ഫറ്റോര്‍ദ: നാടകീയതകളുടെ അവസാന അഞ്ച് മിനിറ്റ്, ഒടുവില്‍ സമനില. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പിടിച്ചുകയറിയത് ചങ്കില് തീയുമായി. ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തെ ഗോളടിച്ചും വഴങ്ങിയും ബെംഗളൂരുവിന്റെ ആഷിഖ് കുരുണിയന് ആവേശത്തിലാക്കി.
ആദ്യ മത്സരത്തില്‍ തോറ്റ കേരളം രണ്ടാം മത്സരത്തില്‍ സമനില നേടിയിരുന്നു. മൂന്നാം മത്സരവും സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് പട്ടികയില്‍ മുന്നില്‍ കയറാനുള്ള അവസരവും കേരളത്തിന് നഷ്ടമായി. തുടക്കം മുതല്‍ പതറിയാണ് കേരളം കളിച്ചത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ കേരളത്തിന്റെ കാലില്‍ പന്ത് കിട്ടിയത് അപൂര്‍വമായി. ബെംഗളൂരു 100 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളം പിന്നിട്ടത് വെറും 20 പാസുകള്‍. ആദ്യ പകുതി ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളോടെ അവസാനിച്ചു. ഇടയ്ക്ക് ബെംഗളൂരു പോസ്റ്റിലേക്ക് ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വിരസം.
രണ്ടാം പകുതി കുറച്ചുകൂടി ഒഴുകി കളിക്കുന്നതായി. വിജയത്തിനായി ബെംഗളൂരു കടുത്ത പോരാട്ടം നടത്തി. ബെംഗളൂരുവിന് വിജയം അരികില്ലെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം കേരളത്തെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിലങ്ങിട്ട് ആഷിഖ് കുരുണിയനെന്ന മലപ്പുറംകാരന് കെരളത്തിന്റെ വലയിലേക്ക് പന്തെത്തിച്ചതോടെ കളി മാറി.
ബെംഗളൂരു 84-ാം മിനിറ്റില്‍ മുന്നില്‍. കേരളത്തിന് തിരിച്ചുവരാന്‍ ആറ് മിനിറ്റുകള്‍ മാത്രം ബാക്കി. തോല്‍വിയുറപ്പിച്ച കേരളത്തിന്റെ ആരാധകര്‍ക്ക് മറുമരുന്ന് ആഷിഖ് കുരുണിയന് തന്നെ നല്കി. നാല് മിനിറ്റുകള്‍ക്കിപ്പുറം സെല്‍ഫ് ഗോള്‍. കളി ഒപ്പത്തിനൊപ്പം. ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ കേരളത്തിന്റെ രണ്ടാം സമനില. മത്സരത്തില്‍ ഒമ്പത് ഷോട്ടുകള്‍ ബെംഗളൂരു പായിച്ചപ്പോള്‍ കേരളം എട്ടില്‍ ഒതുങ്ങി. 472 പാസുകളാണ് മത്സരത്തിലാകെ ബെംഗളൂരു നടത്തിയത്. കേരളം പകുതിയിലേക്ക് ചുരുങ്ങി, വെറും 267. മുന്നേറ്റം നടത്തുന്നതിലെ പിഴവുകളും പന്ത് പിടിച്ചടക്കുന്നതിലെ പിന്നോട്ടുപോക്കും കേരളത്തിന് വിനയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: