ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തിയ ബിസിസി ഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് ഗൗരവ് ഗോയല്‍.
ഈ തീരുമാനം നിയമവിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ഗൗരവ് ഗോയല്‍ ആവശ്യപ്പെട്ടു. ‘ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം ബിസിസി ഐ ഈയിടെ ഉള്‍പ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. നിങ്ങളുടെ ഭക്ഷണചര്യയില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്താന്‍ ആരാണ് അവകാശം തന്നത്?’- ഗൗരവ് ഗോയല്‍ ചോദിച്ചു.
‘എന്താണ് ഹലാല്‍ എന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഇത് നിമയവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ തീരുമാനം എടുക്കാന്‍ ബിസിസിഐയെ രാജ്യം ഒരിയ്‌ക്കലും സമ്മതിക്കില്ല. ഈ തീരുമാനം ഉടനടി പിന്‍വലിക്കണം. ഈ തീരുമാനം രാജ്യത്തിന് ഗുണകരമായി മാറില്ല,’ ഗൗരവ് ഗോയല്‍ പറഞ്ഞു.
റിപ്പോര്‍ട്ടനുസരിച്ച് ബിസിസിഐ പുരുഷക്രിക്കറ്റ് ടീമിനെ പോത്തിറച്ചിയും പന്നിമാംസവും കഴിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. അതേ സമയം കളിക്കാര്‍ തന്നെ ഹലാല്‍ രൂപത്തിലുള്ള മാംസം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹലാല്‍ ഒഴികെയുള്ള എല്ലാ രൂപത്തിലുള്ള മാംസവും നിരോധിച്ച ബിസിസി ഐയുടെ തീരുമാനത്തെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരുന്നു. ഹലാല്‍ മാംസം ഭക്ഷിക്കുന്നത് ഹിന്ദുക്കള്‍ക്ക് നിഷിദ്ധമാണെന്നും അത് മതത്തിനെതിരാണെന്നും ആയിരുന്നു വിമര്‍ശനം. രണ്ട് തരത്തില്‍ മൃഗങ്ങളെ അറക്കാം. അതില്‍ ഒന്ന് ഹലാല്‍ രീതിയാണ്. ഒരല്‍പം അറുത്ത് മൃഗങ്ങളെ സാവധാനത്തില്‍ ചോരവാര്‍ന്ന് മരിക്കാന്‍ അനുവദിക്കുന്നതാണ് ഹലാല്‍ രീതി. മറ്റൊന്ന് ജട്ക രീതിയാണ്. ഇത് ഒറ്റ വെട്ടിന് കൊല്ലുന്ന രീതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: