സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ജനക്ഷേമ ഭരണത്തിന്റെ പര്യായമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ആറ് പതിറ്റാണ്ടു കാലത്തിനിടെ അധികാരത്തില്‍ വന്ന മറ്റ് സര്‍ക്കാരുകള്‍ ചെയ്യാതിരുന്ന കാര്യങ്ങളാണ് ആറ് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയത്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും, കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന മറ്റ് വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനത്തിനാണ് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാത്ത സാധാരണക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അടുത്തവര്‍ഷം മാര്‍ച്ചുവരെ തുടരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്തെ 80 കോടി പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതി 50,000 കോടിയിലേറെ രൂപ ചെലവു ചെയ്താണ് കേന്ദ്രം നടപ്പാക്കുന്നത്. സാധാരണ ലഭിച്ചുവരുന്ന ഭക്ഷ്യധാന്യ റേഷനു പു
റമെയാണ് ഈ സഹായമെന്നത് എടുത്തുപറയേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ തുടക്കമിട്ട ഈ പദ്ധതിയുടെ അഞ്ചാം ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി ലഭിക്കും. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്താന്‍ പോവുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ ദുഷ്ടലാക്കോടെ നടത്തുന്നതിനിടെയാണ് ജനകോടികള്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് സൗജന്യ ഭക്ഷ്യപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചത്. ഇതിനു പുറമെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുകയുമുണ്ടായി. കേരളം ഉള്‍പ്പെടെ ഈ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. എന്നിട്ട് ഇത് തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുകയായിരുന്നു. ഇതില്‍പ്പോലും ക്രമക്കേടും അഴിമതിയും നടത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കി. കേന്ദ്രം നല്കിയ ഭക്ഷ്യധാന്യങ്ങളില്‍ വലിയൊരളവ് വിതരണം ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ഇവ ഗോഡൗണുകളില്‍ കിടന്ന് ഉപയോഗശൂന്യമാകുന്നതിന്റെ വാര്‍ത്തകള്‍ ചിത്രസഹിതം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതികരണമില്ലായിരുന്നു. കേന്ദ്രം നല്കിയ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാതെ നശിക്കാന്‍ അനുവദിച്ച് പ്രതിപക്ഷം ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുകയുണ്ടായി. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദല്‍ഹി സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ അഴുകി നശിക്കുന്നതിന്റെ വാര്‍ത്തകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് ആഭിമുഖ്യം തോന്നാതിരിക്കുന്നതിനാണ് പിണറായി വിജയനും അരവിന്ദ് കേജ്രിവാളും ഇങ്ങനെ ജനദ്രോഹപരമായി പെരുമാറിയത്.
ഗരീബ് കല്യാണ്‍ അന്നയോജന തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് ഇടതുമുന്നണി സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് സൗജന്യ കിറ്റ് വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ ആഘാതത്തില്‍നിന്ന് സാധാരണ ജനങ്ങള്‍ക്ക് ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അവര്‍ക്ക് സ്ഥിരം വരുമാനമില്ലാത്ത അവസ്ഥയാണ്. കൊവിഡ് ബാധിച്ച ഭൂരിപക്ഷം ജനങ്ങളും അതിന്റെ അവശതയില്‍ കഴിയുന്നു. ഇതിനിടയില്‍ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാവപ്പെട്ടവര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇവിടെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പുതിയ തീരുമാനം ആശ്വാസമാവുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒന്നരക്കോടിയിലേറെ പേര്‍ക്ക് കേന്ദ്രം നല്കുന്ന സൗജന്യ ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കും. ഇതിനെതിരെ ഇനി എന്ത് ദുഷ്പ്രചാരണമാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നടത്താന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും. കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരാക്കുക എന്ന പ്രഖ്യാപിത അജണ്ടയ്ക്ക് എതിരായതിനാല്‍ ഇക്കൂട്ടര്‍ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. ഇവര്‍ എന്തുതന്നെ ചെയ്താലും കേന്ദ്രത്തെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല. ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: