തങ്ങളുടേതല്ലാത്ത കാരണത്താല്‍, ആണുടലിനുള്ളില്‍ പെണ്മനസ്സോടെയും നേരെ തിരിച്ചും ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ട്രാന്‍സ് ജെന്‍ഡറുകള്‍. ആണിനും പെണ്ണിനും ഇടയിലുള്ള വ്യക്തമായ പരിണാമപ്രക്രിയകള്ക്കിടയിലെപ്പോഴോ അപൂര്‍ണ്ണരായി പോയവര്‍. പിന്നെ പൂര്‍ണ്ണതയിലെത്താന്‍ കഠിനവ്രതമെടുത്ത് ഇറങ്ങിപ്പുറപ്പെട്ടവര്‍. വീട്ടുകാരാല്‍, ബന്ധുക്കളാല്‍ ഒക്കെയും സമൂഹത്തിന് മുമ്പില്‍ തിരസ്കൃതരായവര്‍. ആണുംപെണ്ണും കെട്ടവര്‍ എന്ന പരിഹാസം കേട്ട് അപമാനത്തിന്റെ മഹാഗര്‍ത്തങ്ങളിലേക്ക് മറഞ്ഞവര്‍. ഭിന്നലിംഗക്കാരെ, അവരുടെ സാരൂപ്യത്തെ സമൂഹം ഇപ്പോള്‍ ഉള്ക്കൊണ്ടുവരുന്നു എന്നത് നേര്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ ജീവിതം ഇരുളടഞ്ഞതായിരുന്നു.
വ്യത്യസ്തമായിരുന്നില്ല മഞ്ചുനാഥ ഷെട്ടിയുടെ ജീവിത പരിസരങ്ങളും. 1964 ഏപ്രില്‍ 18 ന് കര്ണ്ണാകടകയിലെ ബെല്ലാരിക്ക് അടുത്ത് കല്ലുകമ്പ ഗ്രാമത്തിലായിരുന്നു മഞ്ചുനാഥിന്റെ ജനനം. 21 മക്കളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക്. അതില്‍ 17 പേരും ചെറുപ്പത്തിലേ മരിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആണുടലില്‍ ഇരുന്ന് ഒരു പെണ്മനസ്സ് ചാന്ത് പൊട്ട് തൊടാനും കുപ്പിവളകളണിയാനും ചേല ചുറ്റാനും മോഹിച്ചു തുടങ്ങിയത്. പെണ്‍കൂട്ട് തേടി. അമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചു. അടുക്കള ഭരണത്തിലും, പൂജാ കാര്യങ്ങളിലും കോലമിടുന്നതിലുമൊക്കെയായിരുന്നു താല്പര്യം. കൗമാരത്തിലെത്തിയപ്പോള്‍ ആണ് ശരീരത്തിലെ ഉള്ളം കലഹിച്ചു തുടങ്ങി. മനസ്സിന്റെ സ്ത്രൈണ ഭാവങ്ങള്‍, ശരീര ഭാഷയിലേക്കും പകര്‍ന്നതോടെ മഞ്ചുനാഥ ഷെട്ടി തങ്ങളില്‍ ഒരാളല്ലെന്ന ബോധം വീട്ടുകാര്‍ക്കുണ്ടായി. അവനില്‍ ഏതോ ബാധ കയറിയെന്നവര് ധരിച്ചു. തൊട്ടടുത്ത ഗ്രാമത്തിലുള്ള സഹോദരന്റെ വീട്ടില്‍ താമസത്തിനായി അയച്ചു. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റ ദിനങ്ങള്‍. ബാധ ഒഴിപ്പിക്കുന്നതിനായി കെട്ടിയിട്ടു, തല്ലിച്ചതച്ചു. പുരോഹിതനേയും ഡോക്ടറേയും കാണിച്ചു. കുടുംബത്തിന് മേല്‍ യെല്ലമ്മയെന്ന ദേവതയുടെ അപ്രീതി വന്ന് ഭവിച്ചിട്ടുണ്ടെന്നും അതാണ് ദൗര്‍ഭാഗ്യത്തിന് കാരണമെന്നും അവര്‍ പറഞ്ഞു. മഞ്ചുനാഥിന് സ്വത്വം സ്വീകരിച്ച് ജീവിക്കുവാന്‍ മാതാപിതാക്കള്‍ അനുവാദം നല്കി. അന്ധവിശ്വാസത്തില്‍ വീണുപോയവരുടെ അടവായിരുന്നു അതെന്ന്, തന്നെ ഒരു ക്ഷേത്ര നടയില്‍ ഉപേക്ഷിച്ചപ്പോഴാണ് അവള്‍ക്ക് മനസ്സിലായത്. അന്ന് പ്രായം വെറും 15!
ദേവ വധുവായി… പിന്നെ മഞ്ചമ്മയും
ദേവസന്നിധിയിലേക്കായിരുന്നു ആ യാത്ര. ഹൊസ്പേട്ടിന് അടുത്തുള്ള ഹുലിഗേയമ്മ ക്ഷേത്രത്തിലേക്ക്. മഞ്ചുനാഥിനെ ജോഗപ്പയായി ഉപനയനം ചെയ്യുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. അതിനായി അരയില്‍ ചരടുകെട്ടി, മുത്തുകള്‍ കോര്‍ത്ത മാല കഴുത്തിലണിയിച്ചു. പാവാടയും ബ്ലൗസും കുപ്പിവളകളും നല്കി. അങ്ങനെ മഞ്ചുനാഥ് യെല്ലമ്മയുടെ വധുവായി… പിന്നെ മഞ്ചമ്മയായി. വീട്ടുകാര്‍ അവളെ ക്ഷേത്രനടയില്‍ ഉപേക്ഷിച്ച് കടന്നു. 15-ാം വയസ്സില്‍ എല്ലവരുമുണ്ടായിട്ടും മഞ്ചമ്മ അനാഥയായി. തെരുവില്‍ അലഞ്ഞു. ഒരു നേരത്തെ അന്നത്തിനായി ഭിക്ഷയാചിച്ചു. അതിജീവനമായിരുന്നു പ്രധാനം. അതിനായി ഒരു രൂപയ്ക്ക് നാല് ഇഡലിയും സാമ്പാറും ചട്നിയും വില്ക്കാന് തീരുമാനിച്ചു. പക്ഷേ അതിജീവനം മാത്രം സാധ്യമായില്ല. പകല്‍വെട്ടത്ത് അവളെ ആട്ടിപ്പായിച്ചവരില്‍ പലരും ഇരുട്ടിന്റെ മറവിലെത്തി ലൈംഗികമായി പീഡിപ്പിച്ചു. അവസാനിക്കാത്ത അരക്ഷിതാവസ്ഥയ്ക്കൊടുവില്‍ ഒരു കുപ്പി വിഷം കുടിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിധാതാവിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
അതൊരു മടങ്ങിവരവായിരുന്നു, ജീവിതത്തിലേക്ക്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടവളുടെ തിരിച്ചുവരവ്. അന്ന് മഞ്ചമ്മയെ മരണത്തില്‍ നിന്നും വീണ്ടെടുത്തത് ജോഗതി നൃത്തസംഘമായിരുന്നു. (ജോഗപ്പ എന്നറിയപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കിടയിലെ നാടോടി പാരമ്പര്യ നൃത്തരൂപമാണ് ജോഗതി. യെല്ലമ്മയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്).
ജോഗതി കലാകാരനായ മട്ടിക്കല്‍ ബസപ്പയുടെ ശിഷ്യത്വം സ്വീകരിച്ച് ജോഗതി നൃത്തത്തിന്റെ ലോകത്തിലേക്ക് മഞ്ചമ്മ മെല്ലെ പ്രവേശിച്ചു. കാലവാ ജോഗതിയായിരുന്നു മറ്റൊരു ഗുരു. ജോഗതിയിലേക്ക് മറ്റെല്ലാം മറന്നൊരു ആത്മസമര്‍പ്പണം. മഞ്ചമ്മ മാതാ ബി മഞ്ചമ്മ ജോഗതിയായി. പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് ജോഗതിയെ കൂടുതല്‍ ജനകീയമാക്കി. എല്ലാ പരിശ്രമങ്ങള്‍ക്കും ഒപ്പം കാലവാ ജോഗതിയുമുണ്ടായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികള്‍. കാലവായുടെ മരണശേഷം ട്രൂപ്പിന്റെ മേല്‍നോട്ടം മഞ്ചമ്മയ്ക്കായി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുള്ളില്‍ ഒതുങ്ങി നിന്ന ഈ നാടോടി കലാരൂപത്തിന് കൃത്യമായ അടിത്തറപാകി. ചിട്ടവട്ടങ്ങളോടെ പരിപാലിക്കുകയും ചെയ്തു. ആദ്യ പ്രതിഫലം ചോളമായിരുന്നു. സ്വജീവിതത്തിന്റെ തീക്ഷ്ണമായ ചൂടേറ്റതിനാലോ എന്തോ അത് അത്രയേറേ സ്വാദിഷ്ടമായി, മഞ്ചമ്മയ്ക്ക്.
പൂര്‍ണ്ണതയിലേക്കുള്ള പ്രയാണമായിരുന്ന ഓരോ വേദിയും. ഇരുണ്ട ഉടലില്‍ ചമയങ്ങള്‍ വിസ്മയം തീര്‍ത്തപ്പോള്‍ ആത്മനിര്‍വൃതികൊണ്ട് ഈറനണിഞ്ഞു നയനങ്ങള്‍. പച്ച സാരിയും വളകളും മാലകളും ധരിച്ചപ്പോള്‍, അന്നോളം മോഹിച്ചതൊക്കെയും കൈവന്നപോലെയുള്ള അനുഭവം. പെണ്ണാകുക… വാക്കിലും നോക്കിലും നടപ്പിലും എല്ലാം ആ പെണ്മയെ സ്വീകരിക്കുക. അറപ്പോടെ നോക്കിയവര്‍ക്ക് മുന്നില്‍ ആത്മാഭിമാനത്തോടെ ചുവടുവച്ച, ലോകത്തെ നോക്കി ഉറക്കെ പാടിയ നിമഷങ്ങള്‍.
കര്‍ണ്ണാടക ജനപഥ് അക്കാദമിയുടെ തലപ്പത്ത്
ആക്ടിവിസ്റ്റല്ല, ആര്‍ട്ടിസ്റ്റാണ് മഞ്ചമ്മ. കലയ്ക്കുവേണ്ടി ഉയിരും കൊടുപ്പവള്‍. എന്നാല്‍ മഞ്ചമ്മയ്യെപ്പോലുള്ള മൂന്നാംലിംഗക്കാര്‍ തങ്ങളില്പ്പെട്ടവരല്ലെന്നാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. അവര്‍ എത്ര കഴിവുള്ളവരാണെങ്കിലും അംഗീകരിക്കാനുള്ള വിമുഖതയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതിനൊരു മാറ്റം കൊണ്ടുവന്നത് കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയാണ്. കര്‍ണ്ണാടക സര്‍ക്കാരിന്റെ നാടോടി കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടക ജനപഥ് അക്കാദമിയുടെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ അധ്യക്ഷയായി മഞ്ചമ്മയെ നിയമിച്ചുകൊണ്ട് യദ്യൂരപ്പ രചിച്ചതൊരു ചരിത്രമായിരുന്നു. സവര്‍ണ്ണരുടെ പാര്‍ട്ടിയെന്നും, ഫാസിസ്റ്റുകളെന്നും എതിരാളികള്‍ നിരന്തരം മുദ്രചാര്ത്തിക്കൊടുത്ത ബിജെപ്പിക്കാര് തന്നെ വേണ്ടി വന്നൂ, ഇതുപോലൊരു സുപ്രധാന തീരുമാനവും എടുക്കാന്‍. വ്യക്തിയുടെ ജാതിയോ മതമോ കുലമോ ഒന്നുമല്ല, പ്രതിഭയാണ് പ്രധാനമെന്ന് പല തീരുമാനങ്ങളില്ക്കൂടിയും വ്യക്തമാക്കിയിട്ടുണ്ട് ഈ ദേശീയ പ്രസ്ഥാനം. അര്‍ഹതപ്പെട്ടവരുടെ കരങ്ങളിലേക്കാണ് ഭാവിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിനുള്ള താക്കോലുകള്‍ കൈമാറുകയുള്ളൂ എന്ന ശക്തമായ നിലപാടുതന്നെയാണ് മഞ്ചമ്മയുടെ അധ്യക്ഷ പദത്തിനും നിദാനം. 2019 ഒക്ടോബറിലാണ് ഇവര്‍ ജനപഥ് അക്കാദമിയുടെ തലപ്പത്തെത്തുന്നത്. ആ വാര്‍ത്ത അവര്‍ അറിഞ്ഞതാവട്ടെ ഒരു പ്രാദേശിക വാര്‍ത്താ ചാനല്‍ വഴിയും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനമാണ് മഞ്ചമ്മയുടെ ലക്ഷ്യം. നാടോടി കലാരൂപങ്ങളെ കൂടുതല്‍ ജനകീയമാക്കുക, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഇടയില്‍ മാത്രം അതിനെ ഒതുക്കി നിര്‍ത്താതെ എല്ലാവരുടേതുമാക്കുക, കലാലയങ്ങളില്‍ അവ പഠിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക പാരമ്പര്യ കലാരൂപങ്ങള്‍ സ്കൂള്‍ സിലബസിന്റെ ഭാഗമാക്കുക, ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, അവരെ പുനരധിവസിപ്പിക്കുക തുടങ്ങി ലക്ഷ്യങ്ങള്‍ അനേകമുണ്ട് ഈ 64 കാരിയുടെ മുന്നില്‍.
2005 ല്‍ ഒരു രണ്ടു മുറി വീട് പണിതിരുന്നു മഞ്ചമ്മ. എന്നാല്‍ ഇത് രണ്ട് വര്‍ഷം മുമ്പ് തകര്‍ന്നു. പുതുക്കി പണിയണം. ജോഗതി നൃത്തത്തിന്റെ ഇന്നിനും ഭാവിക്കും വേണ്ടി ഒരിടമായി അതിനെ പരിവര്‍ത്തനപ്പെടുത്തണം. ആ കല എക്കാലവും സംരക്ഷിക്കപ്പെടണം…ആഗ്രഹങ്ങള്‍ ഇത്രമാത്രം. കര്‍ണ്ണാടക സര്‍ക്കാരിന്റെ രാജ്യോത്സവ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
യെല്ലമ്മ ദേവിയുടെ അനുഗ്രഹം സിദ്ധിച്ചവരെന്ന് വിശ്വസിക്കപ്പെടുന്ന ജോഗപ്പ സമൂഹത്തില്‍ നിന്ന് പത്മശ്രീ പുരസ്കാര നേട്ടത്തിന് അര്ഹയായപ്പോഴും തന്റെ സംസ്കാരത്തെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വം. രാഷ്ട്രപതി ഭവനിലെത്തി പുരസ്കാരം സ്വീകരിക്കുമ്പോഴും ആ കുലീനത അവരുടെ മുഖമുദ്രയായി. വയലറ്റ് സാരിയുടുത്ത്, മുടി നിറയെ പൂവ് ചൂടി, വലിയ പൊട്ടുതൊട്ട്, ഇരുകൈകളിലും പച്ച വളകളും അണിഞ്ഞ് നിറഞ്ഞ ചിരിയോടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സമീപത്തേക്ക് നടക്കുന്ന ദൃശ്യം അത്രത്തോളം ഹൃദയഹാരിയായിരുന്നു. അവരുടെ മൂക്കുത്തിക്കല്ലിന്റെ ശോഭ അവിടെയാക പരക്കുന്നതുപോലെ… പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടങ്ങുന്ന സദസ്സിനു നേരെ വണങ്ങിയ ശേഷം രാഷ്ട്രപതിക്ക് മുന്നിലെ പടവില്‍ തൊട്ടുതൊഴുതു. പിന്നെ പ്രഥമ പൗരന് ദൃഷ്ടിദോഷമേല്ക്കാതിരിക്കാന് അദ്ദേഹത്തെ സാരിത്തലപ്പുകൊണ്ട് മൂന്ന് വട്ടം ഉഴിഞ്ഞു. നാടിന് മംഗളം നേര്‍ന്നു. അതാണ് മഞ്ചമ്മ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ആചാരം, പാരമ്പര്യം. ചോര വാര്‍ന്നൊഴുകിയ ഭൂതകാല അനുഭവങ്ങളില്‍ നിന്ന് ശക്തി സംഭരിച്ചവള്‍. ആ വേദനയാണ് തന്നെപ്പോലെ അവഗണിക്കപ്പെട്ടവര്‍ക്ക് തണലൊരുക്കി കരുതലാവാനുള്ള പ്രേരണയാകുന്നതും. തെരുവിലേക്ക് തന്നെപ്പോലൊരാളും വന്നു പതിക്കരുത്. ഓരോ കുട്ടിയുടേയും സ്വത്വം അംഗീകരിച്ച് അവരെ ചേര്‍ത്തുനിര്‍ത്താന്‍ മാതാപിതാക്കള്‍ സന്നദ്ധരായാല്‍ അതില്‍ പരം മറ്റെന്താണ് സന്തോഷം. തന്റെ കലയും ജീവിതവും എല്ലാം സാര്‍ത്ഥകമാകും- മഞ്ചമ്മ പറയുന്നു.
മഹര്‍ഷി ജമദഗ്നി മക്കളെ ശപിച്ചപ്പോള്‍
ഒരു പുരുഷന് സ്ത്രീയായി മാറുന്നതിന് യെല്ലമ്മ എന്ന ദേവതയെ വിവാഹം കഴിക്കുന്നു. അവര്‍ പിന്നീട് ജോഗപ്പ എന്നറിയപ്പെടുന്നു. ജോഗപ്പരുടെ നാടോടി ഗാനാലാപന ശൈലി വ്യത്യസ്തവും വടക്കന്‍ കര്‍ണാടകയുടെ പ്രാന്തപ്രദേശങ്ങളില്‍ പരക്കെ അറിയപ്പെടുന്നതുമാണ്. യെല്ലമ്മ ദേവി എന്ന് വിളിക്കപ്പെടുന്ന രേണുകാംബയുടെ ഭക്തരായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന അവര്‍ക്ക് സംഗീതവും നൃത്തവു ം ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. പാട്ടുപാടി ഭിക്ഷ യാചിച്ചും കുട്ടികളില്ലാത്തവരെയും വിവാഹത്തിനായി കാത്തിരിക്കുന്നവരെയും അനുഗ്രഹിച്ചുകൊണ്ടുമാണ് അവര്‍ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത്. ഗന്ധര്വന്മാരുടെ ദര്‍ശനത്തില്‍ പത്നി രേണുകയുടെ മനസ്സ് ചഞ്ചലപ്പെട്ടത് മനസ്സിലാക്കിയ മഹര്‍ഷി ജമദഗ്നി പുത്രന്മാര് ഓരോരുത്തരോടായി അമ്മയുടെ തല വെട്ടാന്‍ ആവശ്യപ്പെടുകയും, അപ്രകാരം ചെയ്യാന്‍ വിസമ്മതിച്ച നാല് പുത്രന്മാരെ ആണത്തമില്ലാത്തവരാകട്ടെ എന്ന് ശപിക്കുകയും ചെയ്യുന്നു. അങ്ങനെ ശപിക്കപ്പെട്ട പുത്രന്മാരുടെ പിന്മുറക്കാരാണ് ജോഗപ്പ വിഭാഗക്കാര്‍ എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: