ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ വീര്യം കൂടിയ പുതിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയതോടെ ആശങ്ക. ഇന്ത്യയില്‍ ഈ വൈറസ് കോവിഡിന്റെ മൂന്നാം തരംഗം കൊണ്ടുവരുമോ എന്ന ആശങ്ക ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.
ദക്ഷിണാഫ്രിക്ക, ബോട്സ് വാന, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വൈറസിന്റെ ഈ പുതിയ വകഭേദത്തെ കണ്ടെത്തിയത്. ബി1.1. 529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ പേര്. ബോട്സ് വാനയില്‍ മൂന്നും ദക്ഷിണാഫ്രിക്കയില്‍ ആറും ഹോങ്കോങില്‍ ഒന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉയര്‍ത്ത അളവില്‍ മ്യൂട്ടേഷന് സംഭവിച്ചിട്ടുള്ള വകഭേദമായതിനാല്‍ പൊതുജനാരോഗ്യത്തിന് വന്‍ ഭീഷണിയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. ഇക്കാര്യം നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി) കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും അന്താരാഷ്ട്ര യാത്ര തുറന്നതും പ്രശ്നമാണെന്ന് രാജേഷ് ഭൂഷണ് പറഞ്ഞു. ഈ മൂന്ന് രാജ്യങ്ങളിലൂടെ കടന്നുപോകുന്നവരും ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരും കര്‍ശനമായി പരിശോധനകള്‍ നടത്തണമെന്നും രാജേഷ് ഭൂഷണല്‍ അറിയിച്ചു.
ഹോങ്കോങില്‍ ഈ വൈറസ് വകഭേദം എത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്രക്കാരന് വഴിയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വെട്ടിച്ച് കടക്കാനുള്ള അതിതീവ്രശേഷി ബി.1.1. 529 എന്ന വൈറസ് വകഭേദത്തിനുണ്ടെന്ന് മാത്രമല്ല എളുപ്പം പടര്‍ന്നുപിടിക്കാനും ശേഷിയുണ്ടെന്ന് ജോഹന്നാസ് ബര്‍ഗില്‍ നിന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ സാമ്പിളുകള്‍ സര്‍ക്കാര്‍ അംഗീകൃത ലാബിലേക്ക് പരിശോധനയ്ക്കയക്കുകയാണ്.
ഈ വകഭേദത്തിന് എളുപ്പം പടര്‍ന്നുപിടിക്കാനുള്ള ശേഷിയുണ്ട്. ആരോഗ്യരക്ഷാസംവിധാനത്തില്‍ അടുത്ത ഏതാനും നാളുകളിലും ആഴ്ചകളിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഈ വൈറസ് വകഭേദത്തിന് ശേഷിയുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വൈറോളജിസ്റ്റ് ടുലിയോ ഡെ ഒലിവെയ്റ പറഞ്ഞു. ആരോഗ്യവിദഗ്ധര്‍ ബി.1.1.529 വകഭേദത്തെക്കുറിച്ച് അപായമണി മുഴക്കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി രോഗം പകരുന്നത് തടയാന്‍ മുന്‍കയ്യെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: