ന്യൂദല്‍ഹി: ഗാല്‍വന്‍ താഴ്വരയില് ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിനെതിരെ പൊരുതി വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തരബഹുമതിയായി മഹാവീര്‍ ചക്ര സമ്മാനിച്ചു.
സന്തോഷ് ബാബുവിന്റെ അമ്മയും ഭാര്യയും രാഷ്ട്രപതി രാം കോവിന്ദില്‍ നിന്നാണ് ചൊവ്വാഴ്ച പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ രാജ്യം ആദരിച്ചത് ധീരതയുടെ പര്യായമായി വീരമൃത്യു വരിച്ച കേണലിനെ. അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ കേണല്‍ സന്തോഷ് ബാബുവിന്റെ തളരാത്ത ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സൈനികരെ ഉറച്ചുനിന്ന് പൊരുതാന്‍ പ്രേരിപ്പിച്ചത്. ചൈനീസ് സൈന്യവും കേണല്‍ സന്തോഷ് ബാബുവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒരു നിമിഷം പതറിപ്പോയി. ഓപ്പറേഷന് സ്നോ ലെപേര്‍ഡ് പദ്ധതിയുടെ ഭാഗമായി ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ നിരീക്ഷണ പോസ്റ്റ് സ്ഥാപിച്ചതും സന്തോഷ് ബാബുവിന്റെ ധീരത ഒന്നുകൊണ്ട് മാത്രം.
16ാമത് ബീഹാര്‍ റെജിമെന്റിലെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു കേണല്‍ ബികുമല്ല സന്തോഷ് ബാബുവെന്ന് മഹാവീര്‍ ചക്രയോടൊപ്പമുള്ള പ്രശംസാപത്രത്തില്‍ പറയുന്നു. ചെനീസ് സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് സ്ഥിതിവിശേഷങ്ങള്‍ സ്വന്തം ടീമിനെ അറിയിച്ച് വിദഗ്ധമായ ആസൂത്രണത്തോടെ സന്തോഷ് ബാബു ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ അറിയാന്‍ അവരുടെ കണ്മുന്നില് തന്നെ നിരീക്ഷണപോസ്റ്റ് സ്ഥാപിച്ചതായും പ്രശംസാപത്രം പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സംഘം ചൈനക്കാരില്‍ നിന്നും നല്ല പ്രതിരോധം നേരിടേണ്ടിവന്നു. അവര്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണപോസ്റ്റിലെ സംഘത്തിനെതിരെ കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളും എറിഞ്ഞു. ഇതുകൊണ്ടെല്ലാം പരിക്കേറ്റ് ചോര വാര്‍ന്നൊലിക്കുമ്പോഴും കേണല്‍ സന്തോഷ് ബാബു തിരിഞ്ഞോടുകയല്ല, മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. മറ്റ് സംഘാംഗങ്ങള്‍ക്ക് സന്തോഷിന്റെ നിശ്ചയദാര്‍ഡ്യം പോര്‍ക്കളത്തില്‍ ഉറച്ചുനില്ക്കാന് പ്രചോദനമായി.
മാരകമായി മുറിവേറ്റിട്ടും സന്തോഷ് ബാബു കുലുങ്ങിയില്ല. തന്റെ കമാന്‍ഡിനെ മുന്നില്‍ നിന്ന് ധീരതയോടെ നയിച്ചു. പ്രതികൂല സാഹചര്യമായിട്ടുകൂടി തങ്ങളുടെ സ്ഥാനത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ചെറുത്തു. ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ, തിരിഞ്ഞോടാതെ ചൈനീസ് സൈനികരുമായി ഏറ്റുമുട്ടാന്‍ ടീമംഗങ്ങളെ പ്രചോദിപ്പിക്കാനും സന്തോഷ് ബാബുവിന് സാധിച്ചെന്ന് പ്രശംസാപത്രം വാഴ്ത്തുന്നു. രാജ്യത്തിന് വേണ്ടി അതുല്യമായ ത്യാഗം നിര്‍വ്വഹിച്ച പോരാളിയെന്നാണ് കേണല്‍ സന്തോഷ് ബാബുവിനെ പ്രശംസാപത്രം വിശേഷിപ്പിക്കുന്നത്.
2020 മെയ് മാസം മുതലാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് ഇന്ത്യയും ചൈനയും ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പാംഗോംഗ് തടാകതീരത്ത് കാര്യമായ ഏറ്റുമുട്ടലുണ്ടായി. ആയുധ സജ്ജീകരണത്തോടെ ഇരുരാജ്യങ്ങളും ആയിരക്കണക്കിന് പട്ടാളക്കാരെ പിന്നീട് വിന്യസിച്ചു. സമ്മര്‍ദ്ദം ഏറി. പിന്നീലാണ് ജൂണില്‍ ഗാല്‍വന്‍ താഴ് വരയില്‍ ഇരുസൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക, നയതന്ത്ര ചര്‍്ച്ചകളെ തുടര്‍ന്ന് പാംഗോംഗ് തടാകത്തിലെ തെക്ക് വടക്ക് തീരങ്ങളില്‍ നിന്നും ഗോഗ്ര പ്രദേശത്ത് നിന്നും ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. എന്നാല്‍ ഒക്ടോബറില്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. വീണ്ടും 14ാം റൗണ്ട് ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് ഇരുരാജ്യങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: