ചാത്തന്നൂര്‍: സ്കൂള്‍ തുറന്നിട്ടും ചാത്തന്നൂര്‍ ടൗണില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കാതെ പോലീസും പഞ്ചായത്ത് അധികൃതരും. ദേശീയ പാതയിലടക്കം കുട്ടികള്‍ റോഡുകള്‍ മുറിച്ചുകടക്കുന്നത് ഏറെ ഭയപ്പാടോടെയാണ്. രാവിലെ ബസുകള്‍ എത്തിയാല്‍ അധ്യാപകരും നാട്ടുകാരും റോഡില്‍നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഏറെത്തിരക്കുള്ള കൊല്ലം- തിരുവനന്തപുരം ദേശീയപാത മുറിച്ചു കടന്ന് നിരവധി വിദ്യാര്‍ഥികളാണ് ഇവിടുത്തെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കും എല്‍.പി. സ്കൂളിലേക്കും എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്കൂളിലേക്കും എത്തുന്നത്. ദേശീയപാതയിലൂടെയും, ചാത്തന്നൂര്‍- കൊട്ടാരക്കര റോഡിലൂടെയും അമിതവേഗത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. മുന്നറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല.
ചാത്തന്നൂര്‍- കൊട്ടാരക്കര റോഡില്‍ വേഗത നിയന്ത്രിക്കാന്‍ അപകടമുന്നറിയിപ്പ് ബോര്‍ഡുകളും ഹമ്പും സ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതരോട് അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. ദേശീയപാതയില്‍ ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഇപ്പോള്‍ സേവനത്തിനായുള്ളത്. അടിയന്തരമായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് ചാത്തന്നൂര്‍ ജംഗ്ഷനില്‍ ഭയാശങ്ക കൂടാതെ റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: