തൊടുപുഴ: സാമൂഹ്യമാധ്യമം വഴി യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ യുവാവിനെ ബന്ധുക്കളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കണ്ടെത്തി. കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാളിയാര്‍ മറ്റത്തില്‍ അനുജിത്ത് മോഹനന്(21), സഹോദരന് അഭിജിത്ത് മോഹനന്(21), കോതമംഗലം തങ്കളം വാലയില്‍ ജിയോ കുര്യാക്കോസ്(33), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ അഷ്കര്‍ സിദ്ദിഖ്(23) എന്നിവരാണ് പിടിയിലായത്.
അനുജിത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ഉടുമ്പന്നൂര്‍ സ്വദേശിയായ 23കാരന് മര്‍ദ്ദനമേറ്റത്. രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 19നായിരുന്നു സംഭവം. അനുജിത്തിന്റെ ഭാര്യയ്ക്ക് യുവാവ് വ്യാജ ഐഡിയില്‍ നിന്നാണ് അശ്ലീല സന്ദേശം അയച്ചത്. തുടര്‍ന്ന് പ്രതികള്‍ സോഷ്യല്‍മീഡിയ വഴി യുവാവിനെ കണ്ടെത്തി തൊടുപുഴയിലേക്ക് വിളിച്ച് വരുത്തി. കാറില്‍ കയറ്റി കൊണ്ടു പോയി കോലാനി, മണക്കാട്, കാളിയാര്‍, ഏഴല്ലൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ കറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി.
യുവാവിനെയുമായി രാത്രി കാറില്‍ കറങ്ങിയ പ്രതികള്‍ ശനിയാഴ്ച രാവിലെ ഇയാളെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ തങ്ങള്‍ പിടികൂടുകയായിരുന്നെന്നും ഹാജരാക്കാന്‍ കൊണ്ടു വന്നതാണെന്നും ഇവര്‍ പറഞ്ഞു. യുവാവിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഡോക്ടറോട് ഇയാള്‍ മര്‍ദ്ദന വിവരം പറഞ്ഞത്. പരിശോധനയില്‍ ക്രൂര മര്‍ദ്ദനവും പീഡന ശ്രമം നടന്നതായും തെളിഞ്ഞു. ഇതേതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: