പൊന്‍കുന്നം: പമ്പയില്‍ നിന്ന് കോട്ടയത്തേക്കുള്ള രാത്രി ബസ്സുകളില്‍ കുമളിക്ക് പോകേണ്ട അയ്യപ്പഭക്തരെ കബളിപ്പിച്ച് കെഎസ്ആര്‍ടിസി. കുമളിക്ക് പോകേണ്ട 33 സ്വാമിമാരെ പൊന്‍കുന്നത്ത് നിന്ന് ബസ്സ് കിട്ടുമെന്നറിയിച്ച് കയറ്റിയ ജീവനക്കാര്‍ ഇവരെ രാത്രി 10ന് പൊന്‍കുന്നത്ത് ഇറക്കി. എന്നാല്‍ പൊന്‍കുന്നത്ത് നിന്ന് ബസ്സുള്ളത് അടുത്തദിവസം രാവിലെ മാത്രം. ബസ്സില്ലെന്ന് അറിഞ്ഞിട്ടും കോട്ടയം ടിക്കറ്റ് തുക ലഭിക്കുമെന്നതിനാല്‍ ഇവരെ കയറ്റുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥിതിയായിരുന്നു.
ഭക്ഷണത്തിന് പോലും സൗകര്യം ലഭിക്കാതെ വലഞ്ഞ അയ്യപ്പഭക്തര്‍ക്ക് ആദ്യം തുണയായത് പൊന്‍കുന്നം പോലീസിന്റെ സഹകരണത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന സേവാകേന്ദ്രം. ഇവിടെ സേവനത്തിലുണ്ടായിരുന്ന അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ തങ്ങള്‍ക്കുണ്ടാക്കിയ ഭക്ഷണം സ്വാമിമാര്‍ക്ക് നല്കി. പിന്നീട് സമീപ ഡിപ്പോകളിലെല്ലാം ബസ് സൗകര്യം തേടിയിട്ടും ലഭ്യമായില്ല. പിന്നീട് ഇവര്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിളിച്ച് സഹായം തേടി. മന്ത്രി കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ട് അയ്യപ്പന്മാര്ക്ക് ബസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി.
എരുമേലിയില്‍ നിന്ന് ബസ് എത്തുമെന്നറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സന്നദ്ധപ്രവര്‍ത്തകരും ഓട്ടോതൊഴിലാളികളും പൊന്‍കുന്നം ഡിപ്പോയിലെത്തി പ്രതിഷേധം അറിയിച്ചു. രാത്രി 12ന് വഴിക്കടവ് റൂട്ടിലെ സര്‍വീസ് കഴിഞ്ഞെത്തിയ ജീവനക്കാര്‍ സേവനസന്നദ്ധരായതോടെ തീര്‍ഥാടകരെ എരുമേലിയിലെത്തിച്ചു. ഡ്രൈവര്‍ ബിജു, കണ്ടക്ടര്‍ താഴത്തേടത്ത് ശ്രീജിത്ത് എന്നിവര്‍ സേവനത്തിന് തയ്യാറായതോടെയാണ് പരിഹാരമുണ്ടായതെന്ന് അയ്യപ്പസേവാസംഘം ഭാരവാഹി പി.പ്രസാദ് പറഞ്ഞു. പിന്നീട് എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് തീര്‍ഥാടകര്‍ക്കായി കുമളിയിലേക്ക് ബസ് അയക്കുകയായിരുന്നു.
കോട്ടയം ഡിപ്പോയില്‍ നിന്ന് രാത്രി ബസ്സില്ലെന്ന് അറിയാമെങ്കിലും അയ്യപ്പന്മാരെ കബളിപ്പിച്ച് കോട്ടയം ടിക്കറ്റ് ചാര്‍ജ് വാങ്ങി പൊന്‍കുന്നത്ത് ഇറക്കുന്ന നടപടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.കെഎസ്ആര്‍ടിസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: