ന്യൂദല്‍ഹി: ബിറ്റ്കോയിനെ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കാനാവില്ലെന്ന നയം വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.
പാര്‍ലമെന്‍റില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ വിശദീകരണം. രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിറ്റ് കോയിന്‍ ഇടപാട് വര്‍ധിച്ചുവരുന്നതായി സ്വതന്ത്ര എംപി സുമലത അംബരീഷും കോണ്‍ഗ്രസ് എംപി ഡി.കെ. സുരേഷും സൂചിപ്പിച്ചു. എന്നാല്‍ ബിറ്റ് കോയിന്‍ ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ വിവരം സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ക്രിപ്റ്റോ കറന്‍സികളില്‍ പ്രധാനപ്പെട്ടതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍തോതില്‍ മൂല്യം വര്‍ധിച്ചതുമായ ബിറ്റ് കോയിനെ കറന്‍സിയാക്കി മാറ്റുമെന്ന് ചില സൂചനകള്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നിരുന്നു. ഈ കിംവദന്തികളെ തള്ളിക്കളയുന്നതായിരുന്നു തിങ്കളാഴ്ച നിര്‍മ്മല സീതാരാമന്‍ നല്‍കിയ വിശദീകരണം. ഈ ശീതകാല സമ്മേളനത്തിൽ പാർലമെന്‍റില്‍ ക്രിപ്റ്റോകറൻസിയും ഔദ്യോഗിക സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍.ബിൽ അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ വിശദീകരണം. പൊതുവേ ബിറ്റ് കോയിന്റെ വിലയിലുണ്ടായ അനിയന്ത്രിതവളര്‍ച്ച ക്രിപ്റ്റോ കറന്‍സി മേഖലയിലെ നിക്ഷേപത്തെ ഒരു ചൂതാട്ടം പോലെ മാറ്റിക്കളഞ്ഞിരുന്നു. 2008ലെ ബാങ്കിംഗ് തകര്‍ച്ചയ്‌ക്ക് ശേഷം ബിറ്റ് കോയിന്റെ വില തീരെ താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ 13 വര്‍ഷത്തില്‍ ബിറ്റ് കോയിന്‍ വില പല ഉയര്‍ച്ച താഴ്ചകളിലൂടെയും കടന്നുപോയി. 2011ല്‍ വെറും രണ്ട് ഡോളര്‍ മാത്രമായിരുന്നു ഒരു ബിറ്റ് കോയിന്റെ വില. 2013ല്‍ അത് 220 ഡോളറായി ഉര്‍ന്നു. 2015ല്‍ 315 ഡോളര്‍ ആയിരുന്ന വില 2019ല്‍ 10,000 ഡോളറില്‍ അധികമായി. 2020 നവമ്പറില്‍ ഒരു ബിറ്റ് കോയിന്റെ വില 18353 ഡോളറായിരുന്നു. 2021 നവമ്പര്‍ അഞ്ചിന് ഒരു ബിറ്റ് കോയിന്റെ വില 68521 ഡോളറാണ്. ഇന്ത്യന്‍ രൂപയെടുത്താല്‍ ഇത് 42 ലക്ഷത്തിലധികം വരും. ഇത്രയും അവിശ്വസനീയമായ രീതിയിലുള്ള ബിറ്റ് കോയിന്റെ വിലക്കയറ്റമാണ് നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. പക്ഷെ ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് തലവേദനയുമാണ്.
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണ്. പുതിയ ബില്ലില്‍ സ്വകാര്യ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിരോധിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഏതൊക്കെ ക്രിപ്റ്റോ കറന്‍സികളാണ് നിരോധിക്കുക എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ല. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സുതാര്യമല്ലാത്ത പരസ്യങ്ങൾ നിരോധിക്കും. ഇത് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നവംബർ 13ന് യോഗം വിളിച്ചിരുന്നു. വളരെ കുറച്ചുകാലത്തിനുള്ളില്‍ വന്‍ലാഭം കൊയ്യാമെന്ന രീതിയില്‍ ക്രിപ്റ്റോ കറന്‍സി പരസ്യങ്ങള്‍ പല ഉപഭോക്താക്കളെയും വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: