ഭോപാല്‍: ആദിവാസികള്‍ കൂടുതലായി ഉപയോഗിക്കുന്ന മഹുവയില്‍നിന്ന് ഉല്പാദിപ്പിക്കുന്ന മദ്യം നിയമപരമാക്കി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. മഹുവ വൃക്ഷത്തിന്റെ പൂവില്‍ നിന്നാണ് മദ്യം ഉണ്ടാക്കുന്നത്. ആദിവാസികള്‍ക്കാണ് പരമ്പരാഗതമായ ഈ മദ്യം ഉല്പാദിപ്പിക്കാനും വില്‍ക്കാനും അനുമതിയുള്ളത്. പൈതൃക മദ്യം ആയിട്ടാകും ഇവ വില്‍ക്കുന്നത്. ഇതിനായി പുതിയ മദ്യനയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
സ്വാതന്ത്ര്യ സമരസേനാനിയും ആദിവാസി നേതാവുമായിരുന്ന ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15ന് ജന്‍ജാതീയ ഗൗരവ് ദിവസ് ആയി ആചരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാസമ്മേളനവും ഇതിന്റെ ഭാഗമായി ഭോപാലില്‍ നടന്നു.
രാമനഗര്‍ മണ്ഡലയില്‍ ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ആദിവാസികള്‍ക്കായി പ്രഖ്യാപനങ്ങള്‍ നടത്തിയത്. കമ്മ്യൂണിറ്റി വനങ്ങള്‍ നിയന്ത്രിക്കാനുള്ള അവകാശവും ആദിവാസികള്‍ക്ക് നല്‍കും. മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്നും തടിയുടെയും പഴങ്ങളുടെയും അവകാശം അവര്‍ക്ക് ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി അവാസിയ ഭൂഅധികാര് യോജന പ്രകാരം അവര്‍ക്കു താമസ ഭൂമിയുടെ അവകാശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആദിവാസികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകളും മറ്റു ഗുരുതരമല്ലാത്ത കേസുകളും പിന്‍വലിക്കും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആദിവാസി സമൂഹത്തിന് വീട് നിര്‍മിക്കുന്നതിന് സൗജന്യമായി മണല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 89 ആദിവാസി വികസന ബ്ലോക്കുകളില്‍ ‘റേഷന്‍ ആപ്കെ ഗാവ്’ പദ്ധതിയും ആരംഭിച്ചു. ഇതുപ്രകാരം ഗ്രാമങ്ങളില്‍ റേഷന്‍ വാഹനങ്ങള്‍ വഴി വിതരണം നടത്തും. ആദിവാസി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജാമ്യത്തില്‍ ബാങ്കുകള്‍ വഴി വായ്പ നല്‍കും. ഇതുവഴി റേഷന്‍ വിതരണത്തിനുള്ള വാഹനങ്ങള്‍ വാങ്ങും. ഇതിനായി കുറച്ച് പണം സര്‍ക്കാരും നല്‍കും. പ്രതിമാസം 26,000 രൂപ ഓരോ വാഹനത്തിനും വാടകയായി സര്‍ക്കാര്‍ നല്‍കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: