കറാച്ചി: ഖുറാനെ അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ജനങ്ങള്‍ക്കു വിട്ടുകിട്ടാത്തതില്‍ മതമൗലികവാദികള്‍ പോലീസ് സ്റ്റേഷന് തീയിട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഛര്‍സാദ ജില്ലയിലാണ് സംഭവം.
ഖുറാനെ അവഹേളിച്ചെന്നാരോപിച്ച പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയെ ജനങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് ഒത്തുകൂടുകയായിരുന്നു. ഈ ആവശ്യം പോലീസ് നിഷേധിച്ചിരുന്നു. വൈകുന്നേരത്തോടെ ആള്‍ക്കൂട്ടത്തിന്റെ എണ്ണം വര്‍ധിക്കുകയും പോലീസ് സ്റ്റേഷന് ആക്രമിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷന് തീകൊളുത്തുകയും, പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും നശിപ്പിച്ചതായും മന്ത്രി പറഞ്ഞു.
പ്രതിയെ വിട്ടു നല്‍കാതെ പിരിഞ്ഞുപോകില്ലെന്നു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ജനക്കൂട്ടം കൂടുതല്‍ അക്രമാസക്തരായി. ജനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് ഇവിടേക്കെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ പോലീസിന് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും. നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിയെ നാട്ടുകാര്‍ക്ക് വിട്ടുകൊടുത്താല്‍ കൊലപ്പെടുത്തുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ആക്രമം നടക്കുന്നതിന് മുന്നേ പ്രതിയെ മറ്റൊരു സ്റ്റേഷനിലേക്ക് സുരക്ഷിതമായി മാറ്റിയിരുന്നു. ഖുറാനെയും ഇസ്ലാം മതത്തേയും അവഹേളിക്കുന്നത് പാകിസ്താനില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മതനിന്ദയാരോപിച്ച് നിരവധി പേര്‍ക്കെതിരെ പാക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതിയെ വിട്ടു കൊടുക്കാത്തതിന് മതമൗലികവാദികള്‍ ചേര്‍ന്ന് പോലീസ് സ്റ്റേഷന് ആക്രമിക്കുന്നതും പാകിസ്താനില്‍ സാധാരണയായിരിക്കുകയാണ്. നാല് പോലീസ് പോസ്റ്റുകളും ജനങ്ങള്‍ തീയിട്ട് തകര്‍ത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: