തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ കൗണ്‍സില്‍ ചെയര്മാന് ഷിജു ഖാന് പൂര്‍ണ പിന്തുണയുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഷിജു ഖാന് വീഴ്ച സംഭവിച്ചതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്. നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ശിശുക്ഷേമ സമിതി ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ഷിജൂ ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
‘ശിശുക്ഷേമ സമിതി എന്തെങ്കിലും തെറ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയിലില്ല. ബുധനാഴ്ച കുടുംബ കോടതി ദത്തുമായി ബന്ധപ്പെട്ട വിധി പറഞ്ഞു. ആ വിധിയില്‍ സമിതിയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഷിജു ഖാന് സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് തിരുത്താന്‍ തയ്യാറായിട്ടില്ല.അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കം മുതലുള്ള സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാട്. മറ്റുകാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തെറ്റ്പറ്റിയതായി പാര്‍ട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല’- ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
അതേസമയം, കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് അനുപമ പ്രതികരിച്ചു. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണ്. ദത്ത് കേസില്‍ സമരം തുടരുമെന്നും, ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുപമ പറഞ്ഞു. കുഞ്ഞുള്ളത് കൊണ്ട് സമരരീതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: