പുത്തൂര്‍: കുളക്കട പഞ്ചായത്തിലെ ഡ്രൈവര്‍ രഞ്ജിത്ത് പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭരണ സമിതിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍.
സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് രഞ്ജിത്തിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് അമ്മയും ഭാര്യയും നേരത്തെ പരാതി നല്‍കിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ ഉള്‍പ്പെട്ട ആളുകളുടെ വാഹന ദുരുപയോഗവും ക്രമക്കേടുകളും രഞ്ജിത്തിന്റെ മേല്‍ ചുമത്തി രക്ഷപെടാനുള്ള നീക്കം നടത്തിയിരുന്നു. ഇത് രഞ്ജിത്തില്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
അടുത്തിടെ പഞ്ചായത്ത് ഓഡിറ്റിങ്ങില്‍ ലോഗ് ബുക്ക് ഓഡിറ്റിനായി എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അതിനായി പഞ്ചായത്തില്‍ നിന്നും നിരന്തരം സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്. കൊവിഡ് വന്നപ്പോള്‍ അവധിയെടുത്ത രഞ്ജിത്തിനെ തിരികെ എടുക്കാന്‍ ആദ്യം ഭരണസമിതി തയ്യാറായിരുന്നില്ല. പിന്നീട് എടുത്തെങ്കിലും പറഞ്ഞുവിടുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ രഞ്ജിത്ത് വലിയ വിഷമത്തിലായിരുന്നു. സിപിഎം ഭരണ സമിതിയിലെ ചേരിതിരിവിന്റെ ഭാഗമായി പഞ്ചായത്തിലെ മിനിട്സ് ബുക്ക് കാണാതായ സംഭവവും രഞ്ജിത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഭരണ സമിതി ശ്രമിച്ചത്. രഞ്ജിത്തിന്റെ മരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. 13 വര്‍ഷമായി താത്ക്കാലിക ഡ്രൈവറായി ഇവിടെ ജോലി നോക്കുകയായിരുന്ന രഞ്ജിത്തിനെ കഴിഞ്ഞ ദിവസമാണ് പഞ്ചായത്തോഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: