടുക്കാമെന്ന വ്യവസ്ഥയുണ്ടാക്കി ഭരണം തുടര്‍ന്നു.
നികുതി വര്‍ദ്ധിപ്പിച്ച് കൃഷിക്കാരില്‍ രവി വര്‍മ്മ അടിച്ചേല്‍പ്പിച്ച പരുക്കന്‍ നയം അവരെ പ്രകോപിതരാക്കി. അവര്‍ യുവരാജാവായിരുന്ന കേരളവര്‍മ്മയുടെ പിന്തുണയും നേതൃത്വവുമായി ചൂഷണ ഭരണശ്രേണികള്ക്കെതിരെ സംഘടിച്ചു. രവിവര്‍മ്മ ഭരണം അനന്തരവനായ പഴശ്ശിയെ ഏല്‍പ്പിച്ച് നാടുവിട്ടു 1789 ഓടെ ഇംഗഌഷുകാര്‍ക്കും ടിപ്പുസുല്‍ത്താന്റെ അധികാരഘോഷണങ്ങളില് പരുക്കുപറ്റി തുടങ്ങി. ടിപ്പു, തലശ്ശേരിയിലെ ഇംഗ്ലീഷ് ക്യാമ്പ് ലക്ഷ്യം വെച്ചതോടെ ഇംഗഌഷ് കമ്പനി പഴശ്ശിയുടെ സഹായം തേടി.
മൈസൂര്‍പ്പടയുടെ ആക്രമണത്താല്‍ അഭയം തേടി തലശ്ശേരിയിലെത്തിയ നായര്‍ പടയ്ക്ക് ഇംഗഌഷുകാര്‍ അഭയം കൊടുക്കാത്തതില്‍ പഴശ്ശി ഇംഗഌഷുകാര്ക്കെതിരെ നീങ്ങി. അവരുമായുണ്ടാക്കിയ ഉടമ്പടി റദ്ദു ചെയ്തു. തലശ്ശേരിയിലേക്ക് സൈന്യത്തെ നയിച്ചു. ഇതിനിടെ മൈസൂര്‍ -ആംഗ്ളോ യുദ്ധം ആസന്നമായി. ഈ അവസരം മുതലാക്കി കമ്പനിക്ക് കപ്പം കൊടുക്കാമെന്ന വ്യവസ്ഥയില്‍ കോട്ടയത്തെ ടിപ്പുവിന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചു.
1792ല്‍ ശ്രീരംഗപട്ടണ സന്ധിപ്രകാരം ആംഗ്ളോ-മൈസൂര്‍ യുദ്ധം അവസാനിച്ചു. സന്ധിയനുസരിച്ച് വയനാട് അടക്കമുളള മലബാര്‍ പൂര്‍ണമായും ടിപ്പു ഈസ്റ്റിന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു. ഇതോടെ പഴശ്ശിയും കമ്പനിയും മുഖാമുഖമായി. ഭൗതിക ലാഭങ്ങള്‍ക്കു വേണ്ടിയാണ് കമ്പനി യുദ്ധം ചെയ്തതെങ്കില്‍ ഒരു മഹത് രാജ്യത്തിന്റെ പുണ്യ പുരാതന സാംസ്കാരിക മൂല്യങ്ങള്‍ക്കു വേണ്ടിയാണ് പഴശ്ശി പടച്ചട്ടയണിഞ്ഞത്. ബോംബൈയില്‍ നിന്നു വന്ന കമ്മീഷന് കേരളവര്‍മ്മയുമായി തര്‍ക്കത്തിലായി.
പഴശ്ശിക്കെതിരെ ബ്രിട്ടീഷ് തന്ത്രം
ഇംഗ്ലീഷുകാരുമായുളള ആശയസമരത്തിന് അഥവാ അന്തിമ സമരത്തിന് സമയമായെന്ന തിരിച്ചറിവോടെ പഴശ്ശി തന്റെ പടയാളികളെ സമരസജ്ജമാക്കി. ബ്രിട്ടീഷ് സേന ഇതിനിടെ പഴശ്ശി കൊട്ടാരം പൂര്‍ണ്ണമായി ആക്രമിച്ചു നശിപ്പിച്ചു. ആക്രമണം അറിഞ്ഞ് രക്ഷപ്പെട്ട പഴശ്ശിയെ തേടി ഇംഗഌഷുകാര്‍ ഭടന്മാരെ അയച്ചു. വേങ്ങാട്ടെ രണ്ട് മാപ്പിളമാരെ കൊലചെയ്തു എന്ന കുറ്റം പഴശ്ശിയുടെ മേല്‍ ചാര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇംഗഌഷ് വിരുദ്ധ പോരാട്ടവുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉണ്ണി മൂത്ത, അത്തന്‍ ഗുരിക്കള്‍ എന്നീ മുസഌം ദേശാഭിമാനികളുമായി ചേര്‍ന്ന് പഴശ്ശി താന്‍ മുസഌം വിരോധിയല്ലെന്ന് തെളിയിച്ചു. തലശ്ശേരിയില്‍ നിന്നുളള ഇംഗഌഷ് പടയെ വയനാട്ടില്‍, തലക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുളള കുറിച്ച്യ സേന തകര്‍ത്തു തരിപ്പണമാക്കി. പഴശ്ശിയിലെ ഇംഗഌഷുകാരുടെ കാവല്‍ സൈന്യത്തേയും കുറിച്ച്യ പട നിഗ്രഹിച്ചു.
ദേശസ്നേഹത്തിന്റെ ചങ്കിനു നേരെ ബ്രിട്ടീഷ് കൊലത്തോക്കുകള് ഉയര്‍ത്തിയവര്‍ മൂല്യസംസ്കാരത്തിന്റെ ആഴവും പരപ്പും അര്‍ത്ഥ സാന്ദ്ര ചക്രവാളങ്ങളും കണ്ട് സങ്കുചിതത്വത്തിന്റെ വാത്മീകത്തില്‍ പോയൊളിച്ച യുഗമുഹൂര്ത്തമായിരുന്നു അത്. പഴശ്ശിയുടെ ഗറില്ല ആക്രമണങ്ങള്‍ വെറും ഗറില്ലാ യുദ്ധങ്ങള്‍ ആയിരുന്നില്ല. അഭിമാനം ധ്വംസിക്കപ്പെട്ട തദ്ദേശീയ ജനതയുടെ മനുഷ്യാവകാശ പ്രസ്താവനകളുടെ കാലോചിത പ്രകടനങ്ങള്‍ തന്നെയായിരുന്നു.
സൈനിക നടപടികള്‍ക്ക് നേതൃത്വവുമായി ഗവര്‍ണര്‍ ഡങ്കന്‍, സൈനാധിപന് സ്റ്റുവര്‍ട്ട് എന്നിവര്‍ വയനാട്ടിലെത്തി. താഴ്ന്ന ജാതിക്കാരെ സംഘടിപ്പിച്ച് ‘കോല്ക്കാരന്മാര്’ എന്നൊരു സേന രൂപീകരിച്ചു. രാജ്യം മുഴുവന്‍ ഒറ്റുകാര്‍, പഴശ്ശിയെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നിവരേയും സജ്ജരക്കി. ഇതുകൊണ്ടൊക്കെ പ്രചുരപ്രഭാവ സുശക്തനായ കേരളവര്‍മ്മയെ തോല്‍പ്പിക്കാന്‍ കഴിയാതെ വീണ്ടുമൊരു ചങ്ങാത്തത്തിലേക്ക് നീങ്ങുകയായിരുന്നു തന്ത്ര പ്രവീണരായ ബ്രീട്ടീഷുകാര്‍.
പനമരം പുഴയുടെ വക്കില്‍ കുന്നിന് മുകളില്‍ ഇരുന്നാണ് പഴശ്ശി തന്റെ യുദ്ധതന്ത്രങ്ങള്‍ പലതും മെനഞ്ഞത്. 1799ല്‍ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ വയനാട് രണ്ടായി തിരിച്ച് മൈസൂരിനോടും കോയമ്പത്തൂരിനോടും ചേര്‍ക്കാന്‍ ശ്രമം തുടങ്ങി. പഴശ്ശി ശക്തമായി ഈ നീക്കത്തെ എതിര്‍ത്തു. ഇത് മറ്റൊരു സംഘര്‍ഷത്തിനും യുദ്ധത്തിനും ഇടവരുത്തി.
1801 ജനറല്‍ സ്റ്റീഫന്‍സും സൈന്യവും ചേര്‍ന്ന് മാനന്തവാടിക്കടുത്ത് മാടക്കര പിടിച്ചെടുത്തു. പഴശ്ശിയുടെ ശക്തി കേന്ദ്രമായ പേരിയയിലും അവര്‍ ആധിപത്യം സ്ഥാപിച്ചു. ഈ സമയം പയ്യാവൂര്‍, ചിറക്കല്‍, കടത്തനാട് പ്രദേശത്ത് ഒളിവില്‍ പോയ പഴശ്ശി 1802ല്‍ വീണ്ടും പോരാട്ടവീര്യവുമായി രംഗത്തുവന്നു. എടച്ചേനകുങ്കന്, തലക്കല്‍ ചന്തു എന്നിവരുടെ നേതൃത്വത്തില്‍ പനമരം കോട്ട ആക്രമണം ചരിത്രത്തിലെ സുപ്രധാന ഏടാണ്. 1803ല്‍ വയനാട്ടില്‍ പട്ടാള ഭരണം പ്രഖ്യാപിച്ചു. പഴശ്ശിയും എടച്ചേന കുങ്കനും പുല്‍പ്പള്ളി സീതാദേവീക്ഷേത്രം കേന്ദ്രമാക്കി യൂറോപ്യന്‍ സാമ്രാജ്യത്വം, ഭാരത വര്‍ഷത്തില്‍ സമ്പൂര്‍ണാധിപത്യം ചെലുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അവസാന പോരാട്ടത്തിനുളള യാഗശാല ഒരുക്കി.
ഒടുവില്‍ വീരമൃത്യു
വയനാട് എന്നും പഴശ്ശിക്ക് പ്രിയപ്പെട്ടതായിരുന്നു. മലകളും നിബിഡവനങ്ങളും നിറഞ്ഞ ഭൂമിയില്‍ തന്റെ മനഃസാക്ഷി തൊട്ടറിഞ്ഞ കുറിച്യപ്പടയാളികളോടു കൂടി ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് തുടക്കം കുറിച്ചതിന്റെ ഹ്യദയഗന്ധിയായ കഥകള്‍ വയനാട്ടു പഴമകളില്‍ ഇന്നും നിറവോടെ നില്ക്കുന്നു. വയനാട്ടില്‍ പഴശ്ശിരാജ താമസിച്ചതിന് ഏറെ തെളിവുകള്‍ ഉള്ളത് പനമരം പുഴക്കരയിലുളള ഭൂമിയിലാണ്. പനമരം ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും പഴശ്ശികോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
1805ല്‍ നവംബര്‍ മാസത്തില്‍ കേണല്‍ഹില്‍, ബാബര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്നൂറ് പോലീസുകാര്‍ പഴശ്ശിയെ പിടികൂടാന്‍ പുല്‍പ്പളളി കാട്ടില്‍ പ്രവേശിച്ചു. പുല്‍പ്പളളി നിവാസികളെ കമ്പനിയുടെ അധീനതയില്‍ കൊണ്ടുവന്ന ബാബര്‍, പഴശ്ശിയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാന്‍ പണിയരെ നിയോഗിച്ചു.അനന്തര സംഭവങ്ങള്‍ ബ്രിട്ടീഷ് സബ് കലക്ടര്‍ ടി.എച്ച്. ബാബര്‍ മലബാര്‍ പ്രിന്‍സിപ്പള്‍ കലക്ടര്‍ തോമസ് വാര്ഡന് എഴുതിയ കത്തില്‍ വിവരിക്കുന്നുണ്ട്.
വിവരണത്തില്‍, പഴശ്ശിരാജയെ കലാപകാരി കേരളവര്‍മ്മ രാജയെന്നദ്ദേഹം വിശേഷിപ്പിക്കുന്നു. മൈസൂര്‍ അതിര്‍ത്തിയില്‍ കങ്കാറനദിക്കു സമീപം പഴശ്ശിയെ അന്വേഷിച്ച് ബാബര്‍ സംഘം എത്തിച്ചേര്‍ന്നു. നദീ തീരത്ത് പഴശ്ശി സൈന്യം നിര്‍മ്മിച്ച കുടിലുകള്‍ കണ്ടു. പിന്നീട് ഒന്നരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ മൈസൂര്‍ പ്രദേശത്ത് ഇടതിങ്ങിയ പുല്‍ക്കാടുകളും തേക്കിന് കാടും കണ്ടു. ക്യാപ്റ്റന്‍ വാട്സന്റെ സായുധ പോലീസ് സുബേദാറായ ചേരന് മുന്നില്‍ പോകുന്ന സംഘത്തെ നയിച്ചു.
ചേരന് മാവിലാം തോടിന്റെ തീരത്ത് പത്തോളം ആളുകളെ കണ്ടു. 30 പേരുളള ആരു സംഘത്തോട് അവിടെ കണ്ടവരെ ആക്രമിക്കാന്‍ ബാബര്‍ കല്‍പ്പനയിട്ടു. ചേരന് ഒരു നിമിഷം കൊണ്ട് പറഞ്ഞതു പ്രവര്‍ത്തിച്ചു. പടവെട്ടി കുറഞ്ഞ സമയം കൊണ്ട് കലാപകാരികള്‍ കോല്‍ക്കാരുമായി ഏറ്റുമുട്ടി നിലത്തുവീണു. അപ്പോള്‍ അവിടെ വന്ന ഒരു പുതിയ സംഘം കലാപകാരികള്‍ കോല്ക്കാരന്മാരുമായി ഏറ്റുമുട്ടി, കുങ്കന്റെ സൈന്യമായിരുന്നു അത്. അവര്‍ക്ക് നേരെ കോല്ക്കാര് വെടിയുതിര്‍ത്തപ്പോള്‍ സംഘം കാട്ടില്‍ ഓടിമറഞ്ഞു. ആദ്യം വീണ സംഘത്തില്‍ പഴശ്ശിരാജാവുണ്ടായിരുന്നു എന്ന് ബാബര്‍ കണ്ടെത്തിയിരുന്നു. പഴശ്ശിരാജാവിന്റെ നിഷ്ക്രമണം തടഞ്ഞത് കച്ചേരി ഉദ്യോഗസ്ഥന് കണാര മേനോനായിരുന്നു രാജാവ് തന്റെ കൈത്തോക്ക് കണാര മോനോന് നേരെ ചൂണ്ടി ‘ അടുത്തുവരരുത്. എന്നെ തൊട്ടശുദ്ധമാക്കരുത്’ എന്നു പറഞ്ഞിരുന്നു. പിന്നീട് വയനാട്ടിലെ ഒരു പ്രവര്‍ത്തിക്കാരന്റെ സാമര്‍ത്ഥ്യത്താല്‍ രാജാവിന്റെ വിശ്വസ്താനുചരന്‍ ആറളത്ത് കടുപ്പ നമ്പ്യാര്‍ നടത്തിയ പോരാട്ടവും പരാജയപ്പെട്ടു. നാല് അനുചരര്‍ കൂടി വധിക്കപ്പെട്ടു! രണ്ട് പേര് തടവിലായി. രാജാവിന്റെ പത്നിയേയും ദാസിമാരേയും ബാബര്‍ തടവിലാക്കി. ആകെ അവശേഷിച്ച സ്വര്ണ്ണകഠാര ബാബര്‍ കൈവശം വെച്ചു. രാജാവ് വധിക്കപ്പെട്ട പിറ്റേനാള്‍, അദ്ദേഹത്തിന്റെ ഭൗതികശരീരം മാനന്തവാടിയില്‍ കൊണ്ടുവന്ന് എല്ലാവിധ ആചാര മര്യാദകളോടും കൂടി സംസ്കരിച്ചു. സംഭവം നടന്ന , 1805 നവംബര്‍ 30 രാജാവിന്റെ അമ്മയുടെ ശ്രാദ്ധ ദിനമായിരുന്നു. ആ ദിവസം നിരായുധനായതുകൊണ്ട് മാത്രമാണ് ബ്രിട്ടീഷുകാരന്റെ അയോമേധക്കും ആസൂത്രണ കൗശലങ്ങള്‍ക്കും പഴശ്ശിയെ നിഷ്പ്രയാസം കീഴ്പ്പെടുത്താനായത്. പഴശ്ശി കോവിലകത്തെ ഇപ്പോഴത്തെ അവകാശി പി.കെ. ശങ്കരവര്‍മ്മ രാജയാണ്. പഴശ്ശി രാജാവ് വീരമൃത്യു വരിച്ച് നിരവധി തലമുറകള്‍ക്ക് ശേഷം കോവിലകത്ത് ഉണ്ടായ ഏക ആണ്‍തരി. പഴശ്ശി രാജാവ് വീരമൃത്യു വരിച്ച നവംബര്‍ 30 സ്മരണോജ്വലമാകുമ്പോള് സാമ്രാജ്യത്വ ദുരയുടെ ദൂരവ്യാപക ഫലങ്ങള്‍ അനുഭവിക്കുന്ന ലോകവും, ആര്‍ഷസംസ്കാര സമജ്വലഭാവത്തിന്റെ മൂര്‍ത്തിയായി വിളങ്ങിയ പഴശ്ശിയുടെ ഓര്‍മ്മയില്‍ പഴശ്ശി കോവിലകവും ശിരസ്സ് നമിക്കുന്നുണ്ടാകാം!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: