ന്യൂദല്‍ഹി: തീവ്രവാദത്തിന് തിരിച്ചടി നല്കുന്നതില് ബിജെപി സര്‍ക്കാരാണ് മികച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. അതിന് ഉദാഹരണമാണ് പുല്‍വാമയും സുന്ജവാനുമെന്നും അവര്‍ വിശദമാക്കി.
വിമത കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി 26/11 മുംബൈ ഭീകരാക്രമണത്തോടുള്ള പ്രതികരണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ദുര്‍ബലമായിരുന്നു എന്ന് തന്റെ പുതിയ പുസ്തകത്തില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വിവാദപരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്. ’10 ഫ്ളാഷ് പോയിന്റ്സ്; 20 വര്‍ഷങ്ങള്‍- ഇന്ത്യയെ ബാധിച്ച ദേശീയ സുരക്ഷാ സാഹചര്യങ്ങള്‍’ (10 Flash Points; 20 Years – National Security Situations that Impacted India) എന്ന മനീഷ് തിവാരിയുടെ പുസ്തകത്തിലാണ് അദ്ദേഹം തീവ്രവാദത്തോട് പ്രതികരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ബലമായിരുന്നു എന്ന വിമര്‍ശനം ഉയര്‍ത്തിയത്.
‘ആരുടെ ഭരണത്തിന്‍കീഴിലായിരുന്നു 26/11 ആക്രമണം നടന്നത്? ആരായിരുന്നു ആ സമയത്ത് അധികാരത്തില്‍? ഇതുപോലുള്ള സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ നാളുകളില്‍ നാട്യങ്ങളില്ലാത്ത നേതൃത്വത്തില്‍ കരുത്തുറ്റ തീരുമാനങ്ങള്‍ എടുത്തിരുന്നു. പുല്‍വാമയായാലും സുന്ജവാനായാലും സേനയെ മുഴുവന്‍ വിശ്വാസത്തിലെടുത്തു. സേനയ്ക്ക് മുഴുവന്‍ അധികാരവും കൊടുത്തു. ഈ സാഹചര്യങ്ങളില്‍ ഇന്ത്യ പ്രതികരിച്ച കരുത്തുറ്റ രീതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് കണ്ടില്ല,’ – നിര്‍മ്മല സീതാരാമന് പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പ്രതിരോധമേഖലയില്‍ ചെലവ് ചുരുക്കണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. പകരം വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നീ മേഖലകളില്‍ കൂടുതല്‍ ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതുവഴി ദാരിദ്ര്യം തുടച്ചുനീക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
‘ഇത് (മണിശങ്കര്‍ അയ്യരുടെ പ്രസ്തവന ) പ്രതികരണമര്ഹിക്കുന്നോ എന്ന് ഞാന്‍ ആലോചിച്ചു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് പ്രധാനമല്ലേ? ഞങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ സംരക്ഷിക്കണം. അവരുടെ പത്ത് വര്‍ഷത്തെ ഭരണകാലത്ത് അത് ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഈ വിടവ് ഞങ്ങള്‍ നികത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ പ്രതിരോധമന്ത്രാലയം ഉറക്കത്തിലായിരുന്നുവെന്ന് നേരത്തെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങല്‍ ഇതെല്ലാം പരിഹരിക്കാന്‍ പ്രതിരോധത്തിനായി ചെലവ് ചെയ്തുകൊണ്ടേയിരിക്കുകയാണ്.’ മണിശങ്കര്‍ അയ്യര്‍ക്ക് പ്രതികരണമെന്നോണം നിര്‍മ്മല സീതാരാമന് പറഞ്ഞു.
നിഷ്കളങ്കരായ നൂറുകണക്കിന് ഇന്ത്യക്കാരെ നീചമായി കശാപ്പ് ചെയ്ത പാകിസ്ഥാനെതിരെ നിയന്ത്രണം പാലിക്കുന്നത് കരുത്തിന്റെ അടയാളമല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി തന്റെ പുസ്തകത്തില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. ‘അത് ദൗര്‍ബല്യത്തിന്റെ പ്രതീകമായി മാത്രമേ കാണാനാവൂ. നടപടികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. 26/11 മുംബൈ ഭീകരാക്രമണം ഇതുപോലെ പ്രതികരിക്കേണ്ട ഒരു ഘട്ടമായിരുന്നു. ഇന്ത്യയുടെ 9/11 സംഭവിച്ചപ്പോള്‍ കുറെക്കൂടി ഊര്‍ജ്ജസ്വലമായി ഇന്ത്യ പ്രതികരിക്കേണ്ടതായിരുന്നു,’ – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി വിവാദ പുസ്തകത്തില്‍ എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: