തൃശ്ശൂര്‍: ജന്മനാ കുനിഞ്ഞ് നടന്നിരുന്ന ജിത്തുവിന് ഇനി നിവര്‍ന്ന് നടക്കാം. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നട്ടെല്ല് നിവര്‍ത്തുന്ന സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ലക്ഷങ്ങള്‍ ചെലവേറിയ ചികിത്സ കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് സൗജന്യമായാണ് ലഭിച്ചത്.
വടക്കുംചേരി സ്വദേശിയായ പതിമൂന്നുകാരന്റെ വളഞ്ഞ നട്ടെല്ല് നിവര്‍ത്തുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കി. പാലക്കാട് വടക്കുംചേരി കമ്മാന്ത്ര കിഴക്കേ വീട്ടില്‍ ഷണ്‍മുഖന്റെ മകന്‍ ജിത്തു(13)വിന്റെ ജന്മനാ ഉണ്ടായിരുന്ന നട്ടെല്ലിലുള്ള വളവാണ് ഒന്‍പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നിവര്‍ത്തിയത്. ആരോഗ്യം വീണ്ടെടുത്ത ജിത്തു ഒരാഴ്ചത്തെ ഫിസിയോതെറാപ്പി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി.
സ്വകാര്യ മേഖലയില്‍ 6 മുതല്‍ 8 ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയയാണു കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയ ബാല്‍ സ്വാസ്ഥ്യ പദ്ധതിയില്‍ (ആര്‍ബിഎസ്‌കെ) ഉള്‍പ്പെടുത്തി സൗജന്യമായി ആശുപത്രിയില്‍ നടത്തിയത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. ജിതിന്‍, ഡോ. ജിയോ സെനില്‍, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂര്‍, അനസ്തീഷ്യ വിഭാഗത്തിലെ ഡോ.എം. സുനില്‍, ഡോ. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: