ആലപ്പുഴ: ജനാധിപത്യ വിരുദ്ധവും പ്രാകൃതവുമായ നടപടിയുമായി സിപിഎം. ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും സിപിഎമ്മില്‍ നിന്നു അച്ചടക്ക നടപടി നേരിട്ട ചിലരും വിവാഹച്ചടങ്ങില്‍ എത്തിയതിനാല്‍ യുവനേതാവിനെ ഏരിയാ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. ബുധനാഴ്ചകൂടിയ തണ്ണീര്‍മുക്കം ലോക്കല്‍കമ്മിറ്റി യോഗമാണു ബാലസംഘം സംസ്ഥാന കോ-ഓര്‍ഡിനേറ്ററും യുവജന കമ്മിഷന് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ മിഥുന്‍ഷായെ സമ്മേളനപ്രതിനിധി സ്ഥാനത്തുനിന്നു നീക്കിയത്. കഴിഞ്ഞാഴ്ചയായിരുന്നു യുവനേതാവിന്റെ വിവാഹം.
സി.പി.എം. കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിനു ലോക്കല്‍ സമ്മേളനം ഏരിയാസമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്ത യുവനേതാവ് ആയിരുന്നു മിഥുന് ഷാ. വിവാഹത്തില്‍ പാര്‍ട്ടിയോടിടഞ്ഞു പുറത്തുപോയവരും നടപടി നേരിട്ടവരും പങ്കെടുത്തതാണു പുറത്താക്കലിനു കാരണമെന്നാണു വിവരം. ഇക്കാര്യം കാണിച്ച് മിഥുന്‍ഷാ ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു.
തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തതും ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവാഹം രക്ഷകര്‍ത്താക്കളുടെയും ബന്ധുക്കളുടെയും നിയന്ത്രണത്തില്‍ നടന്നതാണെന്നും അവര്‍ ക്ഷണിച്ചവര്‍ ചടങ്ങില്‍ പങ്കെടുത്തതു വിലക്കാനാകില്ലെന്ന് ഒരുവിഭാഗം വാദമുയര്ത്തിയെങ്കിലും വിലപ്പോയില്ല. നടപടി പരിഷ്കൃതസമൂഹത്തിനു ചേര്‍ന്നതല്ലെന്നു കാട്ടി ഒരുവിഭാഗം മേല്‍ഘടകത്തെ സമീപിച്ചിട്ടുണ്ട്. സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്ത പ്രതിനിധിയെ ഏതെങ്കിലും ഘടകങ്ങള്‍ക്കു നീക്കാന്‍ അധികാരമില്ലെന്നും പാര്‍ട്ടിഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രായംകുറഞ്ഞവരില്‍ ഒരാളാണ് മിഥുന്‍ഷാ. 40 വയസ്സില്‍ താഴെയുള്ളവരെ ഏരിയാ കമ്മിറ്റിയിലേക്കു പരിഗണിക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവനേതാവിനെ പരിഗണിക്കാതിരിക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കമാണിതിനു പിന്നിലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: