കോഴിക്കോട്: ‘നായ പാത്തിയ കല്ലിന്മേല് ചന്ദനം പൂശിയ കേളപ്പാ ‘എന്ന് പരിഹസിച്ച കമ്മ്യൂണിസ്റ്റ് -മുസ്ലിം ധിക്കാരം തോറ്റമ്പിയ സമരവീര്യത്തിന് ഇന്ന് അമ്പത്തിമൂന്ന് വയസ്സ്. അങ്ങാടിപ്പുറം തളിക്ഷേത്രത്തില്‍ ആരാധന നടത്താനുള്ള അവകാശം നേടിയെടുത്തതിന്റെ ആഘോഷവാര്ഷികം അങ്ങാടിപ്പുറത്ത് ഇന്ന് വിവിധ പരിപാടികളോടെ നടക്കും. കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന സമരം അടിച്ചമര്ത്തിക്കളയാമെന്ന ഇഎംഎസ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് അന്ന് മുട്ടുമടക്കിയത്. വിഷവൈദ്യശാല നിസ്കാരപ്പള്ളിയാക്കി അതിന് സമീപത്ത് ക്ഷേത്രം പാടില്ലെന്ന നിലപാടുമായാണ് കമ്മ്യൂണിസ്റ്റുകളും മുസ്ലീം മതമൗലികവാദികളും അന്ന് കേളപ്പജിയെ എതിര്‍ത്തത്.
അനാഥമായിക്കിടന്ന തളി ക്ഷേത്രം വൃത്തിയാക്കി, 1968 ഒക്ടോബര്‍ 30ന് കേളപ്പജിയുടെ നേതൃത്വത്തില്‍ വിഗ്രഹവും പീഠവും വൃത്തിയാക്കാന്‍ ഭക്തജനങ്ങള്‍ തയാറായി. മുസ്ലിം നിസ്കാരപ്പള്ളിയുടെ പേര് പറഞ്ഞ് പോലിസ് ഭക്തജനങ്ങളെ തടഞ്ഞു. എന്നാല്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തില്‍ ആരാധനയ്ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് കേളപ്പജി സമരം പ്രഖ്യാപിച്ചു. പോലീസിനെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാനായി പിന്നെ സര്‍ക്കാരിന്റെ ശ്രമം. ക്ഷേത്രസ്ഥലം പുരാവസ്തു വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ ഉത്തരവിറക്കി.
നിരോധനാജ്ഞ ലംഘിച്ച് നൂറു കണക്കിന് സ്ത്രീകള്‍ സമരത്തിനിറങ്ങി. ലാത്തിച്ചാര്‍ജും അറസ്റ്റും പതിവായി. അറസ്റ്റ് ചെയ്യപ്പെട്ട കേളപ്പജി പോലീസ് സ്റ്റേഷനില്‍ നിരാഹാരമിരുന്നതോടെ കേരളം ഇളകി മറിഞ്ഞു. നിരോധനാജ്ഞ നീക്കാന്‍ മുന്‍സിഫ് കോടതിയുടെ വിധിയും തുടര്‍ന്ന് ഹൈക്കോടതി വിധിയും ഉണ്ടായതോടെ സര്‍ക്കാര്‍ മുട്ടുമടക്കി.
എം.പി മന്മഥന്, വി എം കൊറാത്ത്, തായാട്ട് ബാലന്, എ.വി.ശ്രീകണ്ഠപ്പൊതുവാള്‍, കെ.രാധാകൃഷ്ണമേനോന്, കെ.പി.കേശവമേനോന്, എ.വി. കുട്ടിമാളു അമ്മ, കെ.എ. ദാമോദരമേനോന്‍ തുടങ്ങിയ പ്രമുഖരും സമരത്തെ പിന്തുണച്ച് അങ്ങാടിപ്പുറത്ത് എത്തിയിരുന്നു. ആചാര്യ ജെ.ബി. കൃപലാനി, എ.ബി. വാജ്പേയി തുടങ്ങിയ പ്രമുഖരുടെയും പിന്തുണ. ടി.എന്‍ ഭരതന്, സി.പി. ജനാര്ദ്ദനന്, പി.വാസുദേവന്‍, എന്നിവരുടെ സമര സംഘാടനം. ലീലാ ദാമോദര മേനോന്, കെ.സി യശോദാ മാധവന്, സി.ടി. ഭാരതി, എം.ബി.ചിന്നമ്മാളു, യു. നാരായണിക്കുട്ടി, പി.ജാനകി, മാധവിയമ്മ, സി.ടി. രാധ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനിതാ സമര സേനാനികള്‍ സര്‍ക്കാരിന്റെ മര്‍ദ്ദനമുറകള്‍ക്കെതിരെ നടത്തിയ പോരാട്ടം കേരള ചരിത്രത്തിലെ സുപ്രധാന ഏടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: