തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5ന് തുടക്കമായി. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിപ്പിന്റെ അഞ്ചാം ഭാഗമാണിത്.
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മമ്മൂട്ടിക്ക് പുറമെ രഞ്ജി പണിക്കര്‍, സായ്കുമാര്, രമേശ് പിഷാരടി, ആശാ ശരത്ത് എന്നിവരും അഞ്ചാം ഭാഗത്തിലുണ്ടാകും.
സേതുരാമയ്യര്‍ സീരീസിലെ മുന്പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യ്തു. 1989ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്സോഫീസ് ഹിറ്റായി മാറി. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദര്‍ശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂര്‍വചിത്രമെന്ന റെക്കോഡും സേതുരാമയ്യര്‍ക്ക് സ്വന്തം. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം വരുന്നത്.
ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം വരുന്നതും, അതില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും വരുന്നതും മലയാള സിനിമയില്‍ ഇതാദ്യമാണ്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളാണ് അഞ്ചാം ഭാഗത്തില്‍ പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തിലായിരിക്കും സിരീസിലെ അഞ്ചാം ചിത്രവും ഇറങ്ങുന്നത്. കാലത്തിന്റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളിലെ മാറ്റവും ഉള്‍ക്കൊണ്ടുള്ളതാവും ചിത്രമെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറഞ്ഞു.
മണിച്ചിത്രത്താഴ്, എന്റെ സൂര്യപുത്രിക്ക്, ഗോഡ്ഫാദര്, അനിയത്തിപ്രാവ്, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് ആയ സ്വര്‍ഗചിത്ര അപ്പച്ചന് 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിര്‍മിക്കുന്ന ചിത്രമാണിത്. നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാവും മമ്മൂട്ടി സിബിഐ 5ല്‍ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: