മാനന്തവാടി: എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനിയും അവരുടെ ഗര്‍ഭസ്ഥ ശിശുവും ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലെ ദുരൂഹത വര്‍ധിക്കുന്നു. മരണത്തിനു പിന്നില്‍ ഓട്ടോഡ്രൈവറായ റഹീമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇയാള്‍ മരണത്തിനു പിന്നാലെ ഒളിവിലാണ്. മരിക്കുമ്പോള്‍ റിനി അഞ്ചു മാസം ഗര്‍ഭിണായായിരുന്നു. വിഷം കലര്‍ന്ന ജ്യൂസ് കുടിച്ചതാണ് മരണത്തിനു കാരണമെന്നാണ് ആദ്യ സൂചന. ഈ മാസം 18നു മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിനിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നു 19നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20നു രാവിലെ ഗര്‍ഭസ്ഥ ശിശുവും പിന്നാലെ മാതാവും മരണത്തിനു കീഴടങ്ങുകയായിരുന്നു. വിവാഹമോചന കേസില്‍ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണു യുവതി ഗര്‍ഭിണിയാകുന്നത്. റിനിയുമായി റഹീം കോഴിക്കോട് അടക്കം പലയിടങ്ങളിലും കൊണ്ടു പോയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. വിവാഹമോചനത്തിനുള്ള രേഖകള്‍ ശരിയാക്കാം എന്നു പറഞ്ഞാണ് പലയിടത്തും റിനിയെയും ബന്ധുക്കളേയും ഇയാള്‍ കോഴിക്കോട് കൊണ്ടുപോയത്. എന്നാല്‍, ലോഡ്ജില്‍ ബന്ധുക്കളെ പൂട്ടിയിട്ട ശേഷം റിനിയുമായി ഇയാള്‍ മണിക്കൂറുകളോളം എവിടെയോ പോകാറുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തില്‍ ശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ടും ലഭിച്ചാലേ സംഭവത്തിലെ ദുരൂഹത നീക്കാനാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനിടെ റിനിയുടെ വീടും പരിസരവും പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കി. ശാസ്ത്രീയ തെളിവെടുപ്പും ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: