ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉള്ളുവെന്ന് ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗത്തിന്റെ വ്യാപനവും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവുമാണ് വാക്സിന്റെ ഫലപ്രാപ്തി കുറയാന്‍ കാരണം.
ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം കോവാക്സിന് 77 ശതമാനം ഫലപ്രാപ്തിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അന്തിമ പഠനം പൂര്‍ത്തിയായതോടെ കോവാക്സിന് 50 ശതമാനം ഫലപ്രാപ്തി മാത്രമേയുള്ളു എന്ന് കണ്ടെത്തി. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന് ഉപയോഗിക്കാനാണ് അനുമതി. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീന് ഈ മാസം തുടക്കത്തിലാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്.
ന്യൂദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഏപ്രില്‍ 15 നും മെയ് 15 നും ഇടയിലാണ് പഠനം നടത്തിയത്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായവരും, രോഗലക്ഷണങ്ങള്‍ ഉള്ളവരും പഠനത്തിന്റെ ഭാഗമായിരുന്നു. വാക്സിന് ഫലപ്രാപ്തി വികസിപ്പിക്കാന്‍ കുറഞ്ഞത് 14 ദിവസം എടുക്കും. പരമാവധി ഫലപ്രാപ്തി കൈവരിക്കുന്നതിന് പൂര്‍ണ്ണമായ രണ്ട് ഡോസുകള്‍ എടുക്കണം. എന്നാല്‍ രണ്ട് ഡോസ് എടുത്താലും കോവാക്സീന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 50 ശതമാനം ഫലപ്രാപ്തിയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: