തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ സര്‍വീസ് കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി. ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനുമുൻപ് വിരമിക്കുന്നവർക്കു വേണമെങ്കിൽ സ്വമേധയാ സ്ഥാനം ഒഴിയാം.
പുതുക്കിയ കാലാവധി അനുസരിച്ച് 2023 ജൂണ്‍ മുപ്പത് വരെ അദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവിയായി തുടരാം. കഴിഞ്ഞ ജൂണ്‍ മുപ്പതിന് ലോക്നാഥ് ബഹ്റ വിരമിച്ച ഒഴിവിലേക്ക് അനില്‍കാന്തിനെ ഡി ജി പിയായി നിയമിക്കുന്നത്.
ഡിജിപിയായി നിയമിക്കുന്ന അവസരത്തില്‍ ഏഴു മാസം മാത്രമായിരുന്നു അദ്ദേഹത്തിന് സര്‍വീസില്‍ ബാക്കിയുണ്ടായിരുന്ന കാലാവധി. എഡിജിപി തസ്തികയില്‍ നിന്നുമാണ് അനില്‍കാന്ത് ഡിജിപി കസേരയില്‍ എത്തുന്നത്. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പോലീസിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അനില്‍കാന്ത്.
ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ പൂര്‍ത്തിയാക്കിയ ശേഷമാണ് അനില്‍ കാന്ത് സിവില്‍ സര്‍വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂദൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി.
മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: